

സൂപ്പർ സ്റ്റാറുകൾ എല്ലാം ഒന്നിച്ചിട്ടും ബോക്സോഫീസിൽ പ്രതീക്ഷിച്ച വിജയം നേടാത്ത ബിഗ് ബജറ്റ് സിനിമ. ഇതാണ് കഴിഞ്ഞ 5 സീസണുകളിലായി മുംബൈ ഇന്ത്യൻസിന്റെ അവസ്ഥ. ബാറ്റിങ്ങിലും ബൗളിങ്ങിലും കരുത്തരെ അണിനിരത്തിയിട്ടും 2019ലും 2020ലും തുടർച്ചയായി ച്യാംപ്യന്മാരായതിനു ശേഷം കിരീടത്തിൽ മുത്തമിടാൻ ടീമിനായിട്ടില്ല. 2022ലും 2024ലും അവസാന സ്ഥാനക്കാരായാണ് ടീം ഫിനിഷ് ചെയ്തത്. എന്നാൽ കഴിഞ്ഞ തവണ മൂന്നാം സ്ഥാനത്ത് എത്തിയത് തിരിച്ചുവരവിന്റെ സൂചനയാണെന്നതാണ് ടീമിന്റെ പ്രതീക്ഷ. ദൈവത്തിന്റെ പോരാളികൾക്കായി ആറാം കിരീടം ഉയർത്താൻ തക്ക ടീമാണ് നീല കുപ്പായത്തിൽ ഇത്തവണ കളത്തിലിറങ്ങുക.
താരസമ്പന്നം സംതുലിതം
കഴിഞ്ഞ സീസണിലെ പ്രധാന കളിക്കാരെയെല്ലാം നിലനിർത്തിക്കൊണ്ടാണ് മുംബൈ ഇന്ത്യൻസ് ഇത്തവണ എത്തുന്നത്. ക്യാപ്റ്റനായി ഹാർദിക് പാണ്ഡ്യ തുടരും. രോഹിത് ശർമ, തിലക് വർമ, ജസ്പ്രീത് ബുമ്ര, റിയാൻ റിക്കൽട്ടൻ, വിൽ ജാക്ക്സ്, കോർബിൻ ബോഷ് ഉൾപ്പെടെ പ്രമുഖരെയെല്ലാം നിലനിർത്തി. സ്പിന്നർമാരായ മുജീബുർ റഹ്മാനെയും കരൺ ശർമയെയും വിഗ്നേഷ് പുത്തൂറിനെയും ഒഴിവാക്കി. പകരം ലെഗ്സ്പിന്നർ മായങ്ക് മാർക്കണ്ഡയയെ കൊൽക്കത്തയിൽ നിന്നും ടീമിലെത്തിച്ചു. ഷാർദുൽ ഠാക്കൂറിനെ ലക്നൗവിൽ നിന്നും വെസ്റ്റ് ഇൻഡീസ് വെടിക്കെട്ട് ബാറ്റർ ഷെർഫെയ്ൻ റൂതർഫോഡിനെ ഗുജറാത്തിൽ നിന്നും വാങ്ങി. ലേലത്തിലൂടെ ക്വിന്റൻ ഡി കോക്കും ടീമിലെത്തിയതോടെ അടിമുടി സംതുലിതമാണ് മുംബൈ നിര.
