

തിരുവനന്തപുരം: ജിഎന്‍എ-കെഎസ്ഇബി കരാറില്‍ വിശദീകരണവുമായി മുഖ്യമന്ത്രി വി ഡി സതീശന്‍. ഹിമാചലില്‍ നിന്നും വൈദ്യുതി വാങ്ങുന്നതിനേക്കള്‍ 2,000 കോടിയുടെ ലാഭമാണ് ജിഎന്‍എയില്‍ നിന്നും വൈദ്യുതി വാങ്ങുന്നത് വഴി സര്‍ക്കാരിന് ലഭിക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. പീക്ക് അവറില്‍ ജിഎന്‍എയില്‍ നിന്നും കൂടുതല്‍ വൈദ്യുതി ലഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്വകാര്യ കമ്പനിയില്‍ നിന്നും വൈദ്യുതി വാങ്ങാന്‍ വേണ്ടിയാണ് സര്‍ക്കാര്‍ നീക്കമെന്ന പ്രതിപക്ഷ ആരോപണത്തിലും മുഖ്യമന്ത്രി പ്രതികരിച്ചു.
'14 രൂപ 50 പൈസയ്ക്ക് വൈദ്യുതി നല്‍കാമെന്ന് പറയുന്ന ഹിമാചല്‍ സര്‍ക്കാരിന്റെ പ്രൊപ്പോസലും 8 രൂപ 63 പൈസയ്ക്ക് വൈദ്യുതി നല്‍കാമെന്ന സ്വകാര്യ സ്ഥാപനമായ ജിഎന്‍എയുടെ പ്രൊപ്പോസലുമായിരുന്നു എന്റെ മുന്നിലുണ്ടായിരുന്നത്. ഹിമാചല്‍ സര്‍ക്കാരിന്റെ പ്രൊപ്പോസലില്‍ ഒപ്പുവെച്ചാല്‍ 2,232 കോടിയുടെ അധിക ബാധ്യതയുണ്ടാകും. അതിനാലാണ് ജിഎന്‍എയില്‍ നിന്നും വാങ്ങാന്‍ തീരുമാനിച്ചത്. ഒന്നും അന്വേഷിക്കാതെയാണ് പ്രതിപക്ഷ നേതാവ് സ്വകാര്യ കമ്പനിയാണെന്ന ആക്ഷേപം ഉന്നയിക്കുന്നത്. അദ്ദേഹത്തിന്റെ സര്‍ക്കാരിന്റെ കാലത്ത് 2025ല്‍ ഇതേ കമ്പനിയില്‍ നിന്നും വൈദ്യുതി വാങ്ങിയിട്ടുണ്ട്. സ്വകാര്യകമ്പനിയില്‍ നിന്നാണ് അദ്ദേഹത്തിന്റെ കാലത്ത് വൈദ്യുതി വാങ്ങിയത്', വി ഡി സതീശന്‍ പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിന് ഏറ്റവും കുറഞ്ഞ നിരക്കില്‍ വൈദ്യുതി വാങ്ങി നല്‍കേണ്ടയാളാണ് താന്‍. പിണറായി സര്‍ക്കാരിന്റെ കാലത്തും ജിഎന്‍എയില്‍ നിന്നും വൈദ്യുതി വാങ്ങിയിട്ടുണ്ട്. ഇവിടെ നിന്നും വൈദ്യുതി വാങ്ങുന്നതിനെ മന്ത്രിയോ ചെയര്‍മാനോ എതിര്‍ത്തിട്ടില്ലെന്നും വി ഡി സതീശന്‍ വ്യക്തമാക്കി. കെഎസ്ഇബി ചെയര്‍മാന്റേത് സ്വാഭാവിക സ്ഥലംമാറ്റമാണെന്നും വി ഡി സതീശന്‍ വ്യക്തമാക്കി.
പിഎസ്‌സി ചെയര്‍മാനെ പിരിച്ചുവിടണമെന്ന ശുപാര്‍ശയില്‍ മുന്‍ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറെ മുഖ്യമന്ത്രി തള്ളി. നടപടിക്രമം അനുസരിച്ചല്ല ഗവര്‍ണറുടെ നീക്കമെന്നും സര്‍ക്കാരിനോട് ആലോചിച്ചാണ് അത്തരം കാര്യങ്ങള്‍ ചെയ്യേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗവര്‍ണര്‍ അത്തരമൊരു ശുപാര്‍ശ കൊടുത്തുവെന്നതിന്റെ പേരില്‍ പിഎസ്‌സി ക്രമക്കേടുകളെ മറയ്ക്കാനാകില്ല. ഇതും പറഞ്ഞ് പ്രതിപക്ഷം പിഎസ്‌സിക്കാരെ രക്ഷിക്കാനിറങ്ങി. പിഎസ്‌സി ക്രമക്കേട് സംബന്ധിച്ച് ഞെട്ടിക്കുന്ന വിവരങ്ങളാണ് ഉള്ളത്. സ്വന്തക്കാരെയും പാര്‍ട്ടി ബന്ധുക്കളെയെല്ലാമാണ് നിയമിക്കുകയാണ്. പിഎസ്‌സിയുടെ വിശ്വാസ്യത വീണ്ടെടുക്കും. കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരും. അതിന് വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കുമെന്നും വി ഡി സതീശന്‍ പറഞ്ഞു.
അന്താരാഷ്ട്ര മാരിടൈം മ്യൂസിയത്തിന്റെയും ഓഷ്യനേറിയത്തിന്റെയും പ്രാരംഭഘട്ട നടപടികള്‍ ആരംഭിച്ചതായി മുഖ്യമന്ത്രി വി ഡി സതീശന്‍ പറഞ്ഞു. സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതികളാണ് ഇവയെന്നും പദ്ധതികളുടെ കരടിന് അംഗീകാരം നല്‍കിയെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
Content Highlights: GNA-KSEB Agreement: Chief Minister V.D. Satheesan Offers Clarification