

മസ്‌ക്കറ്റ്: ഒമാന്‍ തീരത്ത് കപ്പലിന് നേരെയുണ്ടായ ഡ്രോണ്‍ ആക്രണമണത്തില്‍ രണ്ട് ഇന്ത്യൻ നാവികരെ കാണാതായി. നിക്വരാഗയുടെ പതാകയുള്ള MT പെട്രോ ഡോള്‍ഫിന്‍ എന്ന ടാങ്കറിന് നേരെയാണ് ആക്രമണം ഉണ്ടായത്. പതിനൊന്ന് ഇന്ത്യൻ നാവികരാണ് കപ്പലിൽ ഉണ്ടായിരുന്നത്. സോഹര്‍ തുറമുഖത്തിന് സമീപം നങ്കൂരമിടുന്ന പ്രദേശത്തിനടുത്ത് വച്ചാണ് ഞായറാഴ്ച കപ്പലിന് നേരെ ആക്രമണമുണ്ടായത്. ക്രൂ അംഗങ്ങളില്‍ ഒമ്പത് പേരെ രക്ഷപ്പെടുത്തിയതായി കേന്ദ്ര തുറമുഖ വകുപ്പ് മന്ത്രി സര്‍ബാനന്ദ സോനാവാള്‍ വ്യക്തമാക്കിയിട്ടുണ്ട്. പ്രാദേശിക കോസ്റ്റ് ഗാര്‍ഡിന്റെ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്നും കാണാതായവരെ കണ്ടെത്താനുള്ള ശ്രമങ്ങളില്‍ ഇന്ത്യന്‍ അധികൃതര്‍ കൃത്യമായ ഇടപെടല്‍ നടത്തുകയാണെന്നും അദ്ദേഹം എക്‌സ് പോസ്റ്റിലൂടെ അറിയിച്ചു. സാഹചര്യങ്ങള്‍ സൂക്ഷ്മമായി തന്നെ നിരീക്ഷിച്ച് വരികയാണെന്ന് ഒമാനിലെ ഇന്ത്യന്‍ എംബസിയും അറിയിച്ചിട്ടുണ്ട്.
അതേസമയം ഇന്ത്യന്‍ നാവികരുമായി സഞ്ചരിച്ചിരുന്ന മറ്റൊരു കപ്പലിന് നേരെയും കഴിഞ്ഞദിവസം ആക്രമണമുണ്ടായതായി കേന്ദ്രം വ്യക്തമാക്കി. ഹോര്‍മൂസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്നതിനിടെ മാര്‍ഷല്‍ ദ്വീപ് പതാകയുള്ള M/T വാല്‍തേര എന്ന ട്രാങ്കറിന് നേരെയാണ് ആക്രമണം ഉണ്ടായത്. 11 ഇന്ത്യക്കാരാണ് കപ്പലിലുണ്ടായിരുന്നത്. ഇവര്‍ സുരക്ഷിതരാണ്. ഇക്കഴിഞ്ഞ ഒക്ടോബര്‍ 9ന് പനാമ പതാകയുള്ള MT GEM NO.2 ടാങ്കറിന് നേരെ ഡ്രോണ്‍ ആക്രമണം റിപ്പോര്‍ട്ട് ചെയ്തിരുന്നു. 22 ഇന്ത്യക്കാര്‍ ഉണ്ടായിരുന്ന ടാങ്കർ അറേബ്യന്‍ ഗള്‍ഫിലെ കപ്പലുകള്‍ നങ്കൂരമിടുന്ന പ്രദേശത്തിനടുത്താണ് ആക്രമിക്കപ്പെട്ടത്. കപ്പലിലെ നാവികരെല്ലാം സുരക്ഷിതരാണ്. ഇതിന് പിന്നാലെയാണ് മറ്റ് രണ്ട് ആക്രമണങ്ങളും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
അതിനിടയില്‍ സൗദിക്ക് നേരെയുള്ള ആക്രമണം ഹൂതികള്‍ കടുപ്പിച്ചിരിക്കുകയാണ്. ശനിയാഴ്ച നടന്ന ആക്രമണത്തിന് പിന്നാലെ ഞായറാഴ്ച സൗദിയിലെ റിയാദ് വിമാനത്താവളത്തില്‍ വീണ്ടും ഹൂതികള്‍ നടത്തിയ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയുണ്ടായ രണ്ടാമത്തെ ആക്രമണത്തില്‍ പതിനൊന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ആക്രമണത്തെ തുടര്‍ന്ന് വിമാനത്താവളം പൂര്‍ണമായും അടച്ചു. ശനിയാഴ്ച നടന്ന ആക്രമണത്തില്‍ 13 പേര്‍ കൊല്ലപ്പെടുകയും 308പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ബാലിസ്റ്റിക്ക് - ക്രൂയിസ് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്ന് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് കൊണ്ട് ഹൂതികള്‍ വ്യക്തമാക്കി. വിശുദ്ധ നഗരങ്ങളായ മക്കയിലെയും മദീനയിലെയും വിമാനത്താവളങ്ങള്‍ ഒഴികെയുള്ള എല്ലാ വിമാനത്താവളങ്ങളെയും തങ്ങള്‍ ലക്ഷ്യമിടുമെന്നാണ് ഹൂതികളുടെ മുന്നറിയിപ്പ്.
Content Highlights: Two Indian nationals are missing after drone targeted a ship off the coast of Oman.