സഞ്ജുവില്ലാത്ത രാജസ്ഥാൻ; പവർ ഹിറ്റേഴ്‌സ് മാത്രം മതിയോ?; ആശങ്കകൾ ഒരുപാടുണ്ട്!

അഞ്ച് സീസണുകളിൽ ടീമിനെ നയിച്ച ക്യാപ്റ്റനെ കരിയറിലെ ഏറ്റവും മികച്ച ഫോമിൽ നിൽക്കെ നഷ്ടമായെന്ന തിരിച്ചറവ് ടീമിനെയും ആരാധകരെയും വല്ലാതെ ഉലയ്ക്കുന്നതാണ്

സഞ്ജുവില്ലാത്ത രാജസ്ഥാൻ; പവർ ഹിറ്റേഴ്‌സ് മാത്രം മതിയോ?; ആശങ്കകൾ ഒരുപാടുണ്ട്!
വിഷ്ണു വിജയകുമാർ
1 min read|18 Mar 2026, 05:45 pm
dot image

സഞ്ജു സാംസന്റെ കരുത്തിൽ ട്വന്റി 20 ലോകകപ്പ് ഇന്ത്യ നേടിയപ്പോൾ ന്യൂസിലാൻഡിനൊപ്പം രാജസ്ഥാൻ റോയൽസ് ആരാധകരുടേയും ഹൃദയം തകർന്നു. അഞ്ച് സീസണുകളിൽ ടീമിനെ നയിച്ച ക്യാപ്റ്റനെ കരിയറിലെ ഏറ്റവും മികച്ച ഫോമിൽ നിൽക്കെ നഷ്ടമായെന്ന തിരിച്ചറവ് ടീമിനെയും ആരാധകരെയും വല്ലാതെ ഉലയ്ക്കുന്നതാണ്. ഇതിനെ അതിജീവിച്ചും കിരീടം നേടാൻ കരുത്തുള്ള ഒരുപിടി താരങ്ങളാണ് രാജസ്ഥാന്റെ കരുത്ത്. സഞ്ജുവിന് പകരം റിയാൻ പരാ​ഗ് നയിക്കുന്ന ടീം കിരീടം നേടാൻ പോന്നതാണ്.

അടിമുടി മാറ്റം

കഴിഞ്ഞ സീസണിലെ ഒമ്പതാം സ്ഥാനമെന്ന നിരാശാജനകമായ പ്രകടനത്തിനു പിന്നാലെ ടീമിൽ അടിമുടി മാറ്റമാണ് മാനേജ്മെന്റ് നടത്തിയത്. പ്രധാന പ്രശ്നമായിരുന്ന ഓൾ റൗണ്ടർമാരുടെ അഭാവം പരിഹരിക്കാൻ രവീന്ദ്ര ജഡേജയും സാം കറനെയും ടീമിലെത്തിച്ചു. ശ്രീലങ്കൻ സ്പിന്നർമാരായ വനിന്ദു ഹസരംഗയെയും മഹീഷ് തീക്ഷ്ണയെയും ഒഴിവാക്കി പകരം രവി ബിഷ്ണോയിയെയും മലയാളി ചൈനാമാൻ സ്പിന്നർ വിഗ്നേഷ് പുത്തൂറിനെയും ഉൾപ്പെടുത്തി.

മുഷ്താഖ് അലി ട്രോഫിയിൽ ഝാ‍ർഖണ്ഡിന്റെ കിരീട നേട്ടത്തിൽ നിർണായക സാന്നിധ്യമായ പേസർ സുശാന്ത് മിശ്ര, ലെഗ് സ്പിന്നറായ യഷ് രാജ് പുഞ്ച, റെയിൽവേസിന്റെ വെടിക്കെട്ടുകാരൻ വിക്കറ്റ് കീപ്പർ ബാറ്റർ രവി സിങ് എന്നീ പുതുമുഖങ്ങളെയും ‌ഉൾപ്പെടുത്തി. ഒപ്പം രാഹുൽ ദ്രാവിഡിനെ പരിശീലക സ്ഥാനത്തു നിന്നു നീക്കി പകരം കുമാ‍ർ സങ്കക്കാരയെ തിരിച്ചെത്തിച്ചതോടെ നഷ്ടപ്പെട്ട കരുത്ത് വീണ്ടെടുക്കാമെന്ന പ്രതീക്ഷയിലാണ് രാജസ്ഥാൻ.


കരുത്തായി ഓപ്പണ‍ർമാ‍ർ, ലോട്ടറിയായി ഹെറ്റ്മെയർ

ടൂർണമെന്റിലെ തന്നെ ഏറ്റവും സ്ഫോടകാത്മകമായ ഓപ്പണിങ് നിരയാണ് രാജസ്ഥാന്റെ ശക്തി. വൈഭവ് സൂര്യവംശിയും യശ്വിസി ജയസ്വാളും ചേർന്നുള്ള ഓപ്പണിങ് സഖ്യം പവർപ്ലേകളിൽ പരമാവധി റൺസ് അടിച്ചെടുക്കാൻ പോന്നവരാണ്. മൂന്നാം നമ്പറിൽ ജോസ് ബട്‌ല‌ർക്കു പകരക്കാരനെ കണ്ടെത്താനാകാത്തത് കഴിഞ്ഞ സീസണിൽ രാജസ്ഥാന്റെ തിരിച്ചടിക്കു പ്രധാന കാരണങ്ങളിലൊന്നായിരുന്നു. താരലേലത്തിനും ബട്ലറുടെ പേരിനു പകരം വയ്ക്കാവുന്ന ബാറ്ററെ ടീമിൽ എത്തിക്കാത്തതിൽ മാനേജ്മെന്റ് വൻ വിമ‍ർശനം നേരിട്ടിരുന്നു.

എന്നാൽ ലോകകപ്പിലെ ഷിമ്രോൺ ഹെറ്റ്മയറുടെ പ്രകടനം ടീമിനു ഓ‌‍‍ർക്കാപ്പുറത്തെ ലോട്ടറിയായി. വെസ്റ്റ് ഇൻഡീസിനായി ഫിനിഷർ റോൾ വിട്ട് മൂന്നാം നമ്പറിലിറങ്ങിയ ഹെറ്റ്മയ‍ർ 7 കളികളിൽ നിന്നു അടിച്ചു കൂട്ടിയത് 248 റൺസാണ്. സിംബാബ്‌വെയ്ക്കെതിരെ 34 പന്തിൽ 85 റൺസെടുത്ത പ്രകടനം ഉൾപ്പെടെ ഹെറ്റ്മയ‍ർക്കു മൂന്നാം നമ്പറിൽ തിളങ്ങാനാകുമെന്ന് ഉറപ്പിക്കുന്നു. റിയാൻ പരാഗും ധ്രുവ് ജ്യൂറലും മധ്യനിരയിലും സാംകറനും രവീന്ദ്ര ജഡേജയും ഫിനിഷിങ്ങിലും കരുത്താകുന്നു.

ഇംഗ്ലണ്ട് പേസർ ജോഫ്ര ആർച്ചറാണ് ബൌളിങ്ങിനെ നയിക്കുക. നാന്ദ്രെ ബർഗർ, ക്വേന മഫാക, ആദം മിൽന എന്നിങ്ങനെ വിദേശ ബോളിങ് നിര നീണ്ടതാണ്. സന്ദീപ് ശർമ, തുഷാർ ദേശ്പാണ്ഡെ എന്നീ ഇന്ത്യൻ പേസർമാർ ഇത്തവണയും ടീമിലുണ്ട്. പുതുമുഖം സുശാന്ത് മിശ്രയ്ക്കും അവസരം ലഭിച്ചേക്കും. ലോകകപ്പിൽ നേപ്പാളിനും ഇറ്റലിക്കും എതിരെ ഡെത്ത് ഓവറുകളിലെ മികച്ച പ്രകടനത്തിലൂടെ ഇം​ഗ്ലണ്ടിനെ അട്ടിമറിയുടെ നാണക്കേടിൽ നിന്നും രക്ഷിച്ച സാം കുറാൻ ഡെത്ത് ഓവറുകളിൽ കരുത്താകും. ആർച്ചറെ പവർ പ്ലേയിലും സന്ദീപ് ശ‍‌ർമയെയും സാം കറനെയും ഡെത്ത് ഓവറുകളിലും ടീം നിയോ​ഗിച്ചേക്കും. മികച്ച സ്പിന്ന‍ർമാരുടെ സാന്നിധ്യവും ടീമിനു കരുത്താകുന്നു.

പവർപ്ലേയിൽ ഫയറാകാൻ വൈഭവ്

ക്രിക്കറ്റ് ആരാധകരെല്ലാം ആവേശത്തോടെ കാത്തിരിക്കുന്നത് 14കാരൻ വൈഭവ് സൂര്യവംശിയുടെ പ്രകടനം കാണാനാണ്. കഴിഞ്ഞ സീസണിൽ അരങ്ങേറ്റ മത്സരത്തിൽ നേരിട്ട ആദ്യ പന്തു തന്നെ സിക്സർ അടിച്ചാണു വൈഭവ് തുടങ്ങിയത്. 7 ഇന്നിങ്സുകളിൽ നിന്നായി 252 റൺസ് അടിച്ചു കൂട്ടി അരങ്ങേറ്റ സീസൺ വൈഭവ് ഉഷാറാക്കി. ഐപിഎല്ലിനു ശേഷമുള്ള ടൂ‍ർണമെന്റുകളിലും അവിശ്വസനീയമായ പ്രകടനങ്ങൾ തുട‍ർന്ന വൈഭവ് താനൊരു വൺ ടൈം വണ്ടറല്ലെന്ന് തെളിയിച്ചു.

അണ്ട‌ർ 19 ലോകകപ്പ് ഫൈനലിലെ 80 പന്തിലെ 175 റൺസ് നേടിയതിലൂടെ അന്താരാഷ്ട്ര ക്രിക്കറ്റിലും തന്റെ കൈയ്യൊപ്പ് ചാർത്താൻ വൈഭവിനായി. വൈഭവ് സൂര്യവൻഷിയുടെ പ്രകടനം രാജസ്ഥാൻ റോയൽസിന്റെ ഐപിഎൽ പത്തൊമ്പതാം സീസണിലെ നേട്ടങ്ങളിലും നിർണായകമാകും. അവിശ്വസനീയ പ്രകടനം തുടർന്നാൽ ഇന്ത്യൻ ടീമിലേക്കും ഇതു വൈഭവിനു വഴി തുറക്കും.

ഫിനിഷറില്ല, ബൗളിങ്ങിലും ആശങ്കകളേറെ

2018ൽ രാജസ്ഥാനായി ആദ്യമായും അവസാനമായും ഐപിഎൽ കിരീടം നേടിയ ഷെയ്ൻ വോണിന്റെ സംഘത്തിലെ നിലവിൽ ഐപിഎൽ കളിക്കുന്ന ഒരേയൊരു താരമാണ് രവീന്ദ്ര ജഡേജ. ചെന്നൈയുടെ ചിന്നത്തലയെ സഞ്ജുവിനു പകരം ടീമിലെത്തിച്ചതോടെ നായക സ്ഥാനവും നൽകുമെന്നാണ് ഏവരും പ്രതീക്ഷിച്ചത്. എന്നാൽ പ്രതീക്ഷകൾ തെറ്റിച്ചുകൊണ്ട് റയാൻ പരാ​ഗിനെ നായകനാക്കാനായിരുന്നു മാനേജ്മെന്റിന്റെ തീരുമാനം. കഴിഞ്ഞ സീസണിൽ നയിച്ച 8 കളികളിൽ രണ്ടെണ്ണത്തിൽ മാത്രമാണ് പരാ​ഗിനു ജയിക്കാനായത്. ഒപ്പം രാജ്യാന്തര ക്രിക്കറ്റിലും പരിചയ സമ്പത്ത് കുറവുള്ള പരാ​ഗിനു ക്യാപ്റ്റനായി മികവ് പുലർത്താനാകുമോയെന്ന ആശങ്ക ശക്തമാണ്.


ഹെറ്റ്മെയ‍‍ർ മൂന്നാം നമ്പറിലേക്കു മാറുന്നതോടെ ഫിനിഷിങ്ങിൽ കൂറ്റടിക്കാരനില്ലെന്നതാകും റോയൽസ് നേരിടുന്ന മറ്റൊരു വെല്ലുവിളി. അവസാന ഓവറുകളിൽ സ്കോ‌ർ ഉയർത്തുന്നതിൽ സാം കറനും രവീന്ദ്ര ജഡേജയ്ക്കും എത്രത്തോളം ശോഭിക്കാനാകുമെന്നു കണ്ടു തന്നെ അറിയണം. ജോഫ്ര ആ‌ർച്ച‍‍ർക്കു ലോകകപ്പിൽ തിളങ്ങാനാകാത്തതു ബൗളിങ് നിരയുടെ കരുത്തിൽ ചോദ്യങ്ങളുയ‍ർത്തുന്നു. ആ‌ർച്ച‍ർ തിളങ്ങാതിരുന്നാൽ പേസ് ബൗളിങ്ങിന്റെ മുനയൊടിയും. ആ‍ർച്ചർക്കു പരുക്കേറ്റാൽ തക്ക പകരക്കാരുമില്ല.

സാധ്യതാ ടീം: യശ്വിസി ജയസ്വാൾ, വൈഭവ് സൂര്യവൻഷി, ഷിമ്രോൺ ഹെറ്റ്മയർ, റിയാൻ പരാഗ്, ധ്രുവ് ജുറേൽ, രവീന്ദ്ര ജഡേജ, സാം കറൻ, ജോഫ്ര ആർച്ചർ, സന്ദീപ് ശർമ, രവി ബിഷ്നോയ്, ആദം മിൽനേ ഇംപാക്ട് പ്ലെയേഴ്സ്- തുഷാ‍ർ ദേശ്പാണ്ഡെ/ നാന്ദ്രെ ബർഗർ / ശുഭം ദുബെ/ വി​ഗ്നേഷ് പുത്തൂർ.

Content highlights: rajasthan royals ipl 2026 preview sanju samson exit vaibhav suryavanshi

dot image
To advertise here,contact us
dot image