
ടെസ്റ്റ് ക്രിക്കറ്റിലേക്കുള്ള മടങ്ങിവരവിനെക്കുറിച്ച് സംസാരിച്ച് ഇംഗ്ലണ്ട് പേസർ ജൊഫ്ര ആർച്ചർ. ലോഡ്സിലെ പോലുള്ള മത്സരങ്ങൾ ടെസ്റ്റ് ക്രിക്കറ്റിനെ കൂടുതൽ ആസ്വാദ്യകരമാക്കുന്നുവെന്നാണ് ആർച്ചറുടെ വാക്കുകൾ. മുൻ വർഷങ്ങളിൽ താൻ ശരിയായ പാതയിലാണ് സഞ്ചരിച്ചതെന്നും ആർച്ചർ പറയുന്നു.
'ഈ മത്സരങ്ങൾ ടെസ്റ്റ് ക്രിക്കറ്റിനെ കൂടുതൽ ആസ്വാദ്യകരമാക്കുന്നു. എല്ലാ ടെസ്റ്റ് മത്സരങ്ങളും ഇത്രയധികം ആസ്വദിക്കാൻ കഴിയുമെന്ന് പറയാൻ കഴിയില്ല. എങ്കിലും ഒരു ടെസ്റ്റ് മത്സരം ജയിക്കുന്നത് ഒരു ടി20യോ ഏകദിനമോ ജയിക്കുന്നതിനേക്കാൾ മികച്ച അനുഭവമാണെന്ന് എനിക്ക് പറയാൻ കഴിയും.' ഇന്ത്യയ്ക്കെതിരായ മൂന്നാം ടെസ്റ്റ് വിജയത്തിന് പിന്നാലെ ആർച്ചർ പറഞ്ഞു.
ടെസ്റ്റ് ക്രിക്കറ്റിൽ നാല് വർഷത്തെ ഇടവേളയിൽ തനിക്ക് പിന്തുണ നൽകിയവരെക്കുറിച്ചും ആർച്ചർ സംസാരിച്ചു. 'സമയം ഒരുപാട് വേഗത്തിൽ കടന്നുപോയതുപോലെ തോന്നുന്നു. ടെസ്റ്റ് ക്രിക്കറ്റാണ് ഒരുപക്ഷേ തിരിച്ചുവരാൻ കൂടുതൽ സമയമെടുത്തത്. കഴിഞ്ഞ ഒന്നര-രണ്ട് വർഷമായി ക്രിക്കറ്റ് കളിക്കുകയായിരുന്നു. കൃത്യമായ പാതയിലാണ് സഞ്ചരിച്ചതെന്ന് ഞാൻ കരുതുന്നു,' ആർച്ചർ വ്യക്തമാക്കി.
ഇന്ത്യയ്ക്കെതിരെ ലോഡ്സിൽ നടന്ന മൂന്നാം ടെസ്റ്റോടെയാണ് ജൊഫ്ര ആർച്ചർ ടെസ്റ്റ് ക്രിക്കറ്റിലേക്ക് മടങ്ങിവന്നത്. നാല് വർഷത്തിന് ശേഷമായിരുന്നു ഇംഗ്ലണ്ട് ടെസ്റ്റ് ടീമിലേക്ക് ആർച്ചർ മടങ്ങിയെത്തിയത്. മത്സരത്തിന്റെ രണ്ട് ഇന്നിങ്സിലുമായി അഞ്ച് വിക്കറ്റുകൾ വീഴ്ത്തി ലോഡ്സിലെ ഇംഗ്ലണ്ട് വിജയത്തിൽ നിർണായക സാന്നിധ്യമാകാനും ആർച്ചറിന് സാധിച്ചു.
Content Highlights: Archer is about the return to Test cricket after four years