
ഒരു വ്യക്തിയുടെ മുഖം ആര്‍ക്കെല്ലാം തിരിച്ചറിയാന്‍ സാധിക്കും? ആ വ്യക്തിയുടെ പ്രിയപ്പെട്ടവര്‍ക്കും പരിചയക്കാര്‍ക്കും അല്ലേ. പൊതുവായി പറഞ്ഞാല്‍ അത്തരം തിരിച്ചറിവ് സാധ്യമാകുന്നത് മനുഷ്യര്‍ക്കാണെന്ന് കൂടി പറയാം. എന്നാല്‍ മനുഷ്യര്‍ക്ക് മാത്രമല്ല മനുഷ്യരുടെ മുഖം തിരിച്ചറിയാന്‍ കുറച്ച് മൃഗങ്ങള്‍ക്കും സാധിക്കുമെന്നാണ് ശാസ്ത്രം പറയുന്നത്. ഏതൊക്കെയാണ് ആ മൃഗങ്ങള്‍ എന്നുചോദിച്ചാല്‍ ഒരുപക്ഷെ മനസ്സില്‍ ആദ്യം വരിക വളര്‍ത്തുനായ എന്ന ചിന്തയായിരിക്കും.
വളര്‍ത്തുനായ മുതല്‍ തേനീച്ച വരെയുള്ള ജീവിവര്‍ഗങ്ങള്‍ മനുഷ്യമുഖങ്ങള്‍ തിരിച്ചറിയുന്നതിനുള്ള കഴിവ് വികസിപ്പിച്ചെടുത്തിട്ടുണ്ടത്രേ. മുഖം ഓര്‍ത്തെടുക്കാന്‍ മാത്രമല്ല, ചില പ്രത്യേക സാഹചര്യങ്ങളില്‍ നിങ്ങള്‍ അവരോട് എങ്ങനെയാണ് പെരുമാറിയതെന്നും ഇവയ്ക്ക് ഓര്‍ത്തെടുക്കാന്‍ കഴിയുമെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു.
കുതിരകള്‍
കുതിര മിടുക്കനായ ഓട്ടക്കാരന്‍ മാത്രമല്ല. നിങ്ങളാരാണെന്ന് കൃത്യമായി ഓര്‍മിച്ചെടുക്കാനും കുതിരയ്ക്ക് സാധിക്കും. ഫോട്ടോഗ്രാഫുകള്‍ നോക്കി മുഖം തിരിച്ചറിയാനും അവരുടെ പഴയ അനുഭവവുമായി അത് ബന്ധിപ്പിക്കാനും കുതിരയ്ക്ക് സാധിക്കുമെന്ന് ഗവേഷണങ്ങള്‍ തെളിയിച്ചിട്ടുണ്ട്. അവസാനം നിങ്ങള്‍ കുതിരയെ കണ്ടപ്പോള്‍ സ്‌നേഹത്തിലായിരുന്നോ കര്‍ക്കശമായിട്ടാണോ പെരുമാറിയിരുന്നത് എന്ന് ഓര്‍ക്കാന്‍ കുതിരയ്ക്ക് സാധിക്കും. മാസങ്ങളോളം ചില മുഖങ്ങള്‍ അവയ്ക്ക് ഓര്‍ത്തുവയ്ക്കാന്‍ കഴിയുമെന്നും ചില പഠനങ്ങള്‍ പറയുന്നു.
ആട്
പരിചയക്കാരെ തിരിച്ചറിയാന്‍ ആടുകള്‍ മിടുക്കരാണത്രേ. സെലിബ്രിറ്റികളടക്കമുള്ള ആളുകളുടെ മുഖങ്ങള്‍ തിരിച്ചറിയുന്നതിനായി കേംബ്രിജ് സര്‍വകലാശാലയിലെ ശാസ്ത്രജ്ഞര്‍ ആടുകള്‍ക്ക് ഫോട്ടോകള്‍ കാണിച്ച് പരിശീലനം നല്‍കിയിരുന്നതായി പറയുന്നു. അതിശയകരമായ രീതിയില്‍ കൃത്യമായി ഇവ ആളുകളെ തിരിച്ചറിഞ്ഞു.
മത്സ്യം
ഞെട്ടിയോ, അതേ മീനുകള്‍ക്കും നിങ്ങളെ പതിവായി കാണുകയാണെങ്കില്‍ തിരിച്ചറിയാനാകുമത്രേ. ഒരു കൂട്ടത്തില്‍ നിന്ന് പ്രത്യേക മുഖങ്ങള്‍ തിരച്ചറിയാന്‍ ആര്‍ച്ചര്‍ഫിഷിനെ ശാസ്ത്രജ്ഞര്‍ പരിശീലിപ്പിച്ചിരുന്നു. ഇത് വിജയകരമായിരുന്നു. സാധാരണായായി ദൃശ്യപര ഓര്‍മകളുമായി സാധാരണ ബന്ധപ്പെടുത്തുന്ന തലച്ചോറിന്റെ ഭാഗങ്ങള്‍ മത്സ്യങ്ങള്‍ക്കില്ല എന്നിരിക്കെയാണ് തിരിച്ചറിയാനുള്ള ശേഷി പരീക്ഷണങ്ങളില്‍ മത്സ്യങ്ങള്‍ കാണിക്കുന്നത് എന്നുള്ളത് ശ്രദ്ധേയമാണ്.
