

ചപ്പാത്തിയോ ദോശയോ ഉണ്ടാക്കിയ ശേഷം ചൂടുള്ള തവ ഉടന്‍ സിങ്കിലിട്ട് വെള്ളമൊഴിക്കുന്നത് പല വീടുകളിലുമുള്ള പതിവാണ്. പാത്രം പെട്ടെന്ന് വൃത്തിയാക്കാമെന്നതാണ് ഇതിന് പിന്നിലെ പ്രധാന കാരണം. എന്നാല്‍ ചൂടുള്ള പാത്രത്തില്‍ പെട്ടെന്ന് തണുത്ത വെള്ളം ഒഴിക്കുന്നത് അത്ര നല്ല കാര്യമല്ല. ഇതിന് പിന്നില്‍ ഒരു ശാസ്ത്രീയ കാരണമുണ്ട്. താപനിലയിലുണ്ടാകുന്ന പെട്ടെന്നുള്ള മാറ്റം അഥവാ 'തെര്‍മല്‍ ഷോക്ക്' (Thermal Shock) നെക്കുറിച്ച് അറിയാം.
ഒരു ലോഹപ്പാത്രം ചൂടാകുമ്പോള്‍ അത് വികസിക്കുകയും തണുക്കുമ്പോള്‍ ചുരുങ്ങുകയും ചെയ്യുന്നു. ഇത് സ്വാഭാവികമായ ഒരു പ്രക്രിയയാണ്. എന്നാല്‍ നല്ല ചൂടുള്ള പാനിലേക്ക് പെട്ടെന്ന് തണുത്ത വെള്ളം ഒഴിക്കുമ്പോള്‍ പാത്രത്തിന്റെ താപനില വളരെ വേഗത്തില്‍ കുറയുന്നു. വെള്ളം സ്പര്‍ശിക്കുന്ന ഭാഗം പെട്ടെന്ന് തണുക്കുകയും ചുരുങ്ങുകയും ചെയ്യുമ്പോള്‍ പാത്രത്തിന്റെ മറ്റു ഭാഗങ്ങള്‍ ചൂടുള്ള അവസ്ഥയില്‍ തുടരാം. ഈ വ്യത്യാസം ലോഹത്തിനുള്ളില്‍ സമ്മര്‍ദമുണ്ടാക്കും. ഇതാണ് തെര്‍മല്‍ ഷോക്ക് എന്ന് അറിയപ്പെടുന്നത്.ചൂടുള്ള തവയില്‍ വെള്ളമൊഴിക്കുമ്പോള്‍ കേള്‍ക്കുന്ന 'ശ്ശ്' എന്ന ശബ്ദവും ഉയരുന്ന നീരാവിയും താപനിലയിലെ ഈ പെട്ടെന്നുള്ള മാറ്റത്തിന്റെ ഭാഗമാണ്.

കനം കുറഞ്ഞ ലോഹപാത്രങ്ങളില്‍ വെള്ളം വീഴുമ്പോഴുണ്ടാകുന്ന താപനില വ്യത്യാസം പാത്രത്തിന്റെ അടിഭാഗം വളയുന്നതിനോ പാത്രത്തില്‍ ഉയര്‍ച്ചതാഴ്ചകള്‍ ഉണ്ടാകുന്നതിനോ കാരണമാകാം. ഇതിനെ 'വാര്‍പ്പിങ്' (Warping) എന്നു പറയുന്നു. പാനിന്റെ അടിഭാഗം വളഞ്ഞാല്‍ ഗ്യാസ് സ്റ്റൗവ്വില്‍ വയ്ക്കുമ്പോള്‍ അത് ശരിയായി ഇരിക്കാതിരിക്കാം. ചൂട് എല്ലാ ഭാഗത്തും ഒരുപോലെ ലഭിക്കാത്തതിനാല്‍ ഭക്ഷണം പാകം ചെയ്യുന്നതിനെയും ഇത് ബാധിച്ചേക്കാം. എല്ലാ തവണയും ചൂടുള്ള പാനില്‍ വെള്ളമൊഴിച്ചാല്‍ പാത്രം കേടാകണമെന്നില്ല. എന്നാല്‍ ഈ ശീലം ആവര്‍ത്തിക്കുന്നത് പാത്രത്തിന്റെ ആയുസ്സ് കുറയ്ക്കാനുള്ള സാധ്യത വര്‍ധിപ്പിക്കും.

ഭക്ഷണം ഒട്ടിപ്പിടിക്കാതിരിക്കാന്‍ നോണ്‍സ്റ്റിക് പാത്രങ്ങള്‍ക്ക് ഒരു കോട്ടിംഗ് നല്‍കിയിട്ടുണ്ട്. ഇത്തരം പാത്രങ്ങള്‍ അമിതമായി ചൂടാക്കുന്നതും പെട്ടെന്ന് തണുപ്പിക്കുന്നതും കോട്ടിങ്ങിന്റെ ദീര്‍ഘകാല നിലനില്‍പ്പിനെ ബാധിക്കാം. പാത്രത്തിന്റെ ലോഹഭാഗവും കോട്ടിങ്ങും വ്യത്യസ്തമായി വികസിക്കുകയോ ചുരുങ്ങുകയോ ചെയ്യുന്നത് കോട്ടിങ്ങിന്റെ ഗുണനിലവാരത്തെ ബാധിച്ചേക്കാം. അതിനാല്‍ നോണ്‍സ്റ്റിക് തവ ഉപയോഗിക്കുമ്പോള്‍ കമ്പനി നിര്‍ദേശിച്ച പരിചരണരീതികള്‍ പാലിക്കണം. കോട്ടിങിന് പോറലുകളോ കേടുപാടുകളോ സംഭവിച്ച പാത്രങ്ങള്‍ മാറ്റുന്നതാണ് ഉചിതം. എന്നാല്‍ ചൂടുള്ള തവയില്‍ വെള്ളമൊഴിച്ചതുകൊണ്ടുമാത്രം അത് ആരോഗ്യത്തിന് അപകടകരമായി മാറുമെന്ന് കരുതേണ്ടതില്ല.
ഇരുമ്പ് തവകള്‍ ഉപയോഗിക്കുന്നവരും ശ്രദ്ധിക്കണം. ചൂടുള്ള ഇരുമ്പ് തവയില്‍ പെട്ടെന്ന് തണുത്ത വെള്ളമൊഴിക്കുന്നത് പാത്രത്തില്‍ താപസമ്മര്‍ദമുണ്ടാക്കാം. ഇരുമ്പ് തവയില്‍ രൂപപ്പെടുന്ന എണ്ണയുടെ സംരക്ഷണപാളി അഥവാ സീസണിങ് (Seasoning) ആവര്‍ത്തിച്ചുള്ള തെറ്റായ പരിചരണം മൂലം നഷ്ടപ്പെടാനും സാധ്യതയുണ്ട്. ഈ പാളി നഷ്ടപ്പെട്ടാല്‍ ഭക്ഷണം തവയില്‍ ഒട്ടിപ്പിടിക്കാനുള്ള സാധ്യത വര്‍ധിക്കും. തവ നന്നായി ഉണക്കാതെ സൂക്ഷിച്ചാല്‍ തുരുമ്പും ഉണ്ടാകാം.

Content Highlights :Do you have a habit of placing a non-stick pan in the sink and running water over it? What is thermal shock?