
മെയ് 16 മുതൽ ദോഹയിൽ നടക്കുന്ന ഡയമണ്ട് ലീഗിൽ ഇന്ത്യൻ സംഘത്തെ ഒളിംപിക്സ് സ്വർണ മെഡൽ ജേതാവ് നീരജ് ചോപ്ര നയിക്കും. ജാവലിൻ വിഭാഗത്തിൽ ചോപ്രയ്‌ക്കൊപ്പം കിഷോർ ജെനയും പങ്കെടുക്കും. 2023 ദോഹ ഡയമണ്ട് ലീഗിൽ 88.67 മീറ്റർ എറിഞ്ഞ് നീരജ് വെള്ളി മെഡൽ നേടിയിരുന്നു. കഴിഞ്ഞ വർഷം 76.31 മീറ്റർ എറിഞ്ഞ് ഒമ്പതാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ജെന കൂടുതൽ മെച്ചപ്പെട്ട സ്ഥാനത്തിനാണ് ശ്രമിക്കുന്നത്.
രണ്ട് തവണ ലോക ചാമ്പ്യനായ ഗ്രനേഡയുടെ ആൻഡേഴ്സൺ പീറ്റേഴ്‌സ്, ചെക്ക് റിപ്പബ്ലിക്കിൽ നിന്നുള്ള നിലവിലെ ദോഹ ജേതാവ് ജാക്കൂബ് വാഡ്‌ലെജ്, ജർമ്മനിയുടെ ജൂലിയൻ വെബർ, മാക്സ് ഡെഹ്‌നിംഗ്, കെനിയയുടെ ജൂലിയസ് യെഗോ, ജപ്പാന്റെ റോഡറിക് ജെൻകി ഡീൻ തുടങ്ങിയ പ്രമുഖർ ഇതിൽ പങ്കെടുക്കുന്നുണ്ട്.
ജാവലിൻ ജോഡിക്കൊപ്പം രണ്ട് ഇന്ത്യൻ ട്രാക്ക് അത്‌ലറ്റുകളും അവരവരുടെ ഇനങ്ങളിൽ വ്യക്തിമുദ്ര പതിപ്പിക്കാൻ ഒരുങ്ങുന്നു. പുരുഷന്മാരുടെ 5000 മീറ്ററിൽ ദേശീയ റെക്കോർഡ് കൈവശമുള്ള ഗുൽവീർ സിംഗ് ഏറെ പ്രതീക്ഷയോടെ ഡയമണ്ട് ലീഗിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ്. വനിതകളുടെ 3000 മീറ്റർ സ്റ്റീപ്പിൾ ചേസിൽ ദേശീയ റെക്കോർഡ് ഉടമയായ പരുൾ ചൗധരിയും ഇന്ത്യയെ പ്രതിനിധീകരിക്കും.
Content Highlights: Doha Diamond League; Neeraj Chopra to lead Indian team