
ദോഹ: രാജ്യത്ത് ഇറാൻ നടത്തിയ മിസൈൽ ആക്രമണവുമായി ബന്ധപ്പെട്ട് ചീളുകൾ തെറിച്ചു വീണ് കേടുപാടുകൾ സംഭവിച്ച വസ്തുവകകൾക്ക് നഷ്ടപരിഹാരം നൽകുമെന്നു ഖത്തർ ഭരണകൂടം. പൗരന്മാർക്കും വിദേശികൾക്കും നഷ്ടപരിഹാരം ലഭിക്കും. സ്വകാര്യ സ്വത്തിൽ മിസൈൽ ഭാഗങ്ങൾ തെറിച്ചു വീണു നഷ്ടമുണ്ടായാൽ അത് ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറിയിക്കണമെന്നും ഭരണകൂടം അറിയിച്ചു.
അൽ ഉദയ്ദിലെ അമേരിക്കൻ സൈനിക ക്യാംപിനു നേരെ കഴിഞ്ഞ മാസം 23ന് ആണ് ഇറാൻ ആക്രമണം നടത്തിയത്. മിസൈലുകൾ ഭൂമിയിൽ പതിക്കും മുൻപേ ആക്രമണം നടത്തിയിരുന്നു. എന്നാൽ, മിസൈലിന്റെ അവശിഷ്ടങ്ങൾ റോഡിലും സ്വകാര്യ സ്ഥലത്തുമായി ചിതറി വീണിരുന്നു. നാശനഷ്ടങ്ങൾ ഔദ്യോഗിക സംഘം വിലയിരുത്തി മിസൈൽ ആക്രമണത്തിന്റെ ഭാഗമാണെന്ന് സാക്ഷ്യപ്പെടുത്തും. ഇങ്ങനെ സാക്ഷ്യപ്പെടുത്തി ലഭിക്കുന്നവർ സിവിൽ ഡിഫൻസ് കൗൺസിലിനെ നഷ്ടപരിഹാരത്തിനായി ബന്ധപ്പെടണം. ഇനിയും അപേക്ഷ നൽകിയിട്ടില്ലാത്തവർ മെത്രാഷ് വഴി രണ്ടു ദിവസത്തിനകം അപേക്ഷ നൽകണം. അതിനു ശേഷമുള്ള അപേക്ഷകൾ പരിഗണിക്കില്ലെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
മിസൈൽ അവശിഷ്ടങ്ങൾ അപകടകരവും ഇവയുടെ സാമീപ്യം പൊതുജനാരോഗ്യത്തിനും സുരക്ഷയ്ക്കും ദോഷകരമാണെന്നും ഇത്തരം വസ്തുക്കൾ വിദഗ്ധ അതോറിറ്റികൾക്ക് മാത്രമേ കൈകാര്യം ചെയ്യാൻ കഴിയുകയുള്ളുവെന്നും അധികൃതർ വ്യക്തമാക്കി. മിസൈൽ അവശിഷ്ടങ്ങളിൽ കൈകൊണ്ടു സ്പർശിക്കുകയോ സ്വന്തമായി കൈകാര്യം ചെയ്യാൻ ശ്രമിക്കുകയോ ചെയ്യുന്നത് അപകടകരമാണെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
Content Highlight: Qatar says it will compensate for damage caused by Iran attack