യെമന്‍ ആഭ്യന്തര യുദ്ധം; പലായനം ചെയ്തത് 2,90,000 പേര്‍, ഗര്‍ഭിണികള്‍ക്കും ദുരിതം: യുഎന്‍ റിപ്പോര്‍ട്ട്

യെമന്‍ സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന സേനയും ഹൂതി വിമതരും തമ്മിലുള്ള പോരാട്ടം തായിസ് ഗവര്‍ണറേറ്റിലും തീരപ്രദേശങ്ങളിലും കൂടുതല്‍ രൂക്ഷമായിരിക്കുകയാണ്

യെമന്‍ ആഭ്യന്തര യുദ്ധം; പലായനം ചെയ്തത് 2,90,000 പേര്‍, ഗര്‍ഭിണികള്‍ക്കും ദുരിതം: യുഎന്‍ റിപ്പോര്‍ട്ട്
dot image

റിയാദ്: യെമനില്‍ ഓഗസ്റ്റ് മാസത്തില്‍ യുദ്ധം വീണ്ടും പൊട്ടിപ്പുറപ്പെട്ടതിനെത്തുടര്‍ന്ന് കുറഞ്ഞത് 2,90,000 പേര്‍ക്ക് പലായനം ചെയ്യേണ്ടി വന്നതായി ഐക്യരാഷ്ട്രസഭയുടെ മാനുഷിക കാര്യാലയം (OCHA). ഇത് ഗര്‍ഭിണികള്‍ക്ക് ഗുരുതരമായ ഭീഷണിയാണ് ഉയര്‍ത്തുന്നത്. അന്താരാഷ്ട്രതലത്തില്‍ അംഗീകരിക്കപ്പെട്ട യെമന്‍ സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന സേനയും ഹൂതി വിമതരും തമ്മിലുള്ള പോരാട്ടം, പ്രത്യേകിച്ച് തായിസ് ഗവര്‍ണറേറ്റിലും തീരപ്രദേശങ്ങളിലും കൂടുതല്‍ രൂക്ഷമായിരിക്കുകയാണ്. ആയിരക്കണക്കിന് ആളുകള്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

യെമനിലെ 65,000 അഭയാര്‍ത്ഥികളും അഭയം തേടിയെത്തിയവരും അതിവേഗം വഷളായിക്കൊണ്ടിരിക്കുന്ന ഒരു സാഹചര്യത്തെയാണ് നേരിടുന്നതെന്ന് വെള്ളിയാഴ്ച പുറത്തിറങ്ങിയ OCHA റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു. സേവനങ്ങള്‍ തടസ്സപ്പെട്ടതും, ഭക്ഷണത്തിനും ഇന്ധനത്തിനുമുള്ള വില കുതിച്ചുയരുന്നതുമാണ് ഈ പ്രതിസന്ധിക്ക് കാരണം. പുതുതായി പലായനം ചെയ്യാന്‍ നിര്‍ബന്ധിതരായവരില്‍ 6,100 ഗര്‍ഭിണികളുണ്ട്. ഇതില്‍ 600 പേര്‍ അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ പ്രസവിക്കാന്‍ സാധ്യതയുള്ളവരാണ് എന്നാണ് റിപ്പോര്‍ട്ടിലുള്ളത്.

ഐക്യരാഷ്ട്രസഭ പലായനം ചെയ്തവര്‍ കഴിയുന്ന സ്ഥലങ്ങളിലേക്ക് മൊബൈല്‍ ടീമുകളെയും മിഡ്വൈഫുമാരെയും (പ്രസവ ശുശ്രൂഷകര്‍) അയച്ചിട്ടുണ്ട്. കൂടാതെ, വിവിധ സഹായ സംഘടനകള്‍ക്ക് ഏകദേശം 2,49,000 ആളുകള്‍ക്ക് (പലായനം ചെയ്തവരില്‍ നാലില്‍ മൂന്ന് പേര്‍) ഭക്ഷണം, ശുചിത്വ വസ്തുക്കള്‍, അടിയന്തര ധനസഹായം എന്നിവ എത്തിച്ചുനല്‍കാന്‍ സാധിച്ചു.യുദ്ധം പല മേഖലകളിലും രൂക്ഷമാവുകയും അതിര്‍ത്തി കടന്ന് സൗദി അറേബ്യയിലേക്ക് വ്യാപിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ആളുകള്‍ കൂട്ടത്തോടെ പലായനം ചെയ്യുന്നത്.