തേനീച്ചകള്‍
തേനീച്ചകള്‍ക്ക് ചെറിയ ചെറിയ നിരവധി തലച്ചോറുകളാണ് ഉള്ളത്. എന്നാല്‍ പരീക്ഷണങ്ങളില്‍ പ്രത്യേക പാറ്റേണുകളിലുള്ള മുഖങ്ങള്‍ തിരിച്ചറിയാന്‍ തേനീച്ചകള്‍ക്ക് സാധിച്ചിരുന്നു.
പന്നികള്‍
വൈകാരിക ബുദ്ധിയുള്ള മൃഗങ്ങളെന്നാണ് പന്നികളെ വിശേഷിപ്പിക്കാറുള്ളത്. അവര്‍ക്ക് മനുഷ്യരെ തിരിച്ചറിയാന്‍ സാധിക്കുമെന്ന് മാത്രമല്ല അവരോട് ആരാണ് ദയാപൂര്‍വം പെരുമാറിയതെന്ന് ഓര്‍ത്തുവയ്ക്കാനും സാധിക്കും. മനുഷ്യരുടെ മുഖഭാവങ്ങളോട് പോലും പ്രതികരിക്കാന്‍ ഇവയ്ക്ക് ശേഷിയുണ്ട്.
പക്ഷികള്‍(പ്രത്യേകിച്ച് കാക്ക)
നല്ല ബുദ്ധിയുള്ള പക്ഷിയാണ് കാക്കയെന്ന് നമുക്ക് അറിയാം. അവര്‍ക്ക് മനുഷ്യരുടെ മുഖങ്ങള്‍ തിരിച്ചറിയാന്‍ സാധിക്കുമെന്ന് മാത്രമല്ല, അവരോടുള്ള നിങ്ങളുടെ പെരുമാറ്റം എങ്ങനെയായിരുന്നുവെന്നും അവയ്ക്ക് ഓര്‍ത്തുവയ്ക്കാന്‍ സാധിക്കും. തന്നെയുമല്ല ഇക്കാര്യം അവര്‍ മറ്റുപക്ഷികളോട് സംവദിക്കുകയും ചെയ്യും. നിങ്ങളെ ഒരു കാക്ക നിരീക്ഷിക്കുന്നതായി എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ, അത് തെറ്റാകാന്‍ സാധ്യതയില്ല. കാക്കയെപ്പോലെത്തന്നെയാണ് ജാക്ക്ഡാവ്‌സ് എന്ന പക്ഷികളും.
നായകള്‍
തിരിച്ചറിയാനാകുമെന്ന് മാത്രമല്ല, നമ്മുടെ മുഖം വായിക്കാന്‍ ഇതുപോലെ കെല്‍പുള്ള മറ്റുമൃഗങ്ങള്‍ ഇല്ലെന്ന് തന്നെ പറയാം. സന്തോഷത്തിലാണോ സങ്കടത്തിലാണോ കാരുണ്യത്തോടെ പെരുമാറുമോ എന്നെല്ലാം അവ മുഖം നോക്കി മനസ്സിലാക്കും. അതുകൊണ്ടുകൂടിയാണ് മനുഷ്യനും നായ്ക്കളും തമ്മിലുള്ള ബന്ധം ഇത്രമേല്‍ ഊഷ്മളമായിരിക്കുന്നത്. വാക്കുകള്‍ക്കപ്പുറത്ത് നമ്മെ മനസ്സിലാക്കാന്‍ കഴിയുന്ന ജന്തുവാണ് നായ.
കുരങ്ങുകള്‍
ചിമ്പാന്‍സികള്‍, ഒറാങ്ഗുട്ടാന്‍ തുടങ്ങി കുരങ്ങുവര്‍ഗത്തില്‍ പെട്ടവര്‍ക്ക് എല്ലാം മുഖം തിരിച്ചറിയാന്‍ സാധിക്കും. അവര്‍ക്ക് മുഖവ്യത്യാസത്തിലൂടെ പരസ്പരം തിരിച്ചറിയാനാകും എന്നതുപോലെ മനുഷ്യരേയും മനസ്സിലാക്കാന്‍ സാധിക്കും. ചിലര്‍ കണ്ണാടി പരീക്ഷകള്‍ വരെ പാസ്സായിട്ടുണ്ടത്രേ. മുഖഭാവങ്ങളിലൂടെ മനുഷ്യരുടേതിന് സമാനമായി കാര്യങ്ങള്‍ പങ്കുവയ്ക്കുന്നവരാണ് ഇവ.
പാമ്പുകള്‍
കാഴ്ചയുമായി ബന്ധപ്പെട്ട് നാം കരുതുന്നച് പോലെം പാമ്പുകള്‍ക്ക് നമ്മെ കാണാനാകില്ല. എന്നാല്‍ അവരെ കൈകാര്യം ചെയ്യുന്നവരെ തിരിച്ചറിയാന്‍ അവര്‍ക്ക് കഴിയും. മുഖത്തെ ഫീച്ചറുകളേക്കാള്‍ അവ തിരിച്ചറിയുന്നതിന് ഗന്ധവും താപനിലയിലെ വ്യത്യാസവും മനസ്സിലാക്കിയാണ് തിരിച്ചറിയുന്നത്. നിരന്തരം ഒരു മനുഷ്യനുമായി ഇടപഴകുന്ന പാമ്പുകള്‍ അപരിചിതരില്‍ നിന്ന് വ്യത്യസ്തമായിട്ടാണ് ആ മനുഷ്യനോട് ഇടപഴകുക എന്നും പഠനം സൂചിപ്പിക്കുന്നു.
Content Highlights: The Animals That Can Read Your Face: A Surprising List