ജർമനിയിലും കത്തിപ്പടർന്ന് ജെൻ സി പ്രക്ഷോഭം; പൊലീസിന് നേരെ ആക്രമണം

ജീവിതച്ചെലവ് വർധിക്കുന്നതിനും നിർബന്ധിത സൈനിക സേവനത്തിനുമെതിരെ ജർമനിയിൽ വൻ പ്രക്ഷോഭം. ജെൻ സികളുടെ നേതൃത്വത്തിൽ ബെർലിൻ, ഫ്രാങ്ക്ഫർട്ട്, മ്യൂണിക്ക് തുടങ്ങി മുപ്പത്തിനാലോളം നഗരങ്ങളിൽ പ്രകടനങ്ങൾ നടന്നു.

ജർമനിയിലും കത്തിപ്പടർന്ന് ജെൻ സി പ്രക്ഷോഭം; പൊലീസിന് നേരെ ആക്രമണം
dot image

ഫ്രാങ്ക്ഫർട്ട്: ജീവിതച്ചെലവ് വർധിക്കുന്നതിനും നിർബന്ധിത സൈനിക സേവനത്തിനുമെതിരെ ജർമനിയിൽ വൻ പ്രക്ഷോഭം. ജെൻ സികളുടെ നേതൃത്വത്തിൽ ബെർലിൻ, ഫ്രാങ്ക്ഫർട്ട്, മ്യൂണിക്ക് തുടങ്ങി മുപ്പത്തിനാലോളം നഗരങ്ങളിൽ പ്രകടനങ്ങൾ നടന്നു. പലയിടത്തും പ്രക്ഷോഭം ആക്രമണങ്ങളിൽ കലാശിച്ചു. ഫ്രാങ്ക്ഫർട്ടിൽ മുഖംമൂടി ധരിച്ചെത്തിയ പ്രക്ഷോഭകർ കടകൾ അടിച്ചുതകർക്കുകയും കൊള്ളയടിക്കുകയും ചെയ്തു.

ശനിയാഴ്ച രാത്രി ഹാലോവീൻ ആഘോഷങ്ങൾക്കിടെയാണ് പലയിടത്തും പ്രതിഷേധം അക്രമത്തിലേക്ക് വഴിമാറിയത്. ഫ്രാങ്ക്ഫർട്ടിൽ കുറഞ്ഞത് രണ്ട് കടകളെങ്കിലും കൊള്ളയടിക്കപ്പെട്ടതായും നിരവധി വ്യാപാര സ്ഥാപനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായും അന്താരാഷ്ട്ര മാധ്യമമായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. പ്രതിഷേധക്കാർ പൊലീസിനുനേരെ പെട്രോൾ ബോംബുകൾ എറിഞ്ഞതായി ഫ്രാങ്ക്ഫർട്ട് പൊലീസ് എക്സിൽ കുറിച്ചു. അക്രമികളെ നിയന്ത്രിക്കാൻ പോലീസ് പാടുപെട്ടു. നഗരമധ്യത്തിൽ നിരവധി കടകളുടെ ചില്ലുകൾ തകർത്തു. ഹാംബർഗിൽ പ്രതിഷേധക്കാർ ബാരിക്കേഡുകൾക്ക് തീയിട്ടു.

'ജനറേഷൻ ഇസഡ് റീജൽറ്റ്" അഥവാ ജെൻ സി അധികാരമേൽക്കുന്നു എന്ന കാമ്പയിൻ ഗ്രൂപ്പാണ് ജർമനിയിൽ പ്രക്ഷോഭത്തിന് നേതൃത്വം നൽകിയത്. വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ പൊതുസേവന മേഖലകളിൽ കൂടുതൽ സാമ്പത്തിക സഹായം നൽകുക, വർധിച്ചുവരുന്ന ജീവിതച്ചെലവുകൾക്ക് പരിഹാരം കാണുക, നിർബന്ധിത സൈനിക സേവനം ഒഴിവാക്കുക' തുടങ്ങിയവയാണ് ഇവരുടെ പ്രധാന ആവശ്യങ്ങൾ. 'യുദ്ധത്തിനും ബലപ്രയോഗത്തിനും വേണ്ടിയല്ല, സമാധാനത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടിയാണ് ഞങ്ങൾ പോരാടുന്നത്. ആരോഗ്യ, വിദ്യാഭ്യാസ മേഖലകൾക്ക് മികച്ച പിന്തുണ ലഭിക്കണം. നിർബന്ധിത സൈനിക സേവനത്തെ ഞങ്ങൾ എതിർക്കുന്നു', കാമ്പയിൻ വക്താവ് ലിന ഫ്രീഡ്രിക്ക് ബെർലിനിലെ റാലിയിൽ വ്യക്തമാക്കി.

Members of the riot control police unit run from fire set by the protesters, during a nationwide protest by campaign group Gen Z regelt
ജർമനിയിലെ രാജ്യവ്യാപക പ്രതിഷേധത്തിനിടെ, കലാപ നിയന്ത്രണ പൊലീസ് യൂണിറ്റിലെ അംഗങ്ങൾ

ഈ വർഷം യൂറോപ്പിലുടനീളം നടക്കുന്ന യുവജന പ്രക്ഷോഭങ്ങളുടെ തുടർച്ചയായാണ് ജർമനിയിലെ സമരങ്ങളും വിലയിരുത്തപ്പെടുന്നത്. സെർബിയയിൽ ദീർഘകാലമായി ഭരണത്തിലിരുന്ന നേതാവിനെ തിരഞ്ഞെടുപ്പിലൂടെ പുറത്താക്കുന്നതിൽ വിദ്യാർത്ഥി പ്രക്ഷോഭങ്ങൾ നിർണായക പങ്കുവഹിച്ചിരുന്നു. ഫ്രാൻസിലും സമാനമായ പ്രകടനങ്ങൾ വൻ പക്ഷോഭത്തിലും കൊള്ളയിലും അവസാനിച്ചിരുന്നു.

മിക്കയിടത്തും പ്രകടനങ്ങൾ സമാധാനപരമായിരുന്നെങ്കിലും തീവ്രസ്വഭാവമുള്ള ചില ഗ്രൂപ്പുകൾ ഈ സാഹചര്യം മുതലെടുക്കാൻ ശ്രമിച്ചതായി ജർമൻ അധികൃതർ വ്യക്തമാക്കി. 1,82,000 പേർ റാലികളിൽ പങ്കെടുക്കുമെന്ന് സംഘാടകർ അവകാശപ്പെട്ടിരുന്നെങ്കിലും, ഫ്രാങ്ക്ഫർട്ട്, മ്യൂണിക്ക്, ബെർലിൻ തുടങ്ങിയ പ്രധാന നഗരങ്ങളിൽ ആകെ 18,000-ത്തോളം പേർ മാത്രമാണ് പങ്കെടുത്തതെന്നാണ് പൊലീസിൻ്റെ പ്രാഥമിക കണക്ക്.

Content Highlights: Germany Gen Z Protests: Clashes, Looting Reported in Several Cities

dot image
To advertise here,contact us
dot image