ശനിയാഴ്ച റിയാദ് മേഖലയ്ക്ക് മുകളില്‍ വെച്ച്, സൗദി നേതൃത്വത്തിലുള്ള സഖ്യസേന ഡ്രോണ്‍ തടയുകയും നശിപ്പിക്കുകയും ചെയ്തതായി അറിയിച്ചു. അധികൃതര്‍ സംഭവസ്ഥലത്ത് പരിശോധന തുടരുകയാണെന്ന് സഖ്യസേനയുടെ വക്താവ് തുര്‍ക്കി അല്‍-മാല്‍ക്കി 'എക്‌സില്‍ കുറിച്ചു. എന്നാല്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ റിയാദ് മേഖലയില്‍ നടക്കുന്ന രണ്ടാമത്തെ സംഭവമാണിത്. മക്ക, മദീന, റിയാദ് എന്നിവിടങ്ങള്‍ക്ക് സമീപം ഡ്രോണുകള്‍ വെടിവെച്ചിട്ടതായും, സൗദി അറേബ്യയുടെ തെക്കന്‍ മേഖല ലക്ഷ്യമാക്കി ഹൂതികള്‍ തൊടുത്തുവിട്ട ഒരു മിസൈല്‍ തടഞ്ഞതായും വെള്ളിയാഴ്ച സൗദി അറേബ്യ അറിയിച്ചിരുന്നു.

സൗദി പ്രദേശത്തേക്ക് തങ്ങള്‍ ഡ്രോണുകള്‍ അയച്ചിട്ടില്ലെന്ന് ഹൂതി സൈനിക വക്താവ് യഹ്യ സരീ വ്യക്തമാക്കി. ആരോപണങ്ങളും തികച്ചും അസംബന്ധമാണെന്നും അദ്ദേഹം പറഞ്ഞു. സൗദി തലസ്ഥാനം, വിമാനത്താവളങ്ങള്‍, എണ്ണ അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയ്ക്കെതിരായ ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കുമ്പോഴും, ഇസ്ലാം മതത്തിലെ ഏറ്റവും പവിത്രമായ രണ്ട് നഗരങ്ങളെ ലക്ഷ്യമിട്ടിട്ടുണ്ടെന്ന ആരോപണങ്ങള്‍ ഈ സംഘം ആവര്‍ത്തിച്ച് നിഷേധിച്ചിട്ടുണ്ട്.ഒക്ടോബര്‍ 10-ന് റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഹൂതികള്‍ നടത്തിയ ആക്രമണത്തില്‍ 13 പേര്‍ കൊല്ലപ്പെടുകയും 300-ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ഒരു ദശകത്തിലേറെ കാലത്തിനിടയില്‍ സൗദി മണ്ണില്‍ നടന്ന ഏറ്റവും മാരകമായ ആക്രമണമായിരുന്നു ഇത്.

Content Highlights: At least 290,000 people have been displaced in Yemen following the resumption of fighting in August, according to the United Nations Office for the Coordination of Humanitarian Affairs (OCHA). The renewed conflict has created serious risks for pregnant women. Clashes between forces supporting the internationally recognised Yemeni government and Houthi rebels have intensified, particularly in Taiz governorate and coastal areas. Reports indicate that thousands of people have been killed in the ongoing conflict.

dot image
To advertise here,contact us
dot image