

2026 ഇന്ത്യൻ പ്രീമിയർ ലീഗിൽ ഗുജറാത്തിന്റെ പരാജയപ്പെടുത്തികൊണ്ട് കിരീടം നിലനിര്‍ത്തി ആർസിബി ചരിത്രനേട്ടം കുറിച്ചെങ്കിലും, കിരീടംകൊണ്ട് നഗരത്തിലൂടെയുള്ള വിജയഘോഷയാത്ര നടത്താന്‍ കഴിഞ്ഞേക്കില്ലെന്ന് റിപ്പോർട്ടുകൾ. പൊലീസ് മുന്നോട്ട് വച്ചിട്ടുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും സുരക്ഷാ പ്രശ്‌നങ്ങളും കണക്കിലെടുത്ത് പൊതുവായ ആഘോഷങ്ങള്‍ വേണ്ടെന്നുവെക്കാന്‍ ഫ്രാഞ്ചൈസി തീരുമാനിച്ചതായാണ് വിവരം. കഴിഞ്ഞ വര്‍ഷത്തെ വിജയാഘോഷങ്ങൾക്ക് പിന്നാലെ ഉണ്ടായ ദുരനുഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ഇത്തവണ നിയന്ത്രണങ്ങള്‍ ശക്തമാക്കിയത്.
കഴിഞ്ഞ വർഷത്തെ ആര്‍സിബിയുടെ ആദ്യ കിരീടനേട്ടത്തിന് പിന്നാലെ എം ചിന്നസ്വാമി സ്റ്റേഡിയത്തിന് സമീപമുണ്ടായ തിക്കിലും തിരക്കിലും പെട്ട് 11 പേര്‍ക്കായിരുന്നു ജീവൻ നഷ്ടമായത്. ഈ സംഭവം വലിയ പ്രതിഷേധങ്ങള്‍ക്ക് കാരണമാവുകയും പിന്നീട് കര്‍ണാടക സര്‍ക്കാരും ഒപ്പം കോടതിയും ഇതിൽ ഇടപെടലുകളും നടത്തിയിരുന്നു. ഗവര്‍ണറുടെ ഔദ്യോഗിക വസതി ആർസിബിയുടെ ഹോം ഗ്രൗണ്ടായ ചിന്നസ്വാമി സ്റ്റേഡിയത്തിന് സമീപമായതിനാല്‍ ഈ ഭാഗത്ത് കര്‍ശന സുരക്ഷാ ക്രമീകരണങ്ങളാണ് പോലീസ് ഒരുക്കിയിരിക്കുന്നത്. പൊതുനിരത്തുകളില്‍ ആഘോഷങ്ങള്‍ പാടില്ലെന്നും പടക്കം പൊട്ടിക്കരുതെന്നും ബംഗളൂരു പോലീസ് നേരത്തെ തന്നെ നിര്‍ദ്ദേശം നല്‍കിയിരുന്നു.
'തെരുവുകളില്‍ ആഘോഷങ്ങള്‍ നടത്താന്‍ അനുവദിക്കില്ല. സമാധാനം നിലനിര്‍ത്താന്‍ ആരാധകര്‍ സഹകരിക്കണം. ആഘോഷങ്ങള്‍ വേണമെന്നുള്ളവര്‍ക്ക് അത് വീടിനുള്ളില്‍ തന്നെയാകാം.' സിറ്റി പോലീസ് കമ്മീഷണര്‍ സീമന്ത് കുമാര്‍ സിംഗ് വ്യക്തമാക്കി. മാത്രവുമല്ല, ടീമിലെ പ്രമുഖ താരങ്ങള്‍ തങ്ങളുടെ അന്താരാഷ്ട്ര മത്സരങ്ങള്‍ക്കായി ഉടന്‍ തന്നെ യാത്ര തിരിക്കേണ്ടതുണ്ട്. ദേവ്ദത്ത് പടിക്കല്‍ ഇന്ത്യന്‍ ടെസ്റ്റ് ടീമിനൊപ്പവും വിദേശ താരങ്ങളായ ജോഷ് ഹേസല്‍വുഡ്, ടിം ഡേവിഡ് എന്നിവര്‍ തങ്ങളുടെ ദേശീയ ടീമുകള്‍ക്കൊപ്പവും ചേരേണ്ടതുണ്ട്. തുടര്‍ച്ചയായി ഐപിഎൽ കിരീടം നിലനിര്‍ത്തുന്ന മൂന്നാമത്തെ ടീം എന്ന നേട്ടം സ്വന്തമാക്കിയിട്ടും, നേട്ടം ആഘോഷമാക്കാൻ നിലവിലെ സാഹചര്യങ്ങൾ ബെംഗളുരുവിനെ അനുവദിക്കുന്നില്ല.
Content highlight: RCB unlikely to hold victory parade in Bengaluru IPL 2026