സാധ്യതകളിൽ നിഴൽ വീഴ്ത്തി ക്യാപ്റ്റൻ തർക്കം
കടലാസിൽ സർവമേഖലകളിലും കാട്ടുന്ന കരുത്ത് കളിക്കളത്തിൽ ആവർത്തിക്കാൻ കഴിയാത്തതാണ് കഴിഞ്ഞ സീസണുകളിൽ മുംബൈയ്ക്കു തിരിച്ചടിയായത്. ക്യാപ്റ്റനെ ചൊല്ലി ഉയർന്ന വിവാദത്തെ ഇതിനു കാരണമായി ചൂണ്ടിക്കാട്ടുന്നവരുണ്ട്. 2024 സീസണിലാണ് രോഹിത് ശർമയെ നീക്കി പകരം ഹാർദിക്കിനെ മുംബൈ ക്യാപ്റ്റനാക്കിയത്. വാങ്കഡേ സ്റ്റേഡിയത്തിൽ ഹാർദിക്കിനെതിരെ ആരാധകരുടെ കൂകിവിളി പല തവണയുണ്ടായി. ഹാർദിക്കിന്റെ തീരുമാനങ്ങളിൽ ടീമിൽ അഭിപ്രായ വ്യത്യാസമുണ്ടെന്ന റിപ്പോർട്ടുകളും പുറത്തുവന്നു. പല കളികളിലും അവസാന നിമിഷം വിജയം കൈവിട്ടതു ടീമിൽ ഒത്തിണക്കമില്ലാത്തതു കൊണ്ടാണെന്ന വിമർശനവും ശക്തമായി. എന്നാൽ കഴിഞ്ഞ സീസണിൽ പ്രശ്നങ്ങളെല്ലാം പരിഹരിച്ച് ടീമിനെ ഒത്തിണക്കത്തോടെ മുന്നോട്ടു കൊണ്ടു പോകാൻ ഹാർദിക്കിനായി. ഇതിന്റെ ഫലമായി മൂന്നാം സ്ഥാനത്തെത്താനായി. ഇത്തവണ ടീമിൽ പ്രശ്നങ്ങളില്ലെന്നും കിരീടം സ്വന്തമാക്കാനാകുമെന്നുമുള്ള പ്രതീക്ഷയിലായിരുന്നു ടീം. എന്നാൽ ലോകകപ്പ് നേടിയ ക്യാപ്റ്റൻ സൂര്യകുമാർ യാദവിനായി ഹാർദിക് വഴി മാറണമെന്ന് മുതിർന്ന താരങ്ങൾ ഉൾപ്പെടെ അഭിപ്രായപ്പെട്ടതോടെ വീണ്ടും ചർച്ചകൾ സജീവമായി. ഇതോടെ കടുത്ത സമ്മർദത്തെ അതിജീവിക്കണമെന്ന വെല്ലുവിളിയിലാണ് ഹാർദിക്. അതേ സമയം ടീമിലെ കിരീടത്തിലെത്തിക്കാൻ വിമർശനങ്ങൾ ഹാർദിക്കിനു കരുത്താകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

കരുത്തായി ബാറ്റിങ്ങും ഓൾറൗണ്ടർമാരും
കരുത്തരായ ഒരു പിടി ഓൾറൗണ്ടർമാരാണ് മുംബൈയുടെ കരുത്ത്. ഹാർദിക് പാണ്ഡ്യ, മിച്ചൽ സാറ്റ്നർ, കോർബിൻ ബോഷ്, വിൽ ജാക്ക്സ്, ഷാർദുൽ ഠാക്കൂർ എന്നിവരെല്ലാം ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെ മികവുള്ളവരാണ്. ഐപിഎല്ലിലെ ഏറ്റവും ശക്തമായ ബാറ്റിങ് നിരകളിലൊന്നാണ് ടീമിന്റേത്. രോഹിത് ശർമയ്ക്കൊപ്പം ക്വിന്റൺ ഡി കോക്ക് ഓപ്പൺ ചെയ്തേയ്ക്കും. സൂര്യകുമാർ യാദവാകും മൂന്നാം നമ്പറിലിറങ്ങുക. തിലക് വർമ നാലാമതും ഹാർദിക് പാണ്ഡ്യ, നമൻ ധിർ, വിൽ ജാക്ക്സ് എന്നിവർ ഫിനിഷർ റോളിലുമെത്തും. വിൽ ജാക്സിന്റെ മിന്നും ഫോമാണ് ടീമിനു പ്രതീക്ഷ നൽകുന്ന ഘടകങ്ങളിലൊന്ന്. ലോകകപ്പിൽ 226 റൺസ് അടിച്ചുകൂട്ടിയ ജാക്സ് 9 വിക്കറ്റുമെടുത്തു. 4 കളികളിൽ മികച്ച താരവുമായി.
ഡെത്ത് ഓവറുകളിൽ കളി മാറ്റുന്ന ബുംറയും പവർപ്ലേയിൽ വിക്കറ്റെടുക്കുന്ന ട്രെന്റ് ബോൾട്ടും മുംബൈയെ കൂടുതൽ അപകടകാരികളാക്കുന്നു. ദീപക് ചഹാറും ഷാർദുൽ ഠാക്കൂറും പേസ് നിരയിലുണ്ട്. കഴിഞ്ഞ സീസണിൽ അരങ്ങേറ്റ മത്സരത്തിലെ ആദ്യ പന്തിൽ കൊൽക്കത്ത ക്യാപ്റ്റൻ അജിങ്ക്യ രഹാനയുടെ വിക്കറ്റെടുത്ത് ശ്രദ്ധേയനായ പേസർ അശ്വിനി കുമാറാണ് പേസ് നിരയിലെ ശ്രദ്ധിക്കേണ്ട താരം. അരങ്ങേറ്റ സീസണിൽ 7 കളികളിൽ നിന്നു 11 വിക്കറ്റെടുത്ത അശ്വിനികുമാറിൽ നിന്നും അൽഭുതങ്ങൾ മുംബൈ പ്രതീക്ഷിക്കുന്നുണ്ട്. മിച്ചൽ സാറ്റ്നറും മായങ്ക് മർക്കണ്ടേയുമാണ് സ്പിന്നർമാർ. അഫ്ഗാൻ സ്പിന്നർ അല്ലാ ഗസൻഫാറും ടീമിലുണ്ട്. ശ്രീലങ്കൻ ഇതിഹാസ താരം മഹേള ജയവർധനയാണ് ഇത്തവണയും പരിശീലകൻ.
ഫോമിലെത്തുമോ രോഹിത് ശർമ, ആശങ്കയായി സ്പിന്നർമാർ
ഓപ്പണർമാരുടെ മോശം ഫോമാണ് മുംബൈ നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്ന്. ഐപിഎല്ലിൽ തന്റെ പ്രതാപകാലത്തെ പ്രകടനങ്ങളുടെ നിഴൽ പോലുമാകാൻ കഴിഞ്ഞ സീസണുകളിൽ രോഹിത് ശർമയ്ക്കു കഴിഞ്ഞിട്ടില്ല. മറ്റൊരു ഓപ്പണറായ ക്വിന്റൻ ഡി കോക്കിന് ലോകകപ്പിൽ പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാൻ കഴിഞ്ഞിട്ടില്ല. ഡി കോക്ക് നിറം മങ്ങിയാൽ പകരം റിയാൻ റിക്കിൽട്ടനെ പരീക്ഷിച്ചേക്കും.
കളിമാറ്റാൻ കരുത്തുള്ള സ്പിന്നറുടെ അഭാവമാണ് മറ്റൊരു വെല്ലുവിളി. റൺസ് വിട്ടുകൊടുക്കാതെ പന്തെറിയുമെങ്കിലും നിർണായക സമയങ്ങളിൽ വിക്കറ്റ് വീഴ്ത്താൻ സാറ്റ്നർക്കു കഴിയാത്തത് പോരായ്മയാണ്. പഞ്ചാബ് സ്പിന്നർ മായങ്ക് മാർക്കണ്ഡെയുടെ പ്രകടനത്തിലെ സ്ഥിരതയും ചോദ്യ ചിഹ്നം ഉയർത്തുന്നു. അഫ്ഗാൻ സ്പിന്നർ അല്ലാ ഗസൻ ടീമിലുണ്ടെങ്കിലും ബാറ്റിങ്ങിൽ കൂടി മികവുള്ള സാറ്റ്നറെ ഒഴിവാക്കി അവസരം നൽകാൻ സാധ്യത കുറവാണ്. ഒപ്പം ജസ്പ്രീത് ബുമ്ര, ഷാർദുൽ ഠാക്കൂർ, ദീപക് ചഹാർ എന്നിവരൊക്കെ പരുക്കിനു പേരു കേട്ടവരാണെന്നത് ബൗളിങ്ങിൽ ആശങ്കയാകുന്നു. ഒപ്പം കരുത്തരായ വിദേശ താരങ്ങളുടെ നിരയിൽ നിന്നും ആരെയൊക്കെ അന്തിമ ഇലവനിൽ ഉൾപ്പെടുത്തുമെന്നതും തലവേദനയാണ്.
സാധ്യതാ ടീം: രോഹിത് ശർമ, ക്വിന്റൻ ഡി കോക്ക്, സൂര്യകുമാർ യാദവ്, തിലക് വർമ, ഹാർദിക് പാണ്ഡ്യ, വിൽ ജാക്സ്, നമൻദീർ, മിച്ചൽ സാറ്റ്നർ, ദീപക് ചഹാർ, ട്രെന്റ് ബോൾട്ട്, ജസ്പ്രീത് ബുമ്ര. ഇംപാക്ട് പ്ലെയർ: ഷാർദുൽ ഠാക്കൂർ\ അശ്വിനി കുമാർ\ ഷെർഫെൻ റൂഥർഫോർഡ്.
Content Highlights: IPL 2026: Mumbai Indians coming for the 6th title in Indian Premiere League