IPL ലെ 'താണ്ഡവ' കാഴ്ചകൾ; കളിയിൽ പിടിമുറുക്കുന്ന രാഷ്ട്രീയം

ആരാധകർക്ക് വേണ്ടത് കളിയോ?, അതോ കളിയിലെ രാഷ്ട്രീയമോ?

IPL ലെ 'താണ്ഡവ' കാഴ്ചകൾ; കളിയിൽ പിടിമുറുക്കുന്ന രാഷ്ട്രീയം
വിമൽ രാജ് പി ആർ
1 min read|01 Jun 2026, 08:38 pm
dot image

ഐപിഎൽ ചരിത്രത്തിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു സമാനതകളില്ലാത്ത നേട്ടമാണ് കൈവരിച്ചിരിക്കുന്നത്. തുടർച്ചയായ രണ്ട് ഐപിഎൽ കിരീടങ്ങൾ സ്വന്തമാക്കിക്കൊണ്ട് ആർസിബി തങ്ങളുടെ ആധിപത്യം അരക്കിട്ടുറപ്പിച്ചു. വിരാട് കോഹ്ലിയുടെ പോരാട്ടവീര്യവും രജത് പാട്ടിദാറിന്റെ തന്ത്രപരമായ ക്യാപ്റ്റൻസിയും ദിനേഷ് കാർത്തിക്കിന്റെ പക്വതയാർന്ന ടീം സെലക്ഷനുമെല്ലാം ഈ വിജയത്തിൽ നിർണ്ണായകമായി.

അതിനിടെ, ആർസിബിയുടെ ഈ ചരിത്രനേട്ടത്തിനിടയിലും ഫൈനൽ വേദിയിൽ നടന്ന ചില കാര്യങ്ങൾ കായിക ലോകത്തെ അലോസരപ്പെടുത്തുന്നുണ്ട്. സമാപനച്ചടങ്ങിൽ ശിവന്റെ ഗാനമായ "ജടാധാരിയായ" അവതരിപ്പിച്ച കോൺസെർട്ട്, ഡ്രോണുകൾ ഉപയോഗിച്ചുള്ള താണ്ഡവം, തൃശൂലം തുടങ്ങിയ ദൃശ്യാവിഷ്കാരങ്ങൾ കണ്ടുനിന്നവർക്ക് തോന്നിപ്പോയത് ഇതൊരു കുംഭമേളയാണോ എന്നാണ്.

ഏതാനും വർഷങ്ങൾക്ക് മുമ്പ് വരെ ബോളിവുഡ് താരങ്ങളുടെ നൃത്തവും വർണ്ണാഭമായ സംഗീത പരിപാടികളും മാത്രമായിരുന്നു ഐപിഎൽ ഫൈനലുകളുടെ മുഖമുദ്ര. എന്നാൽ കഴിഞ്ഞ കുറച്ചു വർഷങ്ങളായി, പ്രത്യേകിച്ച് ഫൈനലുകൾ അഹമ്മദാബാദിലേക്ക് കേന്ദ്രീകരിച്ചതോടെ, കായിക വേദികളുടെ സ്വഭാവം മാറി.

കഴിഞ്ഞ വർഷങ്ങളിലും ഐപിഎൽ ഫൈനലുകളിൽ വലിയ ലേസർ ഷോകളും മതപരമായ ദൃശ്യാവിഷ്കാരങ്ങളും ഉണ്ടായിരുന്നുവെങ്കിലും ഇത്തവണ അത് കൂടുതൽ തീവ്രമായി. അന്ന് കണ്ട ദൃശ്യാവിഷ്കാരങ്ങളുടെ തുടർച്ചയെന്നോണം ഈ വർഷം അതൊരു പൂർണ്ണരൂപത്തിലായി. ഒരു കായിക ടൂർണമെന്റിൽ സാംസ്കാരിക പരിപാടികൾ സ്വാഗതാർഹമാണെങ്കിലും അവ എപ്പോഴാണ് ഒരു പ്രത്യേക മതത്തിന്റെ മാത്രം പ്രദർശനവേദിയായി മാറിയത്? ബിസിസിഐയുടെ തീരുമാനങ്ങളിൽ കടന്നുകൂടിയ രാഷ്ട്രീയ സ്വാധീനം ഇപ്പോൾ മതപരമായ നിറം കൂടി കൈവരിച്ചിരിക്കുന്നു.

കേന്ദ്രീകൃത അജണ്ടയുടെ തടവറയിൽ ഇന്ത്യൻ ക്രിക്കറ്റ്

കഴിഞ്ഞ അഞ്ച് വർഷത്തിൽ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ലഭിച്ചത് ആറ് ഫൈനലുകളാണ്. 2023ൽ ഏകദിന ലോകകപ്പ് ഫൈനൽ വേ​ദി, 2026ൽ ട്വന്റി 20 ലോകകപ്പിന്റെയും ഫൈനൽ വേദി. കലാശപ്പോരുകൾക്ക് അഹമ്മദാബാദ് വേദിയാകുന്നതിന് സ്റ്റേഡിയത്തിന്റെ വലിപ്പമാണ് കാരണമായി ചൂണ്ടിക്കാട്ടുന്നത്.

ഏകദേശം 1,25,000ത്തിലധികം കാണികൾക്ക് അഹമ്മദാബാദിലെ സ്റ്റേഡിയത്തിൽ ഇരുന്ന് കളികാണാൻ കഴിയും. പക്ഷേ ഐപിഎൽ ചാമ്പ്യന്മാരായ ടീമിന് തൊട്ടടുത്ത വർഷം ഉദ്ഘാടന മത്സരവും ഫൈനലും നടത്താൻ കഴിയുമെന്ന തീരുമാനം തുടർച്ചയായി ലംഘിക്കപ്പെടുകയാണ്.

2024ൽ ഐപിഎൽ ചാമ്പ്യന്മാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് 2025ൽ ഉദ്ഘാടന-ഫൈനൽ മത്സരത്തിന് അവകാശമുണ്ട്. ഉദ്​ഘാടന മത്സരം കൊൽക്കത്തയിൽ തന്നെ നടന്നു. എന്നാൽ ഫൈനൽ മത്സരത്തിൽ മഴയുണ്ടാകാൻ സാധ്യതയുണ്ടെന്ന് പറഞ്ഞാണ് ബിസിസിഐ വേദി അഹമ്മദാബാദിലേക്ക് മാറ്റിയത്.

2025ൽ ചാമ്പ്യന്മാരായ ആർസിബിയുടെ ഹോം സ്റ്റേഡിയത്തിലാണ് 2026ൽ ഫൈനൽ നടക്കേണ്ടിയിരുന്നത്. എന്നാൽ ഇത്തവണയും ഫൈനലിന് അഹമ്മദാബാദ് വേദിയായി. കർണാടക ക്രിക്കറ്റ് അസോസിയേഷൻ ആവശ്യപ്പെട്ടത് പ്രകാരമാണ് ഈ നീക്കമെന്നാണ് ബിസിസിഐ പറയുന്നത്.

എങ്കിലും രണ്ട് സംസ്ഥാനങ്ങളിലും ബിജെപി ഇതര സർക്കാരുകളാണ് ഭരിക്കുന്നതെന്നും ഐപിഎൽ ഫൈനൽ മത്സരത്തിന്റെ സാമ്പത്തിക നേട്ടം അവർക്ക് ലഭിക്കേണ്ടതില്ലെന്നുമുള്ള ഒരു നയം ഇവിടെ വായിച്ചെടുക്കാവുന്നതാണ്.

ഭയപ്പെടുത്തുന്ന ഭാവി കാഴ്ചകൾ

ഏതാനും വർഷങ്ങൾക്ക് മുമ്പൊരു വാർത്ത പുറത്തുവന്നിരുന്നു. ഇന്ത്യൻ ഫുട്ബോൾ ടീമിൽ താരങ്ങളെ തിരഞ്ഞെടുക്കുന്നതിലടക്കം ജോത്സ്യന്മാർ ഇടപെടുന്നു. ഇന്ത്യയിൽ ഇത്രയധികം ജനപ്രീയമായ ക്രിക്കറ്റിലും സ്വാമികൾ കൈകടത്തുന്ന സമയം വിദൂരമല്ല.

ഈ പ്രവണതകൾ ഇനിയും മുന്നോട്ട് പോയാൽ ഭാവിയിൽ എന്ത് സംഭവിക്കും? ഓരോ മത്സരത്തിനും മുൻപായി സ്റ്റേഡിയങ്ങളിൽ ഹോമകുണ്ഡങ്ങൾ ഒരുക്കുന്നതും നഗ്നരായ സ്വാമിമാരെ കൊണ്ടുവന്ന് പൂജയും അനുഗ്രഹവും വാങ്ങി കളി തുടങ്ങുന്നതുമടക്കമുള്ള അന്ധവിശ്വാസങ്ങളിലേക്ക് ക്രിക്കറ്റ് കൂപ്പുകുത്തുമോ എന്ന് കായിക പ്രേമികൾ ഭയക്കുന്നു.

കായിക മത്സരത്തിന്റെ പവിത്രതയെ ഇത്തരം അന്ധവിശ്വാസങ്ങളിലേക്ക് ചുരുക്കിക്കെട്ടുന്നത് വലിയൊരു വിഭാഗം ആരാധകരെ കായികരംഗത്തുനിന്ന് അകറ്റുമെന്നതിൽ സംശയമില്ല. കായികത്തെ അതിന്റെ തനിമയിൽ നിലനിർത്താനും സ്റ്റേഡിയങ്ങളെ രാഷ്ട്രീയ അജണ്ടകൾക്കപ്പുറത്തേക്ക് ഉയർത്താനും ബിസിസിഐ തയ്യാറായില്ലെങ്കിൽ ഐപിഎൽ എന്നത് ഒരു കായിക ടൂർണമെന്റ് എന്നതിലുപരി, ഒരു പ്രത്യേക അജണ്ടയുടെ പരസ്യമായി മാത്രം ചുരുങ്ങിപ്പോകും.

കായിക വേദികൾ എന്നും ജനങ്ങളെ ഒന്നിപ്പിക്കുന്ന ഇടങ്ങളായിരിക്കണം. മറിച്ച്, മതപരമായ അജണ്ടകളും രാഷ്ട്രീയ താല്പര്യങ്ങളും കുത്തിനിറച്ച് അത് ജനങ്ങളെ വിഭജിക്കുന്നതിലേക്ക് കാര്യങ്ങൾ എത്തിക്കരുത്. ഇന്ത്യൻ ക്രിക്കറ്റിന്റെ മതേതര സ്വഭാവം തിരിച്ചുപിടിക്കേണ്ടത് ഓരോ കായിക പ്രേമിയുടെയും ഉത്തരവാദിത്തമാണ്.

ആരാധകർക്ക് വേണ്ടത് സ്റ്റേഡിയത്തിൽ കാണേണ്ടത് വോട്ടുബാങ്ക് രാഷ്ട്രീയമോ അതോ വിസ്മയിപ്പിക്കുന്ന ഒരു സിക്സറോ? നാളെ നമ്മുടെ കായിക താരങ്ങൾ പിച്ചിന് പകരം പൂജാമുറികളിൽ പരിശീലനം തുടങ്ങുമോ? നമ്മുടെ മതേതര ഇന്ത്യയുടെ പ്രതിച്ഛായ ഇങ്ങനെ കരിവാരിത്തേക്കാൻ അനുവദിക്കണോ? അല്ലാത്തപക്ഷം, ക്രിക്കറ്റ് എന്നത് ബാറ്റിനും ബോളിനും അപ്പുറം രാഷ്ട്രീയത്തിന്റെ പടക്കളമായി മാറും.

Content highlights: ipl 2026 drone hindutva celebration controversy stadium politics cricket

dot image
To advertise here,contact us
dot image