'പ്രസ്ഥാനത്തിൽ അംഗങ്ങളായിരിക്കാൻ പോലും യോഗ്യരല്ല,നടപടിയില്ലാത്തത് ദയ കൊണ്ട്';ശബ്ദ രേഖ വിവാദത്തിൽ ബിനോയ് വിശ്വം

സിപിഐ സംസ്ഥാന കൗണ്‍സിലിലായിരുന്നു ബിനോയ് വിശ്വത്തിന്റെ പ്രതികരണം

dot image

തിരുവനന്തപുരം: ശബ്ദരേഖാ വിവാദത്തില്‍ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം കമലാ സദാനന്ദനും സംസ്ഥാന കൗണ്‍സില്‍ അംഗം കെ എം ദിനകരനുമെതിരെ ആഞ്ഞടിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തില്‍ അംഗങ്ങളായിരിക്കാന്‍ പോലും ഇരുവരും യോഗ്യരല്ലെന്ന് ബിനോയ് വിശ്വം പറഞ്ഞു. തന്റെ ദയ കൊണ്ടാണ് നടപടി സ്വീകരിക്കാത്തതെന്നും ഇനി ഈ വിഷയത്തില്‍ ചര്‍ച്ചയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സിപിഐ സംസ്ഥാന കൗണ്‍സിലിലായിരുന്നു ബിനോയ് വിശ്വത്തിന്റെ പ്രതികരണം. വി പി ഉണ്ണികൃഷ്ണനാണ് കൗണ്‍സിലില്‍ വീണ്ടും വിഷയം എടുത്തിട്ടത്. പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കി ഇരു നേതാക്കളും ബിനോയ് വിശ്വത്തിനെതിരെ സംസാരിക്കുന്ന ശബ്ദരേഖയാണ് പുറത്തുവന്നത്. സിപിഐ മണ്ഡലം സമ്മേളനങ്ങള്‍ പൂര്‍ത്തിയാക്കി ജില്ലാ സമ്മേളനങ്ങളിലേക്ക് കടക്കുന്നതിനിടെയാണ് വിവാദങ്ങള്‍ക്ക് തുടക്കമിട്ട് കൊണ്ട് ശബ്ദരേഖ പുറത്ത് വന്നത്.

'ബിനോയ് വിശ്വം പുണ്യവാനാകാന്‍ ശ്രമിക്കുകയാണ്. മറ്റുളളവര്‍ എന്തായാലും ഒരു കുഴപ്പമില്ലെന്നാണ്. സംസ്ഥാന എക്സിക്യൂട്ടീവില്‍ ഇരിക്കുന്നവര്‍ക്കു തന്നെ ബിനോയിയോട് ഇഷ്ടക്കുറവാണ്. ബിനോയ് വിശ്വത്തിന് പാര്‍ട്ടി സെക്രട്ടറിയുടെ ചുമതലകള്‍ വഹിക്കാനുളള കഴിവില്ല. തുമ്പിയെക്കൊണ്ട് കല്ലെടുപ്പിക്കുന്നതുപോലെയാണ് അദ്ദേഹത്തെ പാര്‍ട്ടി സെക്രട്ടറിയാക്കിയത്. അദ്ദേഹത്തിന്റെ സഹോദരി പാര്‍ട്ടി കാര്യങ്ങളില്‍ അനാവശ്യമായി ഇടപെടുന്നു. ഇങ്ങനെയാണെങ്കില്‍ അദ്ദേഹത്തിന് നാണംകെട്ട് ഇറങ്ങിപ്പോകേണ്ടി വരും,' തുടങ്ങിയ കാര്യങ്ങളാണ് ശബ്ദരേഖയില്‍ പറയുന്നത്.

കാനം രാജേന്ദ്രന് പിന്നാലെ സംസ്ഥാന സെക്രട്ടറിയായ ബിനോയ് വിശ്വത്തിന്റെ നിലപാടുകള്‍ക്കെതിരെ പാര്‍ട്ടിയില്‍ വലിയൊരു വിഭാഗത്തിന് അമര്‍ഷമുണ്ടെന്ന് വ്യക്തമാക്കുന്ന ശബ്ദരേഖയാണ് പുറത്തുവന്നത്. എന്നാല്‍ വിമര്‍ശനങ്ങള്‍ പാര്‍ട്ടിയോടുളള എതിര്‍പ്പാണെന്ന് കരുതുന്നില്ലെന്നും അങ്ങോട്ടുമിങ്ങോട്ടും പറയുകയും കേള്‍ക്കുകയും വേണമെന്നുമായിരുന്നു നേരത്തെ തന്നെ ബിനോയ് വിശ്വം പറഞ്ഞത്. സിപിഐയുടെ ചട്ടക്കൂട് പൊളളയല്ല, പൂര്‍ണവുമല്ല, സംസ്ഥാന സമ്മേളനം ഉള്‍പ്പെടെ പൂര്‍ണതയ്ക്കായുളള ശ്രമമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Content Highlights: Binoy Viswam says aginst CPI leaders on voice message controversy

dot image
To advertise here,contact us
dot image