

റിയാദ്: റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണങ്ങള്‍ ഉണ്ടായതായി സൗദി സഖ്യസേന. വിമാനത്താവളത്തിലെ പാസഞ്ചര്‍ ഹാള്‍ നമ്പര്‍ നാലില്‍ അജ്ഞാത പ്രൊജക്ടൈല്‍ പതിച്ചതിനെ തുടര്‍ന്ന് തീപിടിത്തമുണ്ടായതായി സഖ്യസേനയുടെ ഔദ്യോഗിക വക്താവ് മേജര്‍ ജനറല്‍ തുര്‍ക്കി അല്‍ മാലിക്കി പറഞ്ഞു. വിമാനത്താവളത്തിന് സമീപം എത്തിയ ക്രൂയിസ് മിസൈലിനെ വ്യോമപ്രതിരോധ സംവിധാനം തടഞ്ഞതായും അദ്ദേഹം അറിയിച്ചു.
അതേസമയം, കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ശനിയാഴ്ചയുണ്ടായ ആക്രമണത്തില്‍ പരിക്കേറ്റവരില്‍ 11 ഇന്ത്യക്കാരുണ്ടെന്ന് സൗദി അറേബ്യയിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ച് വരുന്നതായി എംബസി അറിയിച്ചു. ആക്രമണത്തില്‍ 12 പേര്‍ കൊല്ലപ്പെടുകയും 300-ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
യെമനിലെ സര്‍ക്കാരിനെ പുറത്താക്കി അധികാരം പിടിച്ചെടുക്കാനുള്ള ഹൂതി വിമതരുടെ നീക്കം തടയുന്നതിനായാണ് അറബ് രാജ്യങ്ങള്‍ ഒന്നിച്ചുചേര്‍ന്ന് സഖ്യസേന രൂപീകരിച്ചത്. 2015ലാണ് സൗദി നേതൃത്വത്തിലുള്ള സഖ്യസേന രൂപീകരിച്ചത്.
ഇറാന്‍ അനുകൂല സഖ്യത്തിന്റെ ഭാഗമായ ഹൂതി വിമതര്‍ ഇറാന്റെ നിര്‍ണായക തന്ത്രപരമായ പങ്കാളികളാണ്. ഗള്‍ഫിന്റെ മറുഭാഗത്തുള്ള ഹോര്‍മുസ് കടലിടുക്ക് ഇപ്പോഴും പൂര്‍ണമായി തുറന്നിട്ടില്ല. യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള കരാറിലെത്താന്‍ അമേരിക്കയ്ക്കും ഇറാനും കഴിയാത്തതിനെ തുടര്‍ന്നാണ് ഇറാന്‍, ഹോര്‍മൂസ് തുറന്നു നല്‍കാത്തത്. ഈ സാഹചര്യത്തില്‍ ചെങ്കടല്‍ വഴിയുള്ള കപ്പല്‍ ഗതാഗതത്തിന് പ്രാധാന്യവും വര്‍ധിച്ചിരിക്കുകയാണ്. ചെങ്കടലിലെ കപ്പലുകളെ ലക്ഷ്യമിട്ടു കൊണ്ട് സമ്മര്‍ദം ചെലുത്താനാണ് ഹൂതികളുടെ ശ്രമം.
യെമന്‍ സംഘര്‍ഷത്തില്‍ നേരിട്ട് ഇടപെടില്ലെന്നും എന്നാല്‍ സൗദി അറേബ്യയ്ക്ക് രഹസ്യാന്വേഷണ വിവരങ്ങള്‍ നല്‍കുമെന്നും സെപ്റ്റംബര്‍ ആദ്യം അമേരിക്ക വ്യക്തമാക്കിയിരുന്നു. എന്നാല്‍ റിയാദിന് നേരെയുണ്ടായ ഏറ്റവും പുതിയ ആക്രമണത്തില്‍ ഒരു അമേരിക്കന്‍ പൗരന്‍ കൊല്ലപ്പെട്ടതോടെ സാഹചര്യം മാറിയേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ആക്രമണത്തെ ഭയാനകം എന്ന് വിശേഷിപ്പിച്ച അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്, സൗദിക്കൊപ്പം സൈനികമായി ഇടപെടാനുള്ള സാധ്യതയും സൂചിപ്പിച്ചു.
Content Highlights: Saudi-led coalition reports fresh attacks on Riyadh airport, while the Indian Embassy confirms 11 Indians were injured in Saturday’s attack