

വാഷിങ്ടണ്‍: റഷ്യയും യുക്രെയ്‌നും തമ്മില്‍ ഊര്‍ജമേഖലയില്‍ വെടിനിര്‍ത്തലിന് ധാരണയായതായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഊര്‍ജ മേഖലകളിലും അതുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യങ്ങളെയും ആക്രമിക്കില്ലെന്നാണ് ട്രംപ് സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെ അറിയിച്ചിരിക്കുന്നത്. എന്നാല്‍, റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല.
ധാരണ എങ്ങനെ രൂപപ്പെട്ടുവെന്നും തുടര്‍നടപടികള്‍ എന്താണെന്നും വ്യക്തമല്ല. ട്രംപിന്റെ ട്രൂത്ത് സോഷ്യല്‍ പോസ്റ്റിലൂടെയാണ് തങ്ങളും വിവരം അറിഞ്ഞതെന്ന് യുക്രെയ്ന്‍ ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു.
പ്രഖ്യാപനത്തിന് പിന്നാലെ കാനഡ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി, ഫിന്‍ലന്‍ഡ് പ്രസിഡന്റ് അലക്‌സാണ്ടര്‍ സ്റ്റബ്, നാറ്റോ സെക്രട്ടറി ജനറല്‍ മാര്‍ക്ക് റുട്ടെ എന്നിവരുമായി സംസാരിച്ചതായി യുക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലന്‍സ്‌കി എക്‌സിലൂടെ അറിയിച്ചു. വെടിനിര്‍ത്തലിനെ യുക്രെയ്ന്‍ പിന്തുണയ്ക്കുന്നുവെന്നും റഷ്യയും അതിന് തയ്യാറാകേണ്ടത് പ്രധാനമാണെന്നും അദ്ദേഹം വ്യക്തമാക്കി. അമേരിക്കയുടെ ഭാഗത്തുനിന്നുള്ള കൂടുതല്‍ വിവരങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്നും സെലന്‍സ്‌കി പറഞ്ഞു. യുദ്ധം അവസാനിപ്പിക്കാനും ജീവന്‍ സംരക്ഷിക്കാനും സംഘര്‍ഷം കുറയ്ക്കാനുമുള്ള നടപടികളെ യുക്രെയ്ൻ പിന്തുണയ്ക്കുമെന്നും ദീര്‍ഘകാല സമാധാനം ഉറപ്പാക്കുന്ന തീരുമാനങ്ങള്‍ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിനുമായി ട്രംപ് സംസാരിച്ചതിന് ദിവസങ്ങള്‍ക്കു ശേഷമാണ് ഈ പ്രഖ്യാപനം. റഷ്യന്‍ ഡീസല്‍ ഇന്ധനം വിപണിയിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട വിവാദ ധാരണയും ഇരുനേതാക്കളും പ്രഖ്യാപിച്ചിരുന്നു.
Content Highlights: Donald Trump announces an energy ceasefire agreement between Russia and Ukraine, while Zelensky expresses support and awaits further details from the US