പൃഥ്വിയുടെ ഒരു പക്കാ മാസ് കൊമേർഷ്യൽ പടമാകുമോ ഇത്? വൈശാഖ് ചിത്രം 'ഖലീഫ' ആരംഭിച്ചു

15 വര്‍ഷത്തിന് ശേഷം വൈശാഖും പൃഥ്വിരാജും വീണ്ടുമൊന്നിക്കുന്ന സിനിമയാണ് ഖലീഫ

dot image

സൂപ്പർ ഹിറ്റ് ചിത്രം ടർബോയ്ക്ക് ശേഷം വൈശാഖ് ഒരുക്കുന്ന സിനിമയാണ് ഖലീഫ. ഒരു ബിഗ് ബജറ്റ് ആക്ഷൻ ചിത്രമായി ഒരുങ്ങുന്ന സിനിമയുടെ പൂജയും സ്വിച്ച് ഓണും കഴിഞ്ഞു. അണിയറപ്രവർത്തകർക്കൊപ്പമുള്ള ചിത്രങ്ങളും നിർമാതാക്കൾ പുറത്തുവിട്ടു.

ആഗസ്റ്റ് ആറിന് ലണ്ടനിൽ സിനിമയുടെ ചിത്രീകരണം ആരംഭിക്കും. 15 വര്‍ഷത്തിന് ശേഷം വൈശാഖും പൃഥ്വിരാജും വീണ്ടുമൊന്നിക്കുന്ന സിനിമയാണ് ഖലീഫ. വൈശാഖിന്റെ ആദ്യ സിനിമയായ 'പോക്കിരിരാജ'യിൽ മമ്മൂട്ടിക്കൊപ്പം പൃഥ്വിയും ഒരു പ്രധാന നായക കഥാപാത്രമായി എത്തിയിരുന്നു. ആമിര്‍ അലി എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ പൃഥ്വിരാജ് അവതരിപ്പിക്കുന്നതെന്നാണ് റിപ്പോർട്ട്. ജിനു വി എബ്രഹാം ആണ് ചിത്രത്തിന്‍റെ രചയിതാവ്. ആദം ജോൺ, ലണ്ടൻ ബ്രിഡ്ജ്, മാസ്റ്റേഴ്സ്, കാപ്പ എന്നീ സിനിമകൾക്ക് ശേഷം ജിനുവും പൃഥ്വിരാജും വീണ്ടും കൈകോർക്കുന്ന സിനിമയാണിത്.

ജേക്സ് ബിജോയ് ആണ് ഖലീഫയ്ക്ക് സംഗീതം ഒരുക്കുന്നത്. ചമൻ ചാക്കോ എഡിറ്റിംഗും ജോമോൻ ടി ജോൺ ഛായാഗ്രഹണവും നിർവഹിക്കുന്നു. ചിത്രത്തിലെ മറ്റു അണിയറപ്രവർത്തകരെക്കുറിച്ചും താരങ്ങളെക്കുറിച്ചുമുള്ള വിവരങ്ങൾ നിർമാതാക്കൾ വഴിയേ പുറത്തുവിടും. സിനിമയുടെ അനൗൺസ്‌മെന്റ് പോസ്റ്റർ നേരത്തെ പുറത്തുവിട്ടിരുന്നു. കൈകൊണ്ട് മുഖം മറച്ച തരത്തിലുള്ള പൃഥ്വിരാജിനെയാണ് പോസ്റ്ററിൽ കാണാനാകുന്നത്. ജിനു എബ്രഹാം ഇന്നോവേഷൻസ് ആണ് സിനിമ നിർമിക്കുന്നത്.

അതേസമയം, ബോളിവുഡ് ചിത്രമായ സര്‍സമീൻ ആണ് ഇനി പൃഥ്വിരാജിന്റേതായി പുറത്തിറങ്ങാനുള്ളത്. ചിത്രം ജൂലൈ 25 ന് ജിയോഹോട്ട്സ്റ്റാറിലൂടെ പുറത്തിറങ്ങും. കജോളും ഇബ്രാഹിം അലി ഖാനും സിനിമയിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. അതേസമയം, രാഷ്ട്രത്തിന് പ്രഥമ പരിഗണന നൽകുന്ന ഒരു കർക്കശക്കാരനും സത്യസന്ധനുമായ സൈനിക ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് പൃഥ്വിരാജ് അഭിനയിക്കുന്നത്.

Content Highlights: Prithviraj film Khalifa shoot started

dot image
To advertise here,contact us
dot image