

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ റെക്കോഡുകള്‍ ഭേദിച്ചായിരുന്നു ഇത്തവണ വൈഭവ് സൂര്യവംശിയുടെ മുന്നേറ്റം. 237.31 ശരാശരിയില്‍ 72 സിക്സ് അടക്കം 776 റണ്‍സാണ് ഈ പതിനഞ്ചുകാരന്‍ ഇതിനോടകം അടിച്ചുകൂട്ടിയത്. ക്രിക്കറ്റില്‍ ഉജ്വല ഭാവിയുള്ള താരത്തെ വലിയ പ്രതീക്ഷയോടെയാണ് ക്രിക്കറ്റ് പ്രേമികളും നോക്കിക്കാണുന്നത്. ടി 20 ക്രിക്കറ്റില്‍ മാത്രമല്ല, ഏകദിന-ടെസ്റ്റ് ക്രിക്കറ്റിലും താരത്തെ കാണണമെന്ന മോഹത്തിലാണ് ആരാധകര്‍. എന്നാല്‍ വിഷയത്തില്‍ മുന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറുടെ വിലയിരുത്തലാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.
ക്രിക്കറ്റ് പ്രേമികളെല്ലാം ഇപ്പോള്‍ വൈഭവ് സൂര്യവംശിയെക്കുറിച്ചാണ് സംസാരിക്കുന്നത്. ഗംഭീരം എന്നേ ആ ബാറ്റിങ്ങിനെക്കുറിച്ച് പറയാനുള്ളൂ. സവിശഷമാണ് അദ്ദേഹത്തിന്റെ പ്രകടനം. പന്തിനെ പ്രഹരിക്കാനുള്ള കഴിവ് മാത്രമല്ല, ആ റിസ്റ്റ് വര്‍ക്കും എന്നെ അത്ഭുതപ്പെടുത്തുകയാണ്. ഗ്രൗണ്ടിന്റെ എല്ലാ ഭാഗത്തേയ്ക്കും പന്ത് പായിക്കാന്‍ ഇതുപോലെ മികവുറ്റ റിസ്റ്റ് വര്‍ക്ക് ആവശ്യമാണ്. മറ്റുള്ളവരേക്കാള്‍ നേരത്തെ തന്നെ പന്തിന്റെ ലൈനും ലെങ്ത്തും കണ്ടെത്തി അതിനെ അതിര്‍ത്തി കടത്താന്‍ അയാള്‍ക്ക് കഴിയുന്നുണ്ടെന്നും സ്വന്തമായ കളി തുടരുക എന്ന് മാത്രമാണ് എനിക്ക് അയാളോട് പറയാനുള്ളതെന്നും സച്ചിന്‍ പറഞ്ഞു. ടെസ്റ്റ് ക്രിക്കറ്റില്‍ ഒരുപാട് വെല്ലുവിളികള്‍ ഉണ്ടാവും. കാലാന്തരേണ അതില്‍ നിന്നൊക്കെ ഒരുപാട് പാഠം ഉള്‍ക്കൊള്ളാനുണ്ട്. കരിയറിന്റെ അവസാന ദിവസം വരെ, നേരിടുന്ന അവസാന പന്ത് വരെ ഈ വെല്ലുവിളികള്‍ തുടരും. ഓരോ പന്തിലും എന്ത് ചെയ്യണം എന്ന കൃത്യമായ ധാരണ അയാള്‍ക്കുണ്ട്. അയാളുടെ സ്വാഭാവിക കളിയെ അലോസരപ്പെടുത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. അയാള്‍ പന്തിനെ നിരീക്ഷിക്കുകയും അതിനോട് പ്രതികരിക്കുകയും ചെയ്യുന്ന ഒരു രീതിയുണ്ട്. ഒരുപാട് കാര്യങ്ങള്‍ ഒന്നിച്ച് ഏല്‍പിച്ചാല്‍ അത് അയാളുടെ ഈ സിഗ്നലിനെ തടയുന്നതിന് തുല്ല്യമായിരിക്കും. അതാണ് അയാള്‍ക്ക് മുന്നിലുള്ള വലിയ വെല്ലുവിളി. സ്വന്തം നിലയില്‍ ക്രീസില്‍ പോയി ബാറ്റ് ചെയ്യാന്‍ വിടാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. കാലം പുരോഗമിക്കുംതോറും അയാള്‍ ഒരുപാട് പാഠങ്ങള്‍ പഠിക്കും. എനിക്കെന്നല്ല, എല്ലാവര്‍ക്കും അയാള്‍ സ്വതസിദ്ധമായ ശൈലിയില്‍ കളിക്കുന്നത് കാണാനാണ് ആഗ്രഹം. വൈഭവിലെ പ്രതിഭ ഒരുപാട് പ്രോത്സാഹം ആവശ്യപ്പെടുന്നുണ്ട്. ഏത് കളി കളിക്കണം, എങ്ങനെ കളിക്കണം, ഏത് ടീമിലേയ്ക്ക് തിരഞ്ഞെടുക്കണം തുടങ്ങിയ കാര്യങ്ങള്‍ പറഞ്ഞ് അമിത സമ്മര്‍ദം അടിച്ചേല്‍പിക്കാതെ നാം പരമാവധി പ്രോത്സാഹിപ്പിച്ച് ആ പ്രകടനം ആസ്വദിക്കുക മാത്രം ചെയ്താല്‍ മതിയെന്നും ഇത്തരം കാര്യങ്ങള്‍ സെലക്ടര്‍മാര്‍ക്ക് വിടുകയാണ് വേണ്ടതെന്നും സച്ചിന്‍ പറഞ്ഞു.
ഐപിഎല്‍ ക്രിക്കറ്റില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ഏഴുവിക്കറ്റിന് തോറ്റാണ് രാജസ്ഥാന്‍ റോയല്‍സ് പുറത്തായത്. മത്സരത്തില്‍ 47 പന്തില്‍ 96 റണ്‍സെടുത്ത വൈഭവാണ് രാജസ്ഥാന്‍നിരയില്‍ പൊരുതിയത്. എന്നാല്‍ വെറും നാലുറണ്‍സ് അകലെ അദ്ദേഹത്തിന് സെഞ്ചുറി നഷ്ടമായി.
content highlights: When will we see Vaibhav in ODIs and Test cricket? No need to put pressure," says Sachin