മുഖ്യമന്ത്രി അമേരിക്കയില്‍ പോയി ചികിത്സിക്കുന്നതിന് എതിരല്ല; മേനി പറയുന്നത് നിര്‍ത്തണം: അടൂര്‍ പ്രകാശ്

സര്‍ക്കാര്‍ ആശുപത്രികളില്‍ വന്‍ തോതില്‍ പിന്‍വാതില്‍ തൊഴില്‍ നടക്കുന്നുവെന്നും അടൂര്‍ പ്രകാശ്

dot image

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയില്‍ പോയി ചികിത്സിക്കുന്നതിന് എതിരല്ലെന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്. കേരളത്തില്‍ കിട്ടാത്ത ചികിത്സ എവിടെയും ഇല്ല എന്ന് മേനി പറയുന്നത് ഈ സര്‍ക്കാറാണെന്നും ആ മേനി പറയുന്നത് നിര്‍ത്തണമെന്നും അടൂര്‍ പ്രകാശ് പറഞ്ഞു. കോട്ടയം അപകടത്തിന് ശേഷം മേനി പറയുന്നതില്‍ അല്‍പം കുറവ് വന്നെന്നും അദ്ദേഹം വ്യക്തമാക്കി.

'ആരോഗ്യ രംഗത്തെ അനീതി കണ്ടില്ലെന്ന് നടിക്കാന്‍ കഴിയില്ല. സര്‍ക്കാര്‍ ആശുപത്രികളില്‍ വന്‍ തോതില്‍ പിന്‍വാതില്‍ തൊഴില്‍ പ്രവേശനം നടക്കുന്നു. അടുത്ത യുഡിഎഫ് സര്‍ക്കാര്‍ വരുമ്പോള്‍ ഇവരെയെല്ലാം പറഞ്ഞു വിടും. ഈ സര്‍ക്കാര്‍ തിരുകി കയറ്റിയവരെ പറഞ്ഞു വിട്ട് നമ്മുടെ ആളുകളെ നേരായ വഴിയില്‍ കയറ്റും', അടൂര്‍ പ്രകാശ് കൂട്ടിച്ചേര്‍ത്തു.

ഒരാഴ്ച നീളുന്ന ചികിത്സയ്ക്കായി മുഖ്യമന്ത്രി അമേരിക്കയിലേക്ക് യാത്ര തിരിച്ചിരുന്നു. പിന്നാലെ വലിയ രീതിയിലുള്ള വിമര്‍ശനവും സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്നിരുന്നു. പത്തുദിവസത്തേക്കാണ് മുഖ്യമന്ത്രി അമേരിക്കയിലേക്ക് തിരിച്ചത്. തുടര്‍ ചികിത്സയുടെ ഭാഗമായായിരുന്നു അമേരിക്കയിലെത്തിയത്. നേരത്തെയും മുഖ്യമന്ത്രി ചികിത്സയ്ക്കായി വിദേശത്തേക്ക് പോയിരുന്നു. അന്നും വലിയ രീതിയിലിത് ചര്‍ച്ചയായായിരുന്നു.

എന്നാല്‍ കോട്ടയം മെഡിക്കല്‍ കോളേജിലെ വാര്‍ഡിലെ ഒരു ഭാഗം തകര്‍ന്നതുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങള്‍ക്കിടയിലായിരുന്നു ഇത്തവണത്തെ യാത്ര. വ്യാഴാഴ്ചയാണ് കോട്ടയം മെഡിക്കല്‍ കോളേജിന്റെ വാര്‍ഡിലെ ഒരു ഭാഗം ഇടിഞ്ഞുവീഴുന്നത്. അപകടത്തില്‍ തലയോലപ്പറമ്പ് സ്വദേശിനി ബിന്ദുവിന് ജീവന്‍ നഷ്ടമായി. ജെസിബി എത്തിച്ച് നടത്തിയ പരിശോധനയിലാണ് കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് ബിന്ദുവിന്റെ മൃതദേഹം കണ്ടെത്തിയത്. മകള്‍ക്ക് കൂട്ടിരിപ്പിനായി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിയതായിരുന്നു ബിന്ദു.

കുളിക്കുന്നതിനായി ഈ കെട്ടിടത്തിലെ ശുചിമുറിയില്‍ എത്തിയപ്പോഴാണ് ദാരുണമായ അപകടം സംഭവിച്ചത്. തകര്‍ന്ന് വീണ കെട്ടിടാവശിഷ്ടത്തിന് അടിയില്‍പ്പെട്ട ബിന്ദുവിനെ രണ്ട് മണിക്കൂറുകള്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് പുറത്തെത്തിച്ചത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചിരുന്നു.

14ാം വാര്‍ഡിന്റെ ഒരു കെട്ടിടമാണ് ഇടിഞ്ഞുവീണത്. അപകടത്തില്‍ രണ്ട് പേര്‍ക്ക് ചെറിയ പരിക്കുമുണ്ടായിരുന്നു. കൈവരികളും ചുമരുമാണ് ഇടിഞ്ഞുവീണത്. ആശുപത്രിയുടെ പഴയ കെട്ടിടമാണ് ഇടിഞ്ഞ് വീണത്. 12 വര്‍ഷമായി ബലക്ഷയമുള്ള കെട്ടിടത്തിന്റെ ഭാഗമാണ് ഇടിഞ്ഞുവീണത്. തകര്‍ന്ന ശുചിമുറിയുടെ ഭാഗം അടച്ചിട്ടതായിരുന്നുവെന്ന് അപകടം നടന്നയുടനേ ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നു. എന്നാല്‍ തകര്‍ന്ന കെട്ടിടം ഉപയോഗിച്ചിരുന്നതായി രോഗികളും വ്യക്തമാക്കിയിരുന്നു.

Content Highlights: Adoor Prakash about CM Pinarayi Vijayan s treatment in America

dot image
To advertise here,contact us
dot image