

"ഒരു ജോലി എന്നത് നിങ്ങളുടെ ജീവിതം ജീവിക്കാനുള്ള വരുമാനം മാത്രമാണ്, അല്ലാതെ അതുതന്നെയാണ് ജീവിതമെന്ന് കരുതരുത്". പിരിച്ചുവിടപ്പെട്ട ഒരു ജീവനക്കാരന്റെ ഈ ഒരു സോഷ്യൽ മീഡിയ പോസ്റ്റാണ് ഇപ്പോൾ ഇന്റർനെറ്റിൽ വൻ ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നത്.
താൻ ഏറെ ഇഷ്ടപ്പെട്ടിരുന്ന ജോലിയിൽ നിന്നും, താൻ ഒരുപാട് ബഹുമാനിച്ചിരുന്ന സഹപ്രവർത്തകരിൽ നിന്നും അപ്രതീക്ഷിതമായി നേരിടേണ്ടി വന്ന പിരിച്ചുവിടലാണ് 'അനൈഷി' എന്ന എക്സ് ഉപയോക്താവിനെ ഇത്തരമൊരു തുറന്നെഴുത്തിന് പ്രേരിപ്പിച്ചത്. കമ്പനികൾക്ക് ആവശ്യമില്ലെന്ന് തോന്നുന്ന നിമിഷം നിങ്ങൾ അവിടെ വെറും ഒരു 'ബാധ്യത' മാത്രമായി മാറുമെന്നും, അതിനാൽ ജോലിക്കുവേണ്ടി സ്വന്തം ജീവിതം ബലികഴിക്കുന്നത് നിർത്തണമെന്നും അനൈഷി തന്റെ പോസ്റ്റിലൂടെ ഓർമ്മിപ്പിക്കുന്നു.
ഓഫീസ് സമയം കഴിഞ്ഞും ജോലി ചെയ്യുക, രാത്രി വൈകി ഇമെയിലുകൾക്ക് മറുപടി നൽകുക, വാരാന്ത്യങ്ങളിൽ അവധി ദിവസങ്ങൾ പോലും മാറ്റിവെച്ച് കമ്പനിക്കായി സമയം ചെലവഴിക്കുക തുടങ്ങിയ ശീലങ്ങൾ ജീവനക്കാർ അവസാനിപ്പിക്കണമെന്നാണ് ഈ പോസ്റ്റിലെ പ്രധാന ആഹ്വാനം. ജോലി എന്നത് ജീവിതം ആസ്വദിക്കാനും മുന്നോട്ട് കൊണ്ടുപോകാനുമുള്ള ഒരു സാമ്പത്തിക മാർഗ്ഗം മാത്രമാണ്. എന്നാൽ പലരും അതിനെ തങ്ങളുടെ ജീവിതം തന്നെയാക്കി മാറ്റുകയും വ്യക്തിജീവിതത്തിലെ സന്തോഷങ്ങളും കുടുംബത്തോടൊപ്പമുള്ള നിമിഷങ്ങളും നഷ്ടപ്പെടുത്തുകയും ചെയ്യുന്നുണ്ടെന്ന് ഈ വൈറൽ പോസ്റ്റ് ചൂണ്ടിക്കാണിക്കുന്നു.
ഈ പോസ്റ്റ് പങ്കുവെക്കപ്പെട്ടതോടെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ആളുകളാണ് പ്രതികരണങ്ങളുമായി രംഗത്തെത്തിയത്. കമ്പനികൾക്ക് നമ്മുടെ പകരക്കാരായി മറ്റൊരാളെ കണ്ടെത്താൻ നിമിഷങ്ങൾ മതിയെന്നും, എന്നാൽ കുടുംബത്തോടൊപ്പം ചെലവഴിക്കാൻ സാധിക്കാതെ പോയ വിലപ്പെട്ട സമയങ്ങൾ നമുക്ക് ഒരിക്കലും തിരികെ ലഭിക്കില്ലെന്നും ഒരു വിഭാഗം ആളുകൾ അനൈഷിയുടെ വാദങ്ങളെ പിന്തുണച്ചുകൊണ്ട് കുറിച്ചു. എന്നാൽ മറ്റൊരു വിഭാഗം, ഒരു ജീവനക്കാരന് തന്റെ ജോലിയോടും സഹപ്രവർത്തകരോടും എത്രതന്നെ താല്പര്യമുണ്ടായാലും, കമ്പനിയുടെ ബിസിനസ്സ് തീരുമാനങ്ങൾക്ക് മുന്നിൽ അവർ വെറും അക്കങ്ങൾ മാത്രമായി ചുരുങ്ങുമെന്ന യാഥാർത്ഥ്യം മനസ്സിലാക്കണമെന്നാണ് അഭിപ്രായപ്പെടുന്നത്.
Content Highlights:A social media post by a laid-off employee has sparked a debate about work-life balance.The employee, known as Anayshi on X, urged people not to make their jobs the centre of their lives.The post highlights the need to set boundaries around after-hours work, late-night emails and weekend commitments.