

ഹോങ്കോങ് സിക്‌സസ് 2026 ടൂര്‍ണമെന്റിലെ മത്സരത്തില്‍ ഇന്ത്യയ്ക്കെതിരെ പാകിസ്താന്‍ വിജയം നേടിയതിന് പിന്നാലെ പാകിസ്താന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് പങ്കുവെച്ച ആശംസാ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ കടുത്ത പരിഹാസത്തിന് ഇരയാകുന്നു. ക്രിക്കറ്റ് ഹോങ്കോങ്ങും ഐസിസിയും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ആറ് പേര്‍ അടങ്ങുന്ന ഫാസ്റ്റ് പേസ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ വെള്ളിയാഴ്ചയാണ് ഇന്ത്യയും പാകിസ്താനും ഏറ്റുമുട്ടിയത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 6 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 88 റണ്‍സെടുത്തു. 11 പന്തില്‍ 40 റണ്‍സടിച്ച ശശാങ്ക് സിംഗ് മാത്രമാണ് ഇന്ത്യന്‍ നിരയില്‍ തിളങ്ങിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ പാകിസ്താന്‍ വെറും 3.5 ഓവറില്‍ 4 വിക്കറ്റിന് വിജയലക്ഷ്യം മറികടന്നു. 12 പന്തില്‍ 41 റണ്‍സ് നേടിയ ഖവാജ നാഫെ, 8 പന്തില്‍ 35 റണ്‍സെടുത്ത ക്യാപ്റ്റന്‍ അബ്ബാസ് അഫ്രീദി എന്നിവരാണ് പാകിസ്താന്റെ വിജയം എളുപ്പമാക്കിയത്.
എന്നാല്‍ ഈ വിജയത്തിന് പിന്നാലെ പാകിസ്താന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് പാക് ടീമിനെയും പിസിബി ചെയര്‍മാനെയും അഭിനന്ദിച്ച് എക്സില്‍ കുറിച്ച സന്ദേശമാണ് ചര്‍ച്ചയായത്: 'ഹോങ്കോങ് സിക്‌സസ് 2026-ന്റെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്കെതിരെ 4 വിക്കറ്റിന്റെ മികച്ച വിജയം നേടിയ നമ്മുടെ താരങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍! അതൊരു നല്ല ക്രിക്കറ്റ് മത്സരമായിരുന്നു. കളിക്കാരെ ഒരുക്കുന്നതിനും പിന്തുണയ്ക്കുന്നതിനും നല്‍കിയ സംഭാവനകള്‍ക്ക് പിസിബി ചെയര്‍മാന്‍ മൊഹ്‌സിന്‍ നഖ്വിയെയും അദ്ദേഹത്തിന്റെ സംഘത്തെയും ഞാന്‍ അഭിനന്ദിക്കുന്നു' -ഷെഹ്ബാസ് ഷെരീഫ് കുറിച്ചു.
ഏഷ്യാ കപ്പോ ലോകകപ്പോ പോലെ ഔദ്യോഗിക പ്രാധാന്യമില്ലാത്ത ഒരു എക്‌സിബിഷന്‍ ലെവല്‍ ടൂര്‍ണമെന്റിലെ വിജയത്തില്‍ രാജ്യത്തിന്റെ പ്രധാനമന്ത്രി തന്നെ പരസ്യമായി രംഗത്തെത്തിയതാണ് സോഷ്യല്‍ മീഡിയയില്‍ ചിരിക്ക് വഴിതുറന്നത്. നിരവധി പേരാണ് പോസ്റ്റിന് താഴെ പ്രധാനമന്ത്രിയെ പരിഹസിച്ച് രംഗത്തെത്തിയത്: 'ഇതൊരു വലിയ നേട്ടമല്ലേ, അതുകൊണ്ട് രാജ്യത്ത് ഒരു ആഴ്ചത്തേക്ക് പൊതു അവധി പ്രഖ്യാപിക്കൂ!' എന്നാണ് കളിയാക്കല്‍. 'ഹോങ്കോംഗ് സിക്‌സസ് എന്നത് ഗല്ലി ക്രിക്കറ്റ് മാത്രമാണ്, അതിനാണ് രാജ്യത്തിന്റെ പ്രധാനമന്ത്രി പോസ്റ്റിടുന്നത്' എന്നും പരിഹാസമുണ്ട്. 'ഇതൊരു ആദ്യ മത്സരവുമല്ല, ഇന്ത്യയുമായി കളിക്കുന്നതിന് രണ്ട് മണിക്കൂര്‍ മുമ്പ് പാകിസ്താന്‍ യുഎഇയോട് തോറ്റത് പ്രധാനമന്ത്രി മറന്നോ?' എന്ന് ചിലര്‍ ചൂണ്ടിക്കാട്ടി.
content highlights: 'Declare a National Holiday': Cricket Fans Troll Pakistan PM Shehbaz Sharif