നെതന്യാഹുവിന്റെ പേരില്‍ മറ്റൊരു ഗംഭീര തോല്‍വി; യുഎസ് സഹായം അവസാനിപ്പിച്ചതില്‍ രൂക്ഷവിമര്‍ശനവുമായി യയർ ഗോലാന്‍

ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ട്രംപ് ഇസ്രയേലിന് നല്‍കുന്ന ധനസഹായം നിര്‍ത്തലാക്കുന്നതിനെ കുറിച്ച് സംസാരിച്ചത്. വിഷയത്തില്‍ മാസങ്ങള്‍ക്ക് മുമ്പ് തന്നെ നെതന്യാഹുവുമായി ധാരണയിലെത്തിയിരുന്നെന്നും അദ്ദേഹം പറഞ്ഞു.

നെതന്യാഹുവിന്റെ പേരില്‍ മറ്റൊരു ഗംഭീര തോല്‍വി; യുഎസ് സഹായം അവസാനിപ്പിച്ചതില്‍ രൂക്ഷവിമര്‍ശനവുമായി യയർ ഗോലാന്‍
dot image

ടെല്‍ അവീവ്: ഈ വര്‍ഷം അവസാനത്തോടെ അമേരിക്ക ഇസ്രയേലിന് നല്‍കിക്കൊണ്ടിരുന്ന നാല് ബില്യണ്‍ ഡോളറിന്റെ ധനസഹായം നിര്‍ത്തലാക്കാന്‍ തീരുമാനിച്ചതില്‍ ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇസ്രായേലിലെ ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവ് യയര്‍ ഗോലാന്‍. ഈ സഹായം അവസാനിക്കാന്‍ കാരണക്കാരന്‍ നെതന്യാഹു ആണെന്ന് പറഞ്ഞ ഗോലാന്‍, അദ്ദേഹത്തെ സമ്പൂര്‍ണ പരാജയമെന്നും കുറ്റപ്പെടുത്തി. എക്‌സില്‍ പങ്കുവെച്ച പോസ്റ്റിലൂടെയായിരുന്നു ഡെമോക്രാറ്റിക് നേതാവിന്റെ വിമര്‍ശനം.

അമേരിക്ക നല്‍കിവരുന്ന ധനസഹായം നിര്‍ത്തലാക്കുന്നത് രാജ്യത്തിന് മേല്‍ വലിയ തോതിലുള്ള സാമ്പത്തിക ബുദ്ധിമുട്ടുണ്ടാക്കുമെന്ന് യയര്‍ ഗോലാന്‍ ചൂണ്ടിക്കാട്ടി. ഇത് ഇസ്രയേലിന്റെ സുരക്ഷയെയും ജീവിത നിലവാരത്തെയും ഗുരുതരമായി ബാധിക്കുമെന്നും, സൈനികാവശ്യങ്ങള്‍ക്കുള്ള ധനസഹായത്തിന്റെ അധിക ബാധ്യത ജനങ്ങള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കപ്പെടുമെന്നും ഗോലാന്‍ വ്യക്തമാക്കി.

യയര്‍ ഗോലാന്‍

'ഇസ്രായേലിന്റെ പ്രതിരോധ ചെലവുകള്‍ വന്‍ തോതില്‍ വര്‍ധിച്ചിരിക്കുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം വന്നിരിക്കുന്നത്. കൂടാതെ ആക്രമിക്കാനുള്ള ആയുധങ്ങളുടെ ശേഖരം വീണ്ടും നിറയ്‌ക്കേണ്ടതുമുണ്ട്. ഈ നീണ്ടുപോകുന്ന യുദ്ധത്തില്‍ ഇസ്രയേലിന്റെ വ്യോമസേനയുടെ പ്രതിരോധ ശേഷിയും ക്ഷയിച്ചുവരികയാണ്. നെതന്യാഹുവിന്റെ പേരില്‍ മറ്റൊരു ഗംഭീര തോല്‍വിയും കുറിക്കപ്പെട്ടിരിക്കുന്നു,' യയര്‍ ഗോലാന്‍ പറഞ്ഞു.

ഉത്തരവാദിത്തമുള്ള ഒരു പ്രധാനമന്ത്രിയായിരുന്നു നെതന്യാഹുവെങ്കില്‍ യുഎസ് ധനസഹായം വര്‍ധിപ്പിക്കാനാണ് ശ്രമിക്കേണ്ടിയിരുന്നതെന്നും, ഇത് സുരക്ഷാ സാമ്പത്തിക പ്രതിസന്ധി കൂടുതല്‍ രൂക്ഷമാക്കുകയും രാജ്യത്തിന്റെ ഭാവിയെ തകര്‍ക്കുമെന്നും ഡെമോക്രാറ്റിക് നേതാവ് ചൂണ്ടിക്കാട്ടി.

ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ട്രംപ് ഇസ്രായേലിന് നല്‍കുന്ന ധനസഹായം നിര്‍ത്തലാക്കുന്നതിനെ കുറിച്ച് സംസാരിച്ചത്. വിഷയത്തില്‍ മാസങ്ങള്‍ക്ക് മുമ്പ് തന്നെ നെതന്യാഹുവുമായി ധാരണയിലെത്തിയിരുന്നെന്നും അദ്ദേഹം പറഞ്ഞു.

യുഎസിലെ ഇടക്കാല തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ആരംഭിച്ചതിന് പിന്നാലെ ഫോക്സ് ന്യൂസിന്റെ ഫോക്സ് ആന്‍ഡ് ഫ്രണ്ട്സ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ട്രംപ്. 'ഈ വര്‍ഷം അവസാനത്തോടെ ഇസ്രായേലിന് പണം നല്‍കുന്നത് അവസാനിപ്പിക്കണമെന്നത് ഞങ്ങള്‍ നേരത്തേ തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍, ഇസ്രായേലിന് ആവശ്യമുണ്ടെങ്കില്‍ ഞങ്ങള്‍ സഹായിക്കാനും തയ്യാറാണ്,' എന്നായിരുന്നു ട്രംപ് പറഞ്ഞത്.

ട്രംപും നെതന്യാഹുവും

ഏത് തരത്തിലുള്ള സഹായമാണ് നിര്‍ത്തലാക്കുന്നതെന്നതിന് ഇതുവരെ വ്യക്തത വന്നിട്ടില്ല. ട്രംപിന്റെ പ്രസ്താവനയില്‍ നെതന്യാഹുവോ ഇസ്രയേല്‍ സര്‍ക്കാരോ പ്രതികരിച്ചിട്ടില്ല. സഹായം നിര്‍ത്താനുള്ള കാരണമെന്താണ് എന്ന ചോദ്യത്തിന് ഇസ്രയേലിന് നിലവില്‍ അതിന്റെ ആവശ്യമില്ലെന്നും, അഥവാ അവര്‍ക്ക് അത്തരത്തില്‍ ആവശ്യമുണ്ടായിരുന്നെങ്കില്‍ തുടരാനായി താന്‍ തന്നെ പറയുമായിരുന്നു എന്നാണ് യുസ് പ്രസിഡന്റ് മറുപടി നല്‍കിയത്.

ഡൊണാള്‍ഡ് ട്രംപ് ഈ പ്രഖ്യാപനം നടത്തുന്നതുവരെ സൈനിക സഹായം വെട്ടിക്കുറയ്ക്കാനുള്ള തീരുമാനത്തെക്കുറിച്ച് ഇസ്രയേല്‍ ധനകാര്യ മന്ത്രാലയം അറിഞ്ഞിരുന്നില്ല എന്നാണ് പ്രൈവറ്റ് ബ്രോഡ്കാസ്റ്ററായ ചാനല്‍ 12 റിപ്പോര്‍ട്ട് ചെയ്യുന്നത്. റിപ്പോര്‍ട്ട് അനുസരിച്ച് 2027ലും 2028ലും ഇസ്രയേലിന്റെ പ്രതിരോധ ബജറ്റുകള്‍ക്ക് ഒരു പ്രധാന സാമ്പത്തിക സ്രോതസ്സായി ഈ സഹായം പ്രതീക്ഷിക്കപ്പെട്ടിരുന്നു. 2016ല്‍ ഒപ്പുവച്ച ഒരു ധാരണാപത്രം അനുസരിച്ച്, 2028 വരെ ഇസ്രായേലിന് 38 ബില്യണ്‍ ഡോളര്‍ സൈനിക സഹായം നല്‍കാന്‍ അമേരിക്ക പ്രതിജ്ഞാബദ്ധമാണ്.

ഇസ്രയേലി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ബുധനാഴ്ച ഔദ്യോഗിക അന്തിമ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നതിന് ഒരു ദിവസം മുമ്പാണ് ഗോലന്റെ പരാമര്‍ശങ്ങള്‍.

Content Highlight: Yair Golan, leader of Israel’s Democrats party, has strongly criticised Benjamin Netanyahu over the decision to end the $4 billion in US financial aid to Israel by the end of this year. Blaming Netanyahu for the termination of the aid, Golan also described him as a complete failure. The Democrats leader made the remarks in a post shared on X.

dot image
To advertise here,contact us
dot image