

ക്യൂബ്‌സ് എന്റർടെയ്ൻമെന്റ്‌സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമിച്ച ബ്രഹ്‌മാണ്ഡ ആക്ഷൻ ത്രില്ലർ ചിത്രം 'കാട്ടാളൻ' തിയേറ്ററിൽ എത്തിയിരിക്കുകയാണ്. സമ്മിശ്ര പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത് ഇതിനിടെ കാട്ടാളൻ സിനിമയുടെ ബുക്ക്‌മൈഷോ റേറ്റിംഗ് വിഭാഗം അപ്രതീക്ഷിതമായി ഡിസേബിൾ ചെയ്ത നടപടി സിനിമാ മേഖലയിൽ ചർച്ചയാകുന്നു. റിലീസിന് പിന്നാലെ ചിത്രത്തിനെതിരെ ഒരേ സ്വഭാവത്തിലുള്ള വലിയ തോതിലുള്ള നെഗറ്റീവ് റിവ്യൂകളും റേറ്റിംഗുകളും പ്രത്യക്ഷപ്പെട്ടിരുന്നു.
ഇതിനിടെയാണ് ബുക്ക്‌മൈഷോ കാട്ടാളന്റെ റേറ്റിംഗ് വിഭാഗം ഡിസേബിൾ ചെയ്തിരിക്കുന്നത്. സിനിമയ്‌ക്കെതിരെ നടന്നതായി ആരോപിക്കപ്പെടുന്ന സംഘടിത ഡീഗ്രേഡിംഗ് പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ആശങ്കകൾക്ക് ശക്തിപകരുന്നതായാണ് ഈ നടപടിയെ വിലയിരുത്തപ്പെടുന്നത്. ഒരു സിനിമയുടെ യഥാർത്ഥ പ്രേക്ഷക പ്രതികരണത്തെ സ്വാധീനിക്കുന്ന തരത്തിൽ ഫേക്ക് അല്ലെങ്കിൽ അസ്വാഭാവിക റിവ്യൂ പ്രവർത്തനങ്ങൾ നടന്നിട്ടുണ്ടോ എന്ന ചോദ്യവും ഇതോടെ ഉയരുന്നുണ്ട്. സാമൂഹ്യമാധ്യമങ്ങളിലും വിവിധ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലും ചിത്രത്തിനെതിരെ ഒരേ രീതിയിലുള്ള പ്രതികരണങ്ങൾ വ്യാപകമായി പ്രചരിച്ചിരുന്നതും ശ്രദ്ധേയമാണ്.

പ്രേക്ഷക പിന്തുണയോടെ തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുന്ന കാട്ടാളനെതിരെ നടന്ന സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ, ബുക്ക്‌മൈഷോയുടെ ഈ നടപടി വലിയ പ്രാധാന്യത്തോടെയാണ് സിനിമാ ലോകം കാണുന്നത്. യഥാർത്ഥ പ്രേക്ഷകരുടെ അഭിപ്രായങ്ങളാണ് ഒരു സിനിമയുടെ അന്തിമ വിലയിരുത്തൽ നിർണയിക്കേണ്ടതെന്നും, എല്ലാവരും തിയേറ്ററുകളിൽ എത്തി കാട്ടാളൻ കണ്ട ശേഷം സ്വന്തം അഭിപ്രായം രൂപീകരിക്കണമെന്നും അണിയറ പ്രവർത്തകർ അഭ്യർഥിച്ചു.

ആന്റണി വർഗീസ് നായകനായി എത്തുന്ന ചിത്രത്തിൽ അദ്ദേഹത്തോടൊപ്പം വമ്പൻ താരനിരയാണ് അണിനിരക്കുന്നത്. ദുഷാര വിജയൻ നായികയായി മലയാളത്തിലെത്തുന്ന ചിത്രത്തിൽ, പുഷ്പ, ജയിലർ എന്നിവയിലൂടെ ശ്രദ്ധനേടിയ തെലുങ്ക് താരം സുനിൽ, മാർക്കോയിലൂടെ മലയാളത്തിലെത്തി ശ്രദ്ധനേടിയ കബീർദുഹാൻ സിങ്, പുഷ്പ ഫെയിം തെലുങ്കു താരം രാജ് തിരാണ്ടുസു, 'കിൽ' എന്ന ബ്ലോക്ക്ബസ്റ്റർ ഹിന്ദി ചിത്രത്തിലൂടെ പ്രശംസ നേടിയ ബോളിവുഡ് താരം പാർഥ് തിവാരി, മലയാളത്തിൽനിന്ന് ജഗദീഷ്, സിദ്ദിഖ്, വ്‌ളോഗറും ഗായകനുമായ ഹനാൻഷാ, ഹിപ്സ്റ്റർ എന്നിവരും അഭിനയിച്ചിട്ടുണ്ട്. പ്രേക്ഷകരെ ഒരേ സമയം അമ്പരപ്പിക്കുകയും ത്രസിപ്പിക്കുകയും ചെയ്യുന്ന സംഘട്ടന രംഗങ്ങൾ ചിത്രത്തിന്റെ ഹൈലൈറ്റ് ആയി മാറുമെന്നാണ് സൂചന. അതിനൊപ്പം ചിത്രത്തിൽനിന്ന് പുറത്തു വന്ന ഗാനങ്ങളും ശ്രദ്ധേയമാണ്.
Content Highlights: Concerns have emerged in the cinema industry after reports claimed that BookMyShow ratings for the film Kattalan were disabled following alleged “organized degradation” or coordinated negative rating activity. The incident has sparked debate about the reliability of online rating systems, potential manipulation of audience reviews, and the need for stronger safeguards on ticketing and review platforms.