ബ്രസീൽ തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ മുങ്ങിയ ഫ്ലാവിയോ യുഎസ്സിൽ പൊങ്ങി; യഥാർത്ഥ നേതാവെന്ന് പ്രഖ്യാപനവും

ബ്രസീൽ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ അമേരിക്കയിലേക്ക് നാടുകടന്ന സെനറ്റർ ഫ്ലാവിയോ ബോൾസൊനാരോ, തന്നെ ബ്രസീലിൻ്റെ 'യഥാർഥ നേതാവായി' സ്വയം പ്രഖ്യാപിച്ചു. സുപ്രീം കോടതിയും പ്രസിഡൻ്റ് ലുല ഡ സിൽവയും നടത്തിയ തെരഞ്ഞെടുപ്പ് അട്ടിമറിയുടെ ഇരയാണ് താനെന്നും ആരോപിച്ചു

ബ്രസീൽ തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ മുങ്ങിയ ഫ്ലാവിയോ യുഎസ്സിൽ പൊങ്ങി; യഥാർത്ഥ നേതാവെന്ന്  പ്രഖ്യാപനവും
dot image

മിയാമി: ബ്രസീൽ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ അമേരിക്കയിലേക്ക് നാടുവിട്ട സെനറ്റർ ഫ്ലാവിയോ ബോൾസൊനാരോ ബ്രസീലിൻ്റെ 'യഥാർഥ നേതാവായി' സ്വയം പ്രഖ്യാപിച്ചു. ബുധനാഴ്ച അമേരിക്കയിലെത്തിയ ഫ്ലാവിയോ ബോൾസോനാരോ, സുപ്രീം കോടതിയും പ്രസിഡൻ്റ് ലുല ഡ സിൽവയും നടത്തിയ തെരഞ്ഞെടുപ്പ് അട്ടിമറിയുടെ ഇരയാണ് താനെന്നും ഫ്ലാവിയോ ആരോപിച്ചു.

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഫ്ലാവിയോയുടെ പാസ്‌പോർട്ട് കണ്ടുകെട്ടാൻ ബ്രസീൽ സുപ്രീം കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ഒക്ടോബർ 27ന് ഫ്ലാവിയോ കുടുംബസമേതം രാജ്യം വിടാൻ തീരുമാനിച്ചത്. ചൊവ്വാഴ്ച രാത്രി 10:50-ന് ഇഗ്വാസു നദിക്ക് കുറുകെയുള്ള പാലം വഴി അർജൻ്റീനയിലേക്ക് ