2025ല്‍ അഞ്ച് മാസത്തിനിടെ റെയില്‍വേ ട്രാക്കില്‍ ജീവന്‍ നഷ്ടപ്പെട്ടത് 453 പേര്‍ക്ക്; കണക്കുകള്‍ ഇങ്ങനെ

ബോംബെ ഹൈക്കോടതിയുടെ നിര്‍ദേശം അനുസരിച്ചാണ് കേന്ദ്ര റെയില്‍വേ സത്യവാങ്മൂലം സമര്‍പ്പിച്ചത്

dot image

റെയിവേ ട്രാക്കില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ കണക്ക് ബോംബെ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരിക്കുകയാണ് ഇന്ത്യന്‍ റെയില്‍വേ. ഈ വര്‍ഷം ആദ്യത്തെ അഞ്ച് മാസം മാത്രം 453 പേരാണ് റെയില്‍വേ ട്രാക്കില്‍ മരണപ്പെട്ടതെന്ന് കണക്കുകള്‍ പറയുന്നു. ബോംബെ ഹൈക്കോടതിയുടെ നിര്‍ദേശം അനുസരിച്ചാണ് കേന്ദ്ര റെയില്‍വേ സത്യവാങ്മൂലം സമര്‍പ്പിച്ചത്.

ട്രാക്ക് മുറിച്ച് കടക്കുന്നതും, അതിക്രമിച്ച് കടക്കുന്നതും, ലോക്കല്‍ ട്രെയിനുകളില്‍ നിന്നും വീണുമൊക്കെയാണ് മരണങ്ങള്‍ സംഭവിച്ചിരിക്കുന്നതെന്ന് അഭിഭാഷകയായ അനാമിക മല്‍ഹോത്ര വഴി സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.

2025ലെ കണക്കില്‍ 293 പേര്‍ ട്രാക്ക് മുറിച്ചു കടക്കുമ്പോഴും 150 പേര്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്നും വീണുമാണ് മരിച്ചിരിക്കുന്നതെന്നാണ് പറയുന്നത്. കഴിഞ്ഞ വര്‍ഷം ട്രാക്ക് മുറിച്ച് കടക്കുന്നതിനിടയില്‍ മരിച്ചത് 674 പേരാണ്. ട്രെയിനില്‍ നിന്ന് വീണുള്ള മരണങ്ങള്‍ 387 ആണ്. 2023ല്‍ 782 പേര്‍ ട്രാക്ക് മുറിച്ച് കടക്കുമ്പോള്‍ മരിച്ചിട്ടുണ്ട്. 431 പേരാണ് രണ്ട് വര്‍ഷം മുമ്പ് ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് മരിച്ചതെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നത്.

ഇക്കഴിഞ്ഞ ജൂണ്‍ 9ന് മുംബ്രയില്‍ രണ്ട് ലോക്കല്‍ ട്രെയിനുകള്‍ കടന്ന് പോകുന്ന സമയം ട്രെയിനുകളില്‍ നിന്നും എട്ടു യാത്രികര്‍ ട്രാക്കിലേക്ക് വീഴുകയും അഞ്ച് പേര്‍ മരിക്കുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നാണ് ഹൈക്കോടതി റിപ്പോര്‍ട്ട് തേടിയത്. മുംബ്ര സംഭവം അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും നടപടികള്‍ പുരോഗമിക്കുകയാണെന്നും റെയില്‍വേ കോടതിയെ അറിയിച്ചിട്ടുണ്ട്.

Content Highlights: Central Railway submits affidavit before Bombay HC on number of deaths in railway tracks

dot image
To advertise here,contact us
dot image