
തിരുവനന്തപുരം: ദേശീയപാത നിർമാണത്തിന്റെ പേരിൽ സംസ്ഥാനത്തെ കായലുകളിൽ നടക്കുന്ന മണൽകൊള്ളയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്. സർക്കാർ ഉത്തരവിൽ പറയുന്ന നിർദേശങ്ങളിൽ ഒന്നുപോലും നടപ്പാക്കുന്നില്ല. എടുക്കുന്ന മണ്ണിന്റെ കണക്ക് സൂക്ഷിക്കണമെന്ന ഉത്തരവ് കാറ്റിൽ പറത്തിയാണ് ഉപകരാറുകാർ മണലൂറ്റുന്നത്. ലോഡുകൾ എണ്ണാൻ ഡ്രഡ്ജിങ് സ്ഥലത്ത് ഉദ്യോഗസ്ഥരില്ല. റോഡ് നിർമാണത്തിനല്ലാതെ മണൽ മറ്റ് സ്ഥലങ്ങളിലേക്ക് കടത്തുന്നുവെന്നും റിപ്പോർട്ടർ അന്വേഷണത്തിൽ കണ്ടെത്തി.
ദേശീയപാത നിർമാണത്തിനായി വേമ്പനാട്ട് കായലിൽ നിന്ന് കൂറ്റൻ ഡ്രഡ്ജറുകൾ ഉപയോഗിച്ചുള്ള സൗജന്യ മണലെടുപ്പിനായി സർക്കാർ പുറത്തിറക്കിയ ഉത്തരവിൽ പറയുന്ന നിർദേശങ്ങൾ നടപ്പാക്കാനാൻ ഉദ്യോഗസ്ഥർക്കാവുന്നില്ല. കൊണ്ടുപോകുന്ന മണലിൻ്റെ അളവ് സൂക്ഷിക്കണമെന്ന് ജിയോളജി വകുപ്പിന് നിർദേശമുണ്ടെങ്കിലും ഒന്നും നടക്കുന്നില്ല.
മണൽ ദേശീയ പാതയുടെ നിർമാണത്തിന് മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ എന്ന് ഉത്തരവിലുണ്ടെങ്കിലും അതിനൊന്നും ഒരു സംവിധാനവുമില്ല. ഇതോടെ കോടികൾ വിലമതിക്കുന്ന കായലിലെ മണൽ ഉപകരാറുകാർക്ക് വെറുതെ കിട്ടുന്നതോടെ അവർക്കാണ് പ്രയോജനം എന്ന് വ്യക്തമാവുകയാണ്. അതേസമയം, മണലെടുപ്പ് നിർത്തിവെക്കണമെന്ന് ജില്ലാ കളക്ടർ വിളിച്ച് ചേർത്ത യോഗത്തിലെടുത്ത തീരുമാനം ഇന്നലെ രാത്രി വരെ നടപ്പാക്കാനായില്ല.
Content Highlights: Sand mining for national highway construction