7 ഉപാധികൾ അംഗീകരിക്കാതെ ഹോർമുസ് തുറക്കില്ലെന്ന് ഇറാൻ; ചർച്ചകൾ പുരോഗമിക്കുകയാണെന്ന് ട്രംപ്

യുദ്ധം അവസാനിപ്പിക്കാനായി മുന്നോട്ടുവച്ച ഏഴ് ഉപാധികൾ അംഗീകരിക്കാതെ അമേരിക്കയുമായി യാതൊരുവിധ ചർച്ചകൾക്കുമില്ലെന്ന് ഇറാൻ.

7 ഉപാധികൾ അംഗീകരിക്കാതെ ഹോർമുസ് തുറക്കില്ലെന്ന് ഇറാൻ; ചർച്ചകൾ പുരോഗമിക്കുകയാണെന്ന് ട്രംപ്
dot image

ടെഹ്റാൻ: യുദ്ധം അവസാനിപ്പിക്കാനായി മുന്നോട്ടുവച്ച ഏഴ് ഉപാധികൾ അംഗീകരിക്കാതെ അമേരിക്കയുമായി യാതൊരുവിധ ചർച്ചകൾക്കുമില്ലെന്ന് ഇറാൻ. ഈ ഉപാധികൾ അംഗീകരിക്കുന്നത് വരെ ഹോർമുസ് കടലിടുക്ക് തുറക്കില്ലെന്നും ഇറാൻ വ്യക്തമാക്കി. എന്നാൽ അമേരിക്ക തങ്ങളുടെ വ്യവസ്ഥകൾ അംഗീകരിച്ചാൽ രണ്ടുദിവസത്തിനുള്ളിൽ ഹോർമുസ് തുറക്കാമെന്ന് ഖത്തർ പ്രതിനിധികളുമായി നടക്കുന്ന ചർച്ചയിൽ വ്യക്തമാക്കിയതായി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു.

അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് അയച്ച കത്ത് ലഭിച്ചതായി ഇറാന്റെ ദേശീയ സുരക്ഷാ മേധാവി മൊഹ്‌സെൻ റെസായി അറിയിച്ചു. ഇതൊരു അനുകൂല സൂചനയായാണ് കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ രാജ്യത്തിന്റെ ആണവ പദ്ധതികളിൽ മാറ്റം വരുത്തുന്ന കാര്യത്തിൽ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, ഇറാനെ ആക്രമിക്കുന്ന കാര്യത്തിൽ അമേരിക്ക ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പ്രതികരിച്ചു. സൈനിക നടപടിക്ക് പകരം നയതന്ത്രതലത്തിൽ തന്നെ പ്രശ്നത്തിന് പരിഹാരം കാണാനാണ് അമേരിക്ക ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ഇറാൻ അമേരിക്കയുമായി ഒരു കരാറിലെത്താൻ ആഗ്രഹിക്കുന്നുണ്ടെന്നും ചർച്ചകൾ നല്ല രീതിയിൽ പുരോഗമിക്കുകയാണെന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു. ഫ്ലോറിഡയിൽ ഒരു ഹാലോവീൻ പാർട്ടിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. "ഇറാൻ ഒരു കരാറിലെത്താൻ ആഗ്രഹിക്കുന്നുണ്ട്, പക്ഷേ അവരെ പൂർണ്ണമായി വിശ്വസിക്കാനാകില്ല. മുൻപ് പലപ്പോഴും കരാറുകളിൽ ഒപ്പുവെച്ച ശേഷം അവർ അതിൽ നിന്ന് പിന്മാറിയിട്ടുണ്ട്. എന്തായാലും അവർക്കൊരു കരാർ വേണം, അത് നടക്കുമോ എന്ന് നമുക്ക് കാത്തിരുന്ന് കാണാം', ട്രംപ് പറഞ്ഞു.

US President Donald Trump speaks to members of the press as he arrives for a Halloween party at his Mar-a-Lago residence in Palm Beach, Florida on October 31, 2026
ഫ്ലോറിഡയിലെ പാം ബീച്ചിലുള്ള തൻ്റെ വസതിയിൽ ഹാലോവീൻ പാർട്ടിയിൽ പങ്കെടുക്കാൻ എത്തിയ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നു.

ഖത്തർ മധ്യസ്ഥതയിലുള്ള ചർച്ചകൾക്ക് എന്തെങ്കിലും സമയപരിധിയുണ്ടോ എന്ന ചോദ്യത്തിന്, 'ഞങ്ങൾക്ക് അത്ര തിടുക്കമില്ല' എന്നായിരുന്നു ട്രംപിൻ്റെ മറുപടി. അതേസമയം ഇറാൻ്റെ നാവിക വ്യോമ സേനയെ അമേരിക്കൻ സൈന്യം തകർത്തുവെന്ന അവകാശവാദവും ട്രംപ് ആവർത്തിച്ചു. ഇറാൻ്റെ ആണവ കേന്ദ്രം സ്ഥിതിചെയ്യുന്നതായി അമേരിക്ക സംശയിക്കുന്ന 'പിക്ക് ആക്സ്' പർവതത്തിൽ ആക്രമണം നടത്തുമെന്ന ഭീഷണിയും ട്രംപ് മുഴക്കി. ഇറാനെതിരെ പുതിയ ആക്രമണങ്ങൾക്ക് ഉത്തരവിടുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തെ 'മണ്ടത്തരം' എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. 'ഞാൻ അങ്ങനെ ചെയ്തുവെന്ന് കരുതുക, ഞാൻ അത് നിങ്ങളോട് പറയുമോ?' അദ്ദേഹം കൂട്ടിച്ചേർത്തു. ഇറാനുമായുള്ള നയതന്ത്ര ചർച്ചകൾ ഒരു വശത്ത് പുരോഗമിക്കുമ്പോഴും അമേരിക്കയുടെ സൈനിക ഭീഷണി തുടരുമെന്നതിൻ്റെ വ്യക്തമായ സൂചനയാണ് ട്രംപിന്റെ വാക്കുകൾ നൽകുന്നത്.

പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ദോഹയിൽ ഇറാൻ-ഖത്തർ മധ്യസ്ഥ ചർച്ചകൾ പുരോഗമിക്കുകയാണ്. അതിനിടെ, അമേരിക്കയുടെ ഭാഗത്തുനിന്ന് ഏതെങ്കിലും തരത്തിലുള്ള സൈനിക ആക്രമണമുണ്ടായാൽ ശക്തമായി തിരിച്ചടിക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. ഇതിന് ആവശ്യമായ എല്ലാ തയ്യാറെടുപ്പുകളും നടത്താൻ ഇറാൻ്റെ പരമോന്നത നേതാവ് സൈന്യത്തിന് നിർദ്ദേശം നൽകിയിട്ടുണ്ട്. ഒക്ടോബറിൽ ഹോർമുസ് കടലിടുക്കിൽ കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണങ്ങൾ റെക്കോർഡ് നിരക്കിലാണ്. 35 ആക്രമണങ്ങൾ ഈ മാസം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇറാനിയൻ തുറമുഖങ്ങൾക്കെതിരെ നാവിക ഉപരോധം ഏർപ്പെടുത്തിയതിൻ്റെ ഭാഗമായി 144 വാണിജ്യ കപ്പലുകൾ തിരിച്ചുവിട്ടതായി യുഎസ് സെൻട്രൽ കമാൻഡ് അവകാശപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് മേഖലയിൽ സംഘർഷം രൂക്ഷമായത്.

Content Highlights: Iran Sets 7 Conditions to Reopen Strait of Hormuz as Trump Says Talks Progress

dot image
To advertise here,contact us
dot image