
കൊച്ചി: എഡിജിപി എം ആര്‍ അജിത് കുമാറിന്റെ വിവാദ ശബരിമല ട്രാക്ടര്‍ യാത്രയില്‍ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. ശബരിമല സ്പെഷ്യല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ടിൻ്റെ അടിസ്ഥാനത്തിലുള്ള ഹര്‍ജി പരിഗണിക്കവേയാണ് ഹൈക്കോടതിയുടെ വിമര്‍ശനം. എഡിജിപിയുടെ ട്രാക്ടര്‍ യാത്ര നിര്‍ഭാഗ്യകരമെന്നും ഹൈക്കോടതി വ്യക്തമാക്കി. അജിത് കുമാറിന്റെ പ്രവര്‍ത്തി മനഃപൂർവ്വമെന്നും ഹൈക്കോടതി പറഞ്ഞു.
'യാത്രയ്ക്ക് വേണ്ടിയുള്ള ട്രാക്ടറല്ലല്ലോ ഉപയോഗിച്ചത്. ചരക്ക് കൊണ്ടുപോകുന്ന വാഹനമാണ് ഉപയോഗിച്ചത്. ട്രാക്ടര്‍ യാത്ര ഹൈക്കോടതിയുടെ വിധിക്ക് വിരുദ്ധമാണ്', ഹൈക്കോടതി പറഞ്ഞു. ദേവസ്വം ബെഞ്ചാണ് ഹര്‍ജിയില്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുന്നത്. യാത്രയുടെ ചിത്രങ്ങള്‍ പരിശോധിച്ചുവെന്നും ഹൈക്കോടതി ദേവസ്വം ബെഞ്ച് വ്യക്തമാക്കി.
സ്വാമി അയ്യപ്പന്‍ റോഡ് വഴി ആരും യാത്ര ചെയ്യരുതെന്നും അത് നിയമവിരുദ്ധമാണെന്നുമാണ് ഹൈക്കോടതി വ്യക്തമാക്കിയത്. 2021ലാണ് ട്രാക്ടര്‍ യാത്രയില്‍ ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. ഏതൊക്കെ ചരക്കുകള്‍ ഏതൊക്കെ സമയങ്ങളില്‍ സ്വാമി അയ്യപ്പന്‍ റോഡ് വഴി കടത്താമെന്ന് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ട്രാക്ടറില്‍ ഡ്രൈവറല്ലാതെ മറ്റാരും പോകരുതെന്നും ഉത്തരവുണ്ടായിരുന്നു. ഒരു ഘട്ടത്തിലും ട്രാക്ടര്‍ വഴി യാത്ര ചെയ്യരുതെന്നും ഉത്തരവുണ്ട്. എന്നാല്‍ ഇവ ലംഘിച്ചാണ് എഡിജിപി യാത്ര നടത്തിയിരിക്കുന്നത്.
സംഭവത്തില്‍ ശബരിമല കമ്മീഷനോടും ദേവസ്വം ബോര്‍ഡിനോടും ഹൈക്കോടതി വിശദീകരണം തേടിയിട്ടുണ്ട്. അതേസമയം യാത്രയില്‍ കേസെടുത്തതായി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. പൊലീസിന്റെ ഉടമസ്ഥതയിലുള്ള ട്രാക്ടറിലാണ് അജിത്കുമാര്‍ യാത്ര നടത്തിയത്. പൊലീസ് ഉദ്യോഗസ്ഥനായിരുന്നു ഡ്രൈവര്‍.
Content Highlights : Kerala High Court against ADGP M R Ajith Kumar