പ്രവാസി റിക്രൂട്ട്‌മെന്റ് ഏജൻസികൾക്ക് പുതിയ നിയമങ്ങളുമായി ഒമാൻ; ലംഘിച്ചാൽ കടുത്ത നടപടി

തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി കർശന വ്യവസ്ഥകളാണ് പുതിയ പരിഷ്കാരങ്ങളിലുള്ളത്

പ്രവാസി റിക്രൂട്ട്‌മെന്റ് ഏജൻസികൾക്ക് പുതിയ നിയമങ്ങളുമായി ഒമാൻ; ലംഘിച്ചാൽ കടുത്ത നടപടി
dot image

ഒമാനിൽ പ്രവാസി റിക്രൂട്ട്‌മെന്റ് ഏജൻസികളുടെ പ്രവർത്തനം നിയന്ത്രിക്കുന്നതിനും തൊഴിലുടമകളുടെയും തൊഴിലാളികളുടെയും അവകാശങ്ങൾ സുരക്ഷിതമാക്കുന്നതിനുമായി പുതിയ നിയമങ്ങളും വ്യവസ്ഥകളും പ്രാബല്യത്തിൽ വന്നു. ഏജൻസികളുടെ സേവന നിലവാരം ഉയർത്തുന്നതിനും കരാർ ബന്ധങ്ങളിൽ സുതാര്യത വരുത്തുന്നതിനുമാണ് പുതിയ നിയമം ലക്ഷ്യമിടുന്നതെന്ന് തൊഴിൽ മന്ത്രാലയത്തിലെ തൊഴിലാളി ക്ഷേമ വിഭാഗം ഉപദേഷ്ടാവ് ഡോ. സെയ്ഫ് ബിൻ മുഹമ്മദ് അൽ-ബുസൈദി പ്രതികരിച്ചു. മന്ത്രാലയത്തിന്റെ കൃത്യമായ ലൈസൻസുള്ള ഏജൻസികൾക്ക് മാത്രമേ ഇനി പ്രവാസി റിക്രൂട്ട്‌മെന്റ് നടത്താൻ അനുമതിയുണ്ടാകൂ.

പുതിയ ചട്ടങ്ങൾ അനുസരിച്ച് ലൈസൻസ് ലഭിക്കുന്നതിനായി സ്ഥാപനത്തിന്റെ ഉടമയും പങ്കാളികളും അംഗീകൃത ഒപ്പുകാരും ഒമാനി പൗരന്മാരായിരിക്കണം. ഇതിന് പുറമെ 5,000 ഒമാനി റിയാൽ സാമ്പത്തിക ഗ്യാരണ്ടിയായി അപേക്ഷകർ നിക്ഷേപിക്കുകയും വേണം. തൊഴിലുടമകൾക്കായി മന്ത്രാലയം അംഗീകരിച്ച ഏകീകൃത കരാറുകൾ മാത്രമേ ഇനി ഉപയോഗിക്കാൻ പാടുള്ളൂ. ഏജൻസികളുടെ സേവനങ്ങൾക്കായി രണ്ട് വർഷത്തെ ഗ്യാരന്റിയും പരമാവധി 45 ദിവസത്തെ റിക്രൂട്ട്‌മെന്റ് സമയപരിധിയും നിർബന്ധമാക്കിയിട്ടുണ്ട്.

തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി കർശന വ്യവസ്ഥകളാണ് പുതിയ പരിഷ്കാരങ്ങളിലുള്ളത്. പ്രവാസി തൊഴിലാളികളിൽ നിന്ന് ഏതെങ്കിലും തരത്തിലുള്ള റിക്രൂട്ട്‌മെന്റ് ഫീസ് ഈടാക്കുന്നത് പൂർണ്ണമായും നിരോധിച്ചു. ജോലിയുടെ സ്വഭാവവും വാഗ്ദാനം ചെയ്യുന്ന ശമ്പളവും വ്യക്തമായി രേഖപ്പെടുത്തിയ ഔദ്യോഗിക ഓഫർ ലെറ്റർ തൊഴിലാളികൾക്ക് നിർബന്ധമായും നൽകണം. തർക്കങ്ങൾ വേഗത്തിൽ പരിഹരിക്കുന്നതിനായി മന്ത്രാലയത്തെ സമീപിക്കാൻ സാധിക്കുന്ന പ്രത്യേക സംവിധാനങ്ങളും കൃത്യമായ സമയപരിധികളും പുതിയ നിയമത്തിലുണ്ട്.

ബിസിനസ്സ് പ്രവർത്തനങ്ങൾ എളുപ്പമാക്കുന്നതിനായി രണ്ടു വർഷത്തെ ലൈസൻസ് ഫീസ് 300 ഒമാനി റിയാലായി മന്ത്രാലയം കുറച്ചിട്ടുണ്ട്. ലൈസൻസ് ലഭിച്ച് ഒരു വർഷത്തിന് ശേഷം പുതിയ ബ്രാഞ്ചുകൾ തുറക്കാൻ അനുമതിയുണ്ടാകും. എന്നാൽ ഓരോ പുതിയ ബ്രാഞ്ചിന്റെയും നടത്തിപ്പ് ചുമതല ഒരു ഒമാനി പൗരൻ തന്നെ നിർവ്വഹിക്കണമെന്നും അപേക്ഷകൾ പ്രാദേശിക ഡയറക്ടറേറ്റുകൾ വഴിയാണ് സ്വീകരിക്കുകയെന്നും തൊഴിൽ മന്ത്രാലയം അറിയിച്ചു.

Content Highlights: Oman has issued Ministerial Decision to update rules governing recruitment offices. Effective January 1, 2027, the regulations introduce a two-year service guarantee for domestic workers, a 45-day recruitment deadline and compensation provisions for delays. Recruitment offices must also meet requirements on service contracts, insurance and worker protection.

dot image
To advertise here,contact us
dot image