ബിനാൻസിൽ വൻ ക്രിപ്റ്റോ കൊള്ള; 20 മിനിറ്റിൽ കോടികളുടെ ക്രിപ്റ്റോ കവർന്നു, പിന്നിൽ ഉത്തരകൊറിയൻ ഹാക്കർമാരോ?

ബിനാന്‍സില്‍ നിന്ന് 59,819 കോടി രൂപയുടെ ഡിജിറ്റല്‍ ആസ്തികളാണ് തട്ടിയെടുത്തത്

ബിനാൻസിൽ വൻ ക്രിപ്റ്റോ കൊള്ള; 20 മിനിറ്റിൽ കോടികളുടെ ക്രിപ്റ്റോ കവർന്നു, പിന്നിൽ ഉത്തരകൊറിയൻ ഹാക്കർമാരോ?
dot image

ബെയ്ജിങ്: ബിനാന്‍സില്‍ കോടികളുടെ ക്രിപ്‌റ്റോ കറന്‍സി കൊള്ള നടന്ന സംഭവത്തിന് പിന്നില്‍ ഉത്തരകൊറിയന്‍ ഹാക്കര്‍മാരാണെന്ന് ബ്ലോക്ക്‌ചെയിന്‍ അനലിറ്റിക്‌സ് കമ്പനികള്‍. ലോകത്തിലെ ഏറ്റവും വലിയ ക്രിപ്‌റ്റോകറന്‍സി എക്‌സ്‌ചേഞ്ചായ ബിനാന്‍സില്‍ നിന്ന് 59,819 കോടി രൂപയുടെ ഡിജിറ്റല്‍ ആസ്തികളാണ് തട്ടിയെടുത്തത്. ഉത്തരകൊറിയന്‍ ഹാക്കിങ് സംഘമായ ലാസറസ് ഗ്രൂപ്പാണ് ആക്രമണത്തിന് പിന്നിലെന്നാണ് ബ്ലോക്‌ചെയിന്‍ അന്വേഷണ കമ്പനിയായ ടിആര്‍എം ലാബ്‌സും ചെയിനാലിസിസും വിലയിരുത്തുന്നത്. ട്രേഡര്‍ ട്രെയ്റ്റര്‍ എന്ന പേരിലും അറിയപ്പെടുന്ന ഈ സംഘത്തിന്റെ പങ്ക് സംബന്ധിച്ച് ശക്തമായ തെളിവുകളുണ്ടെന്നും കമ്പനികള്‍ വ്യക്തമാക്കി.

ചരിത്രത്തിലെ ഏറ്റവും വലിയ ക്രിപ്‌റ്റോ കറന്‍സി മോഷണങ്ങളിലൊന്നാണിത്. വെറും 20 മിനിറ്റിനുള്ളില്‍ ഹാക്കര്‍മാര്‍ ആസ്തികള്‍ സ്വകാര്യ വാലറ്റുകളിലേക്ക് മാറ്റി. ഇതോടെ ക്രിപ്‌റ്റോ വിപണിയുടെ സുരക്ഷയെക്കുറിച്ച് ആഗോളതലത്തില്‍ ആശങ്ക ശക്തമാവുകയാണ്.

Also Read:

ബിനാന്‍സുമായി ബന്ധപ്പെട്ട് ഒരു ലാപ്‌ടോപ്പ് ഹാക്ക് ചെയ്യുകയും അതിലൂടെ ഹാക്കര്‍മാര്‍ക്ക് ഡിജിറ്റല്‍ സര്‍വീസ് കണ്ടെയ്‌നറിലേക്ക് പ്രവേശിക്കാനാകുകയും ചെയ്തുവെന്നാണ് ബിനാന്‍സ് അറിയിച്ചിരിക്കുന്നത്. ഇതൊരു സങ്കീര്‍ണമായ സൈബര്‍ ആക്രമണമായിരുന്നുവെന്ന് ബിനാന്‍സ് സഹ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ റിച്ചാര്‍ഡ് ടെങ് പ്രതികരിച്ചു. ഇടപാടുകള്‍ക്ക് അനുമതി നല്‍കുന്ന ബിനാന്‍സിന്റെ സൈനിങ് ഇന്‍ഫ്രാസ്ട്രക്ചറാണ് ഹാക്കര്‍മാര്‍ ചോര്‍ത്തിയത്. ഇതിലൂടെ വാലറ്റുകളിലെ പണം പിന്‍വലിക്കാന്‍ ഹാക്കര്‍മാര്‍ക്ക് സാധിച്ചു.

