ചെറിയ രാജ്യങ്ങളെയും വിടാതെ ട്രംപ്; ആഫ്രിക്കൻ-കരീബിയൻ രാജ്യങ്ങൾക്ക് പത്ത് ശതമാനത്തിലധികം വ്യാപാര തീരുവ

മാധ്യമങ്ങളോട് സംസാരിക്കവെയാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്

dot image

വാഷിംഗ്ടണ്‍: താരിഫ് വർദ്ധനവിൽ ചെറിയ രാജ്യങ്ങളെയും ഒഴിവാക്കാതെ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ആഫ്രിക്ക, കരീബിയ എന്നിവിടങ്ങളിലെ ചെറിയ രാജ്യങ്ങൾക്ക് പത്ത് ശതമാനത്തിൽ കൂടുതൽ തീരുവ ചുമത്തുമെന്ന് ട്രംപ് അറിയിച്ചു. കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് സംസാരിക്കവെയാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. എല്ലാ രാജ്യങ്ങൾക്കും താരിഫ് ഏർപ്പെടുത്താൻ സാധ്യതയുണ്ട്. കുറഞ്ഞത് 100 രാജ്യങ്ങളിലെങ്കിലും പത്ത് ശതമാനത്തിൽ കൂടുതൽ തീരുവ ചുമത്തുമെന്ന് ട്രംപ് കൂട്ടിച്ചേർത്തു.

ചെറിയ രാജ്യങ്ങൾക്ക് തീരുവ ചുമത്തുന്നതിനായുളള ഫെഡറൽ ഗവൺമെന്റിന്റെ പദ്ധതിയെക്കുറിച്ച് യുഎസ് വാണിജ്യ സെക്രട്ടറി ഹോവാർഡ് ലുട്നികും വിശദീകരിച്ചു. പത്ത് ശതമാനം തീരുവ ചുമത്താനുള്ള പദ്ധതി ആഫ്രിക്കയിലെയും കരീബിയനിലെയും രാജ്യങ്ങളെ കേന്ദ്രീകരിച്ചായിരിക്കുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ആഫ്രിക്കയും കരീബിയയും മിതമായ തോതിലാണ് അമേരിക്കയുമായി വ്യാപാരം നടത്തുന്നത്. കൂടാതെ വ്യാപാര സന്തുലിതാവസ്ഥയിൽ രാജ്യങ്ങൾ നൽകുന്ന സംഭാവന മറ്റ് രാജ്യങ്ങളെ വെച്ച് നോക്കുമ്പോൾ താരതമ്യേന കുറവുമാണെന്ന് യുഎസ് വാണിജ്യ സെക്രട്ടറി മാധ്യമങ്ങളോട് പ്രതികരിച്ചു.

കഴിഞ്ഞ ​ദിവസമാണ് റഷ്യക്ക് തീരുവ മുന്നറിയിപ്പുമായി ട്രംപ് രം​ഗത്തെത്തിയത്. അന്‍പത് ദിവസത്തിനുള്ളില്‍ യുക്രയ്നുമായുളള യുദ്ധം നിർത്തിലാക്കിയില്ലെങ്കിൽ റഷ്യക്കെതിരെ നൂറ് ശതമാനം താരിഫ് ചുമത്തുമെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു. തങ്ങള്‍ രണ്ടാംഘട്ട താരിഫ് നടപടികളുമായി മുന്നോട്ടുപോകുകയാണ്. യുക്രെയ്‌നെതിരായ യുദ്ധകാര്യത്തില്‍ അന്‍പത് ദിവസത്തിനുള്ളില്‍ തീരുമാനമുണ്ടാകണം. അല്ലാത്ത പക്ഷം കടുത്ത നടപടിയുണ്ടാകുമെന്ന് ട്രംപ് പറഞ്ഞിരുന്നു.

യൂറോപ്യൻ യൂണിയനും മെക്സിക്കോയ്ക്കും 30 ശതമാനം തീരുവയാണ് ട്രംപ് ഉയർത്തിയത്. ഇറക്കുമതി തീരുവയിലെ വർധന ഓഗസ്റ്റ് ഒന്ന് മുതൽ പ്രാബല്യത്തിൽ വരും. ഏതെങ്കിലും വ്യാപാര പങ്കാളികൾ അമേരിക്കയ്ക്കെതിരെ പകരം ഇറക്കുമതി തീരുവ ചുമത്തിയാൽ തിരിച്ചടി ഉണ്ടാകുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. വ്യാപാര ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്നാണ് പ്രസിഡന്റിന്റെ പുതിയ തീരുമാനമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.

തീരുമാനം നടപ്പിലാക്കാൻ ഇനിയും ദിവസങ്ങൾ ഉണ്ടെന്നും അതിന് മുൻപ് വ്യാപാര കരാറുകളിൽ ചർച്ചകൾ തുടർന്നാൽ മെക്സിക്കോയ്ക്കും യൂറോപ്യൻ യൂണിയനും അത് ഗുണം ​ചെയ്യുമെന്നും ട്രംപ് തന്റെ ഔദ്യോ​ഗിക ട്രൂത്ത് പോസ്റ്റിൽ കുറിച്ചിരുന്നു. ട്രംപിന്റെ താരിഫ് പ്രഖ്യാപനത്തിൽ പ്രതികരണവുമായി യൂറോപ്യൻ യൂണിയനും മെക്സിക്കോയും രം​ഗത്തെത്തിയിരുന്നു. താരിഫുകൾ അന്യായവും വിനാശകരവുമാണെന്നായിരുന്നു പ്രതികരണം. അമേരിക്കയുമായി ഒരു കരാറിലെത്താൻ കഴിയുമെന്ന് ഉറപ്പുണ്ടെന്നും മെക്സിക്കൻ പ്രസിഡൻ്റ് ക്ലോഡിയ ഷെയിൻബോം പറഞ്ഞിരുന്നു. ഏത് പ്രശ്‌നത്തെയും ​ശാന്തതയോടെ നേരിടണമെന്നാണ് താൻ എപ്പോഴും വിശ്വസിക്കുന്നതെന്നും മെക്സിക്കൻ പ്രസിഡൻ്റ് പറഞ്ഞു. അമേരിക്കൻ ഗവൺമെൻ്റുമായി എങ്ങനെ പ്രവർത്തിക്കണമെന്നതിലും നമുക്ക് എന്തുചെയ്യാൻ കഴിയില്ല എന്നതിലും മെക്സിക്കോയ്ക്ക് വ്യക്തതയുണ്ട്. മെക്‌സിക്കൻ സംസ്ഥാനമായ സോനോറയിൽ നടന്ന ഒരു പൊതു പരിപാടിയിലായിരുന്നു ഷെയിൻബോംയുടെ പ്രതികരണം.

കാനഡയിൽ നിന്നുള്ള ഇറക്കുമതിക്ക് 35 ശതമാനം തീരുവ ചുമത്തുന്നതായും ട്രംപ് പ്രഖ്യാപിച്ചിരുന്നു. 2025 ഓഗസ്റ്റ് ഒന്ന് മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ താരിഫ് അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന കനേഡിയൻ ഉൽപ്പന്നങ്ങൾക്ക് ബാധകമാണെന്നാണ് ട്രംപ് വ്യക്തമാക്കിയിരുന്നത്. അമേരിക്കയിലേയ്ക്കുള്ള ഫെന്റനൈലിന്റെ ഒഴുക്ക്, അന്യായമായ വ്യാപാര രീതികൾ എന്നിവയാണ് കാനഡയ്‌ക്കെതിരെ ഉയർന്ന തീരുവ ചുമത്തുന്നതിൻ്റെ കാരണമായി ട്രംപ് ചൂണ്ടിക്കാണിച്ചിരുന്നത്. പ്രധാന വിഷയങ്ങളിൽ സഹകരിക്കുന്നതിൽ കാനഡ പരാജയപ്പെട്ടെന്നാണ് ട്രംപ് കുറ്റപ്പെടുത്തിയിരുന്നു. അമേരിക്കയിലെ ക്ഷീര കർഷകരുടെ ഉത്പന്നങ്ങൾക്ക് കാനഡ ഉയർന്ന ഇറക്കുമതി തീരുവ ചുമത്തിയത് വ്യാപാര കമ്മിക്ക് കാരണമാകുമെന്നും ട്രംപ് ചൂണ്ടിക്കാണിച്ചിരുന്നു.

ജപ്പാൻ, ദക്ഷിണകൊറിയ, ബ്രസീൽ, മ്യാൻമർ, ലാവോസ്, തായ്‌ലൻഡ്, ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ്, കസാക്കിസ്ഥാൻ, ഇന്തോനേഷ്യ, ടുണീഷ്യ, മലേഷ്യ, സെർബിയ, കംബോഡിയ, ബോസ്നിയ & ഹെർസഗോവിന, അൾജീരിയ, ബ്രൂണൈ, ഇറാഖ്, ലിബിയ, മോൾഡോവ, ഫിലിപ്പീൻസ്, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങൾക്കുമേൽ ഉയർന്ന താരിഫ് നിരക്കുകൾ ചുമത്തുമെന്ന് മുന്നറിയിപ്പ് നൽകുന്ന കത്ത് ട്രംപ് ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ചിരുന്നു.

Also Read:

ബ്രസീലിന് മേൽ 50 ശതമാനം തീരുവ ഏർപ്പെടുത്തുമെന്നാണ് ട്രംപ് പ്രഖ്യാപിച്ചിരിക്കുന്നത്. ജപ്പാനും ദക്ഷിണ കൊറിയയ്ക്കും മേൽ അമേരിക്ക 25 ശതമാനം താരിഫ് ചുമത്തുമെന്നാണ് ട്രംപിൻ്റെ പ്രഖ്യാപനം. അൾജീരിയ, ഇറാഖ്, ലിബിയ, ശ്രീലങ്ക എന്നീ രാജ്യങ്ങൾക്ക് 30 ശതമാനവും ബ്രൂണൈ, മോൾഡോവ എന്നിവയ്ക്ക് 25 ശതമാനവും ഫിലിപ്പീൻസിന് 20 ശതമാവും തീരുവയാണ് ചുമത്തിയിരിക്കുന്നത്. ഈ രാജ്യങ്ങൾക്കുമേൽ ഏർപ്പെടുത്തിയ തീരുവ ഓഗസ്റ്റ് ഒന്നുമുതലായിരിക്കും പ്രാബല്യത്തിൽ വരിക. അമേരിക്കയുമായി പുതിയ വ്യാപാരക്കരാർ ഓഗസ്റ്റ് ഒന്നിന് മുൻപ് ഉണ്ടാക്കിയില്ലെങ്കിൽ അധിക തീരുവ ഏർപ്പെടുത്തുമെന്ന് കാണിച്ചായിരുന്നു അമേരിക്ക കത്തയച്ചത്. ലാവോസിനും മ്യാൻമറിനും 40 ശതമാനം തീരുവ ചുമത്തുമെന്നാണ് ഭീഷണി.

Content Highlights: Trump to put tariffs of over 10% on smaller nations, including those in Africa and the Caribbean

dot image
To advertise here,contact us
dot image