

സൂര്യയെ നായകനാക്കി ആര്‍ ജെ ബാലാജി സംവിധാനം ചെയ്ത കറുപ്പ് സിനിമ തിയേറ്ററിൽ മികച്ച പ്രതികരണങ്ങൾ നേടി മുന്നേറുകയാണ്.
സൂര്യയുടെ വമ്പൻ കംബാക്ക് ആണ് കറുപ്പ് എന്നാണ് അഭിപ്രായങ്ങൾ. എല്ലായിടത്തും നിറഞ്ഞ സദസിലാണ് സിനിമ പ്രദർശിപ്പിക്കുന്നത്. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 300 കോടി ഗ്രോസ് പിന്നിട്ടിരിക്കുകയാണ് ചിത്രം. നിര്‍മ്മാതാക്കള്‍ തന്നെ അറിയിച്ചിരിക്കുന്നതാണ് ഇത്. സിനിമയുടെ വിജയത്തിൽ ചിത്രത്തിലെ പ്രധാന അണിയറ പ്രവർത്തകർക്ക് ആഡംബര കാറുകൾ സമ്മാനമായി നൽകിയിരിക്കുകയാണ് സൂര്യ.
മൂന്ന് പേർക്കാണ് സൂര്യ മഹീന്ദ്ര BE6 ബാറ്റ്മാൻ എഡിഷൻ (Mahindra BE6 Batman edition) കാറുകൾ സമ്മാനിച്ചത്. സംഗീത സംവിധായകൻ സായ് അഭ്യങ്കർ, ഛായാഗ്രാഹകൻ ജി.കെ. വിഷ്ണു, എഡിറ്റർ ആർ. കലൈവാണൻ എന്നിവർക്കാണ് സൂര്യ കാറുകൾ സമ്മാനമായി നൽകിയത്. ഏകദേശം 30 ലക്ഷം രൂപ വിലമതിക്കുന്നതാണ് ഓരോ കാറും. കാറിന്റെ ഫോട്ടോയ്ക്കൊപ്പം സന്തോഷം മൂവരും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.
മൂന്ന് കാറിനും കൂടെ ഏകദേശം ഒരു കോടിയ്ക്കടുത്താണ് സൂര്യയ്ക്ക് ചിലവായിരിക്കുന്നത്. ഈ വാർത്ത വന്നതിന് പിന്നാലെ കറുപ്പിൽ അഭിനയിക്കാൻ എത്ര കോടിയാണ് സൂര്യയ്ക്ക് പ്രതിഫലമായി ലഭിച്ചതെന്ന് തിരയുകയാണ് ആരാധകർ. 45 കോടിയാണ് സൂര്യ വാങ്ങിയ പ്രതിഫലമെന്നാണ് റിപ്പോർട്ടുകൾ. നായികയായ തൃഷയ്ക്ക് 5 കോടിയും, സംവിധായകന്‍ ആര്‍ജെ ബാലാജിയ്ക്ക് 4 കോടിയുമാണ് പ്രതിഫലം. സഹതാരങ്ങളില്‍ ഇപ്പോള്‍ ഏറ്റവും അധികം പ്രതിഫലം വാങ്ങുന്ന കോമഡി താരമാണ് യോഗി ബാബു, 2 കോടിയാണ് യോഗിയുടെ പ്രതിഫലം. കറുപ്പ് എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ ഇന്ദ്രന്‍സിന് നല്‍കിയ പ്രതിഫലം 80 ലക്ഷം രൂപയാണ്. സ്വാസികയ്ക്ക് 40 ലക്ഷം രൂപയാണ്. ചിത്രത്തില്‍ മറ്റൊരു പ്രധാന വേഷത്തിലെത്തുന്ന ജോര്‍ജ് മറിയന്റെ പ്രതിഫലം 30 ലക്ഷം രൂപയാണ്.
അതേസമയം, സൂര്യയുടെ മുൻകാല ചിത്രങ്ങളായ 'കങ്കുവ' (2024), 'റെട്രോ' (2025) എന്നിവ ബോക്സ് ഓഫീസിൽ പ്രതീക്ഷിച്ച വിജയം കൈവരിക്കാത്ത സാഹചര്യത്തിലാണ് 'കറുപ്പിന്റെ' ഈ വമ്പൻ നേട്ടം. സൂര്യയുടെ കരിയറിലെ ആദ്യ 300 കോടി ചിത്രവുമാണ് കറുപ്പ്. 'സിങ്കം 2'-ന്റെ റെക്കോഡുകൾ തകർത്തുകൊണ്ടാണ് ഈ ചിത്രം മുന്നേറുന്നത്. സൂര്യയുടെ 'സൂരരൈ പോട്ര്', 'ജയ് ഭീം' തുടങ്ങിയ ചിത്രങ്ങൾ മികച്ച അഭിപ്രായം നേടിയെങ്കിലും കോവിഡ് മഹാമാരി കാരണം അവ നേരിട്ട് ഒടിടി പ്ലാറ്റ്‌ഫോമുകളിലാണ് റിലീസ് ചെയ്തത്. ഇന്ത്യയില്‍ നിന്ന് ആദ്യ ദിനം ചിത്രം നേടിയ നെറ്റ് കളക്ഷന്‍ 15.50 കോടിയാണ്.
തിയേറ്റർ ഹിറ്റില്ലാത്ത നീണ്ട 13 വർഷങ്ങൾക്ക് ശേഷം പൂർവാധികം ശക്തിയോടെ സൂര്യ തിരിച്ചെത്തുകയാണ്. സിങ്കം 2ന്റെ കളക്ഷൻ ആയിരുന്നു സൂര്യയുടെ ഏറ്റവും വലിയ തിയേറ്റർ കളക്ഷൻ അത് വെറും 4 ദിനം കൊണ്ട് കറുപ്പ് ബോക്സ് ഓഫീസിൽ മറികടന്നു ചരിത്ര വിജയത്തിലേക്ക് കുതിക്കുകയാണ്. സൂര്യ, ഇന്ദ്രൻസ്, തൃഷ, അനഘ തുടങ്ങിയവരുടെ പ്രകടനങ്ങൾക്കും കയ്യടി ലഭിക്കുന്നുണ്ട്. രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷം സൂര്യയും തൃഷയും വീണ്ടും ഒന്നിക്കുന്നതാണ് ചിത്രത്തിന്റെ പ്രധാന ആകര്‍ഷണം. ഇരുവരും ഇതുവരെ ചെയ്ത വേഷങ്ങളില്‍ നിന്ന് വ്യത്യസ്തമായ ഗെറ്റപ്പിലും മേക്കോവറിലുമായാണ് കറുപ്പില്‍ എത്തുന്നത്.
Content Highlights: Tamil actor Suriya has reportedly gifted three cars worth a total of Rs 30 lakh to members of the Karupp film team as a token of appreciation for their hard work and dedication. The generous gesture has been widely praised by fans and industry colleagues, highlighting Suriya's reputation for valuing and supporting his team.