
ആക്ഷനോടൊപ്പം നിറയെ ഡ്രാമയും ഇമോഷനും കൂടിക്കലർന്ന സിനിമയാകും കൂലിയെന്ന് സംവിധായകൻ ലോകേഷ് കനകരാജ്. ആദ്യ പകുതി ഡ്രാമയിൽ തുടങ്ങി രണ്ടാം പകുതിയിൽ ആക്ഷൻ മൂഡിലേക്ക് കടക്കുന്ന തരത്തിലാണ് സിനിമ ഒരുക്കിയിരിക്കുന്നതെന്നും ദി ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ ലോകേഷ് പറഞ്ഞു. ആഗസ്റ്റ് 14 നാണ് ചിത്രം പുറത്തിറങ്ങുന്നത്.
'ഡ്രാമയും ഇമോഷനും ഈ സിനിമയിൽ കൂടുതൽ കൊണ്ടുവരാൻ ഞാൻ ശ്രമിച്ചിട്ടുണ്ട്. ആദ്യ പകുതിയിൽ ഡ്രാമയും ഇമോഷനുമെല്ലാം നിങ്ങളെ പതിയെ കഥയുടെ ഉള്ളിലേക്ക് കൊണ്ടുപോകും. തുടർന്ന് രണ്ടാം പകുതിയിൽ ചിത്രം ഒരു ആക്ഷൻ മൂഡിലേക്ക് ഷിഫ്റ്റ് ചെയ്യും. രജനി സാറിന്റെ മറ്റൊരു മുഖം നിങ്ങളപ്പോൾ കാണും. കൂലിയ്ക്ക് ട്രെയ്‌ലറും ടീസറും ഒന്നും ഉണ്ടാകില്ലെന്ന് പലരും ട്വിറ്ററിൽ പോസ്റ്റ് ചെയ്യുന്നത് കണ്ടു. അതൊക്കെ ഞങ്ങൾ പോലും മനസ്സിൽ ആലോചിക്കാത്ത കാര്യങ്ങളാണ്', ലോകേഷ് പറഞ്ഞു.
ചിത്രത്തിന്റെ ട്രെയ്‌ലർ ആഗസ്റ്റ് രണ്ടിന് പുറത്തിറങ്ങും. കൂലിയുടെ ഡബ്ബിങ് കഴിഞ്ഞ ശേഷം രജനികാന്ത് തന്നെ കെട്ടിപ്പിടിച്ചെന്നും മണിരത്‌നം ചിത്രം 'ദളപതി' സിനിമ കണ്ട പോലെ തോന്നിയെന്നും പറഞ്ഞതായി ലോകേഷ് അഭിമുഖത്തിൽ പറഞ്ഞിരുന്നു. രജനികാന്തും ലോകേഷ് കനകരാജും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് കൂലി. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് കൂലിയുടെ നിർമ്മാണം. നേരത്തെ ചിത്രത്തിൽ അതിഥി താരമായി ബോളിവുഡ് താരം ആമീർ ഖാൻ എത്തുന്നുണ്ട്. ദഹാ എന്നാണ് സിനിമയിലെ ആമിർ ഖാന്റെ കഥാപാത്രത്തിന്റെ പേര്. സിനിമയിൽ 15 മിനിറ്റോളം നേരമാണ് ആമിർ ഖാൻ പ്രത്യക്ഷപ്പെടുക എന്നാണ് പിങ്ക് വില്ല റിപ്പോർട്ട് ചെയ്യുന്നത്.
ആമിർ ഖാൻ രജിനികാന്തിനൊപ്പം സ്ക്രീൻ ഷെയർ ചെയ്യുന്നുണ്ടെന്നും ആക്ഷൻ സീനുകൾ ഉൾപ്പെടെയുള്ള രംഗങ്ങൾ നടനായി ലോകേഷ് കനകരാജ് ഒരുക്കിവെച്ചിട്ടുണ്ടെന്നാണ് വിവരം. നാഗാർജുന അക്കിനേനി, ഉപേന്ദ്ര, സത്യരാജ്, സൗബിൻ ഷാഹിർ, ശ്രുതി ഹാസൻ, റീബ മോണിക്ക ജോൺ എന്നിവരാണ് ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അനിരുദ്ധ് രവിചന്ദർ ആണ് കൂലിയുടെ സംഗീത സംവിധാനം. ഗിരീഷ് ഗംഗാധരൻ കാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിക്കുന്നത് ഫിലോമിൻ രാജ് ആണ്.
Content Highlights: Lokesh Kanakaraj talks about Coolie