

ലോകത്തിലെ ഏറ്റവും തിരക്കേറിയ അന്താരാഷ്ട്ര വിമാനത്താവളമെന്ന പ്രൗഢമായ പദവി വീണ്ടും നിലനിർത്തി ദുബായ് ഇന്റർനാഷണൽ എയർപോർട്ട്. പ്രമുഖ ആഗോള ഏവിയേഷൻ ഡാറ്റാ ദാതാക്കളായ 'ഒ.എ.ജി' (OAG) പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം, നവംബർ മാസത്തിൽ പുറപ്പെടുന്ന വിമാനങ്ങളിലായി മാത്രം 44.7 ലക്ഷം അന്താരാഷ്ട്ര സീറ്റുകളാണ് വിമാനക്കമ്പനികൾ ഇവിടെ ലഭ്യമാക്കിയത്. വരവും പോക്കുമടക്കം ഇത് ഏകദേശം 89.4 ലക്ഷം സീറ്റുകൾക്ക് തുല്യമാണ്.
ലണ്ടനിലെ ഹീത്രൂ എയർപോർട്ടിനെ വലിയ വ്യത്യാസത്തിൽ പിന്നിലാക്കിയാണ് ദുബായ് എയർപോർട്ട് ഒന്നാം സ്ഥാനം നിലനിർത്തിയത്. രണ്ടാം സ്ഥാനത്തുള്ള ഹീത്രൂവിൽ 37.9 ലക്ഷം അന്താരാഷ്ട്ര സീറ്റുകളാണുള്ളത്. കൊറിയയിലെ സിയൂൾ ഇഞ്ചിയോൺ എയർപോർട്ട് (37 ലക്ഷം സീറ്റുകൾ) മൂന്നാം സ്ഥാനത്തും സിംഗപ്പൂരിലെ ചാങ്കി എയർപോർട്ട് (35.8 ലക്ഷം) നാലാം സ്ഥാനത്തും ആംസ്റ്റർഡാമിലെ ഷിപോൾ എയർപോർട്ട് (32.5 ലക്ഷം) അഞ്ചാം സ്ഥാനത്തുമെത്തി.
ഹോങ്കോംഗ് ഇന്റർനാഷണൽ എയർപോർട്ട്, ഇസ്താംബുൾ, പാരീസ് ചാൾസ് ഡി ഗല്ലെ, ബാങ്കോക്കിലെ സുവർണ്ണഭൂമി, ഫ്രാങ്ക്ഫർട്ട് എന്നിവയാണ് ആദ്യ പത്ത് സ്ഥാനങ്ങളിൽ ഇടംപിടിച്ച മറ്റ് വിമാനത്താവളങ്ങൾ. ആഭ്യന്തര വിമാന സർവീസുകൾ കൂടി ഉൾപ്പെടുത്തിയുള്ള ആകെ സീറ്റുകളുടെ കണക്കിൽ അത്ലാന്റ, ഷിക്കാഗോ, ടോക്കിയോ വിമാനത്താവളങ്ങൾക്ക് പിന്നിലായി ദുബായ് നാലാം സ്ഥാനത്തുണ്ട്.
എമിറേറ്റ്സ്, ഫ്ലൈദുബായ് എന്നീ പ്രമുഖ വിമാനക്കമ്പനികളുടെ പ്രധാന ഹബ്ബായ ദുബായ് ഇന്റർനാഷണൽ എയർപോർട്ട് ഏഷ്യ, യൂറോപ്പ്, ആഫ്രിക്ക, അമേരിക്ക എന്നീ ഭൂഖണ്ഡങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന പ്രധാന ട്രാൻസിറ്റ് കേന്ദ്രമായി തുടരുകയാണ്. ലോകത്തിലെ വിവിധ അന്താരാഷ്ട്ര വിമാനക്കമ്പനികളുടെ സർവീസുകൾ വർദ്ധിച്ചതാണ് ദുബായിക്ക് ഈ ചരിത്രനേട്ടം തുടർച്ചയായി സ്വന്തമാക്കാൻ സഹായകരമായത്.
Content Highlights: Dubai International Airport retains its position as the world's busiest airport for international passengers, handling a record 95.2 million travellers in 2025.