'ഞാനാണ് അവരോട് പിരിയാൻ പറഞ്ഞത്, സ്ത്രീ ആയതുകൊണ്ടു അമ്മയ്ക്ക് കൂടുതൽ ഹേറ്റ് കമന്റുകൾ വന്നു'; ദയ സുജിത്ത്

സമൂഹം എന്തു ചിന്തിക്കുമെന്നായിരുന്നു അവരുടെ ആശങ്കയെന്നും താരം പറഞ്ഞു

'ഞാനാണ് അവരോട് പിരിയാൻ പറഞ്ഞത്, സ്ത്രീ ആയതുകൊണ്ടു അമ്മയ്ക്ക് കൂടുതൽ ഹേറ്റ് കമന്റുകൾ വന്നു'; ദയ സുജിത്ത്
dot image

സോഷ്യല്‍ മീഡിയയിലൂടെ താരമായ ആളാണ് നടി മഞ്ജു പിള്ളയുടെയും ഛായാഗ്രാഹകനും സംവിധായകനുമായ സുജിത് വാസുദേവിന്റെയും മകള്‍ ദയ സുജിത്ത്. തന്റേതായ നിലപാടുകളും അഭിപ്രായങ്ങളും സോഷ്യല്‍ മീഡിയയിലൂടെ തുറന്നു പറഞ്ഞിട്ടുള്ള ആളാണ് ദയ സുജിത്ത്. ഇപ്പോഴിതാ തന്റെ താപിതാക്കള്‍ വേര്‍പിരിയണമെന്ന് ആദ്യം നിര്‍ദേശിച്ചത് താനായിരുന്നുവെന്ന് പറയുകയാണ് ദയ സുജിത്ത്. കാര്‍ത്തിക് സൂര്യയുടെ യൂട്യൂബ് പോഡ്കാസ്റ്റില്‍ സംസാരിക്കുകയായിരുന്നു താരം.

'ഞാനാണ് ഒരുമിച്ച് തുടരേണ്ടതില്ലെന്ന് രണ്ടു പേരോടും പറഞ്ഞത്. അവര്‍ ഒട്ടും ഹാപ്പിയായിരിന്നില്ല. ഒരു ബന്ധത്തില്‍ മറ്റുള്ളവര്‍ മാത്രം സന്തോഷിച്ചാല്‍ പോരല്ലോ, നമ്മളും സന്തോഷിക്കണ്ടേ? ആ സമയത്ത് എനിക്ക് 17, 18 വയസ്സായിരുന്നു. എനിക്ക് വേണ്ടി ഒരുമിച്ച് തുടരേണ്ടതില്ലെന്ന് ഞാന്‍ പറഞ്ഞു.

അവരുടെ ആശങ്ക സമൂഹം എന്തു ചിന്തിക്കുമെന്നായിരുന്നു. ഇതൊക്കെ രണ്ട് വര്‍ഷം കഴിയുമ്പോള്‍ സമൂഹം മറക്കും, പക്ഷേ നമുക്ക് നമ്മുടെ സന്തോഷവും മാനസികാരോഗ്യവുമല്ലേ വലുത്. പിരിയാന്‍ തീരുമാനിക്കുന്നുണ്ടെങ്കില്‍ പിരിയാന്‍ പറഞ്ഞു. അല്ലെങ്കില്‍ അതിനെക്കുറിച്ച് ചിന്തിക്കാന്‍ പറഞ്ഞു. അങ്ങനെ പിരിഞ്ഞു, ഡിവോഴ്‌സ് ആയി. എനിക്കത് ഇഷ്ടമായി. കുറച്ചുകൂടി നേരത്തേ ഞാനത് പറയണമായിരുന്നു എന്നേ എനിക്ക് തോന്നിയിട്ടുള്ളൂ.

അമ്മയുടെ രണ്ടാം വിവാഹം കൂടി ആയിരുന്നതുകൊണ്ട്, അങ്ങനെയൊരു തീരുമാനമെടുക്കുക പ്രയാസകരമായിരുന്നു. പ്രത്യേകിച്ചും ആണധികാരമുള്ള ഒരു ഫിലിം ഇന്‍ഡസ്ട്രിയില്‍ വര്‍ക്ക് ചെയ്യുന്ന ഒരാള് കൂടെ ആയതിനാല്‍. സ്ത്രീ ആയതുകൊണ്ടുതന്നെ അമ്മയ്ക്ക് കൂടുതല്‍ ഹേറ്റ് കമന്റുകള്‍ വരുമായിരുന്നു. അച്ഛന് ലഭിച്ചതിനേക്കാള്‍ കൂടുതല്‍ ഹേറ്റ് കമന്റ്‌സ് ലഭിച്ചത് അമ്മയ്ക്കാണ്.

അവരുടെ വിവാഹമോചനത്തിനുശേഷം എന്റെ മാനസികാരോഗ്യവും മെച്ചപ്പെടുകയാണ് ചെയ്തത്. ശേഷം രണ്ടുപേരുടെയും ജീവിതം ഉയരങ്ങളിലേക്കാണ് പോകുന്നത്. കരിയറിന്റെ കാര്യത്തില്‍ മാത്രമല്ല ആരോഗ്യകാര്യത്തിലും അമ്മ ഒരുപാട് മെച്ചപ്പെട്ടു. അച്ഛന് അദ്ദേഹത്തിന്റെ പാഷനില്‍ തന്നെ മുന്നോട്ടുപോകാന്‍ പറ്റി. ചിലപ്പോള്‍ നിങ്ങള്‍ ചിലതൊക്കെ വിട്ടുകളയുന്നതായിരിക്കും നല്ലത്.

2000ലാണ് മഞ്ജു പിള്ളയും സുജിത് വാസുദേവും വിവാഹിതരായത്. 2020 മുതല്‍ വേര്‍പിരിഞ്ഞു താമസിച്ചിരുന്ന ഇരുവരും 2024ല്‍ നിയമപരമായി വിവാഹമോചിതരായി. വേര്‍പിരിഞ്ഞെങ്കിലും സൗഹൃദം തുടരുകയാണെന്ന് സുജിത് നേരത്തെ വ്യക്തമാക്കിയിരുന്നു'-ദയ സുജിത്ത് പറഞ്ഞു.

Content Highlights: Daya Sujith, the daughter of Sujith Vasudevan and Manju Pillai, says that it was she who asked her parents to separate.

dot image
To advertise here,contact us
dot image