

ബെയ്ജിങ്: ലോകത്തിലെ ഏറ്റവും വലിയ ക്രിപ്റ്റോകറന്‍സി എക്സ്ചേഞ്ചായ ബിനാന്‍സില്‍ മോഷണം നടന്ന സംഭവത്തില്‍ ഹാക്കര്‍മാര്‍ വ്യാജ ജോലി അഭിമുഖങ്ങളും കമ്പനിയുടെ ആഭ്യന്തര എഐ ടൂളും ഉപയോഗിച്ചതായി കണ്ടെത്തല്‍. ചരിത്രത്തിലെ ഏറ്റവും വലിയ ക്രിപ്റ്റോ കറന്‍സി മോഷണമാണ് ബിനാന്‍സില്‍ നടന്നത്. റെക്കോര്‍ഡ് തുകയായ 6.3 ബില്യണ്‍ ഡോളറാണ് (ഏകദേശം 4.7 ബില്യണ്‍ പൗണ്ട്) മോഷ്ടിക്കപ്പെട്ടത്.
വളരെ ആസൂത്രിതമായി വിവിധ ഘട്ടങ്ങളിലായി നടപ്പാക്കിയ സൈബര്‍ ആക്രമണത്തിലൂടെയാണ് ഹാക്കര്‍മാര്‍ കമ്പനിയുടെ ഡിജിറ്റല്‍ സംവിധാനങ്ങളില്‍ പ്രവേശിച്ചതെന്ന് ബിനാന്‍സ് അറിയിച്ചു. ബിനാന്‍സ് എന്‍ജിനീയര്‍മാരുടെ കമ്പ്യൂട്ടറുകളില്‍ മാല്‍വെയറുകള്‍ ഡൗണ്‍ലോഡ് ചെയ്യിപ്പിച്ചും മറ്റ് സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചുമാണ് ഹാക്കര്‍മാര്‍ സംവിധാനങ്ങളുടെ നിയന്ത്രണം കൈക്കലാക്കിയത്. തുടര്‍ന്ന് കമ്പനിയുടെ ക്രിപ്റ്റോ വാലറ്റില്‍നിന്ന് കോടിക്കണക്കിന് ഡോളറിന്റെ ക്രിപ്റ്റോകറന്‍സി മോഷ്ടിക്കുകയായിരുന്നു.

സംഭവത്തില്‍ ഗുരുതരവും അതീവ സങ്കീര്‍ണവുമായ സുരക്ഷാ വീഴ്ചയാണുണ്ടായതെന്ന് വിശേഷിപ്പിച്ച ബിനാന്‍സ് ഖേദം പ്രകടിപ്പിക്കുകയും ഇത്തരമൊരു സംഭവം ഉണ്ടാകാന്‍ പാടില്ലായിരുന്നുവെന്ന് സമ്മതിക്കുകയും ചെയ്തിട്ടുണ്ട്. എക്സ് പ്ലാറ്റ്ഫോമിലെ കുറിപ്പില്‍, സോഷ്യല്‍ എന്‍ജിനീയറിങ് തന്ത്രങ്ങളിലൂടെയാണ് ഹാക്കര്‍മാര്‍ എന്‍ജിനീയര്‍മാരെ ലക്ഷ്യമിട്ടതെന്ന് കമ്പനി വ്യക്തമാക്കി. വ്യക്തികളെ കബളിപ്പിച്ച് അവരുടെ രഹസ്യവിവരങ്ങളും സ്വകാര്യ വിവരങ്ങളും കൈക്കലാക്കി അക്കൗണ്ടുകളിലേക്ക് പ്രവേശിക്കുന്ന രീതിയാണ് സോഷ്യല്‍ എന്‍ജിനീയറിങ്. ഫിഷിങ് ഉള്‍പ്പെടെയുള്ള മാര്‍ഗങ്ങളാണ് ഇതിനായി ഉപയോഗിക്കുന്നത്.
ഹാക്കിങ്ങിന്റെ ഭാഗമായി ബിനാന്‍സിലെ ഒരു എന്‍ജിനീയറെ ജോലി അന്വേഷിക്കുന്നതിനുള്ള വിശ്വസനീയമായ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമിലൂടെ ഹാക്കര്‍മാര്‍ ബന്ധപ്പെട്ടു. തുടര്‍ന്ന് വ്യാജ കമ്പനിയുടെ പ്രതിനിധികളെന്ന തരത്തില്‍ വ്യാജ ജോലി അഭിമുഖങ്ങള്‍ക്ക് ക്ഷണിച്ചു. എന്‍ജിനീയറുടെ വിശ്വാസം നേടിയെടുക്കാന്‍ കൂടുതല്‍ തന്ത്രപരമായ മാര്‍ഗങ്ങളും ഹാക്കര്‍മാര്‍ സ്വീകരിച്ചു. വ്യക്തിഗത ചിത്രങ്ങളടങ്ങിയ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ പങ്കുവെച്ചത് ഇതിന്റെ ഭാഗമായിരുന്നുവെന്നും ബിനാന്‍സ് വെളിപ്പെടുത്തി.
Content Highlights: Hackers steal $6.3 billion from Binance using fake job interviews, social engineering and compromised AI tools in a sophisticated cyberattack