
കൊച്ചി: പുലിപ്പല്ല് മാല ധരിച്ചെന്ന പരാതിയില്‍ കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപിക്ക് നോട്ടീസ് നല്‍കാനൊരുങ്ങി വനം വകുപ്പ്. പരാതിക്കടിസ്ഥാനമായ മാല ഹാജരാക്കണമെന്ന് ചൂണ്ടിക്കാട്ടിയാവും നോട്ടീസ് നല്‍കുക. വാടാനപ്പള്ളി സ്വദേശിയും ഐഎന്‍ടിയുസി യുവജന വിഭാഗം സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ, യൂത്ത് കോണ്‍ഗ്രസ് മുന്‍ ദേശീയ വക്താവുമായ എ എ മുഹമ്മദ് ഹാഷിമാണ് പരാതികാരന്‍. സുരേഷ് ഗോപി പുലിപ്പല്ല് വെച്ചുള്ള ലോക്കറ്റുള്ള മാല ധരിച്ച് നില്‍കുന്ന ചിത്രങ്ങളടക്കം സമര്‍പ്പിച്ചായിരുന്നു പരാതി. വൈല്‍ഡ് ലൈഫ് പ്രൊട്ടക്ഷന്‍ ആക്ടിന്റെ ലംഘനമാണിതെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.
സുരേഷ് ഗോപിയുടെ മാലയിലെ പുലിപല്ല് യഥാര്‍ഥത്തിലുള്ളതാണോ എന്നാവും ആദ്യം പരിശോധിക്കുക. യഥാര്‍ത്ഥ പുലിപല്ലാണെങ്കില്‍ വന്യജീവി സംരക്ഷണ നിയമത്തിന്റെ ലംഘനമായി ഇത് കണക്കാക്കും. വനം വന്യജീവി സംരക്ഷ നിയമപ്രകാരം ഷെഡ്യൂള്‍ ഒന്നില്‍ രണ്ടാം ഭാഗത്തിലാണ് പുലി ഉള്‍പ്പെട്ടിട്ടുള്ളത്. പാരമ്പര്യമായി ലഭിച്ചതാണെങ്കില്‍ കൂടി ഇത് കൈവശം വെക്കാന്‍ പാടില്ലായെന്നാണ് നിയമം.
റാപ്പര്‍ വേടന്റെ കഴുത്തിലെ പുലിപ്പല്ല് ലോക്കറ്റ് വിവാദമായതിന് പിന്നാലെയാണ് സുരേഷ് ഗോപിക്കെതിരെയും പരാതി ഉയര്‍ന്നത്. കഞ്ചാവ് കേസില്‍ എക്‌സൈസ് പിടികൂടിയതിന് പിന്നാലെയാണ് വേടന്റെ കഴുത്തിലെ പുലിപ്പല്ല് ലോക്കറ്റിലേയ്ക്ക് വനംവകുപ്പിന്റെ അന്വേഷണം നീണ്ടത്. വനംവകുപ്പ് നടത്തിയ വിശദമായ പരിശോധനയില്‍ വേടന്റെ കഴുത്തില്‍ കിടന്നത് പുലിപ്പല്ലാണെന്ന് വ്യക്തമായി. ഇതോടെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ വേടനെതിരെ കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു.
Content Highlights- Tiger tooth necklace; Forest Department prepares to issue notice to Suresh Gopi