Hacker
ഹാക്കര്‍ പ്രതീകാത്മക ചിത്രം

കഴിഞ്ഞ വ്യാഴാഴ്ചയാണ് മോഷണം നടന്നത്. ഏകദേശം 20 മിനിറ്റിനുള്ളില്‍ ഭൂരിഭാഗം പണവും കൈക്കലാക്കിയതായി ബ്ലോക്ക്‌ചെയിന്‍ രേഖകള്‍ വ്യക്തമാക്കുന്നു. പണം കൈക്കലാക്കിയതിന് പിന്നാലെ ബിനാന്‍സിനും മറ്റ് ഇടപാട് പങ്കാളികള്‍ക്കും തിരിച്ചുപിടിക്കാനോ മരവിപ്പിക്കാനോ കഴിയാത്തവിധം ഡിജിറ്റല്‍ ആസ്തികള്‍ വിവിധ ഇടങ്ങളിലേക്ക് ഹാക്കര്‍മാര്‍ മാറ്റിയിരുന്നു. എന്നാല്‍ മോഷ്ടിക്കപ്പെട്ട ആസ്തികളില്‍ പകുതിയോളം ഇതിനകം മരവിപ്പിച്ചതായാണ് റിപ്പോര്‍ട്ട്.

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന രാജ്യമായ ഉത്തരകൊറിയയില്‍ ഇന്റര്‍നെറ്റ് ഉപയോഗത്തിന് കടുത്ത നിയന്ത്രണങ്ങളുണ്ട്. ഇതിനിടയിലും രാജ്യവുമായി ബന്ധമുള്ള സൈബര്‍ ആക്രമണ ആരോപണങ്ങള്‍ തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്യപ്പെടുകയാണ്. സൈബര്‍ കുറ്റകൃത്യങ്ങളിലൂടെ രാജ്യത്തിന്റെ സാമ്പത്തിക ആവശ്യങ്ങള്‍ നിറവേറ്റാനാണ് കിം ജോങ് ഉന്നിന്റെ നേതൃത്വത്തിലുള്ള ഭരണകൂടം ശ്രമിക്കുന്നതെന്നും ആരോപണമുണ്ട്. എന്നാല്‍ ഇത്തരം ആരോപണങ്ങള്‍ ഉത്തരകൊറിയ ദീര്‍ഘകാലമായി നിഷേധിക്കുകയാണ്.

The Interview
ദി ഇന്റര്‍വ്യൂ പോസ്റ്റർ

സാമ്പത്തിക നേട്ടം ലക്ഷ്യമിട്ടുള്ളതല്ലെങ്കിലും ഉത്തരകൊറിയയുമായി ബന്ധപ്പെടുത്തി നേരത്തെയും സൈബര്‍ ആക്രമണ ആരോപണം നടന്നിരുന്നു. 2014 ലാണ് ഹോളിവുഡ് ചിത്രമായ 'ദി ഇന്റര്‍വ്യൂ' നിര്‍മിച്ച സോണി പിക്‌ചേഴ്‌സിനെ ലക്ഷ്യമിട്ട് സ്റ്റുഡിയോയിലെ ഉന്നത ഉദ്യോഗസ്ഥര്‍ തമ്മില്‍ കൈമാറിയ ആയിരക്കണക്കിന് സ്വകാര്യ ഇമെയിലുകള്‍ ചോര്‍ന്നത്. കിം ജോങ് ഉന്നിനെ വധിക്കാനുള്ള ഗൂഢാലോചന പ്രമേയമാക്കിയ ചിത്രമായിരുന്നു ഇത്. കഴിഞ്ഞ വര്‍ഷം ബൈബിറ്റ് ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചില്‍ നിന്ന് 1.5 ബില്യണ്‍ ഡോളര്‍ കവര്‍ന്നതിന് പിന്നില്‍ ഉത്തരകൊറിയയാണെന്ന് അമേരിക്കന്‍ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ ആരോപിച്ചിരുന്നു.

Content Highlights: North Korean hackers are suspected of stealing $6.3 billion in digital assets from Binance in a 20-minute cyberattack, raising fresh concerns over global cryptocurrency security

dot image
To advertise here,contact us
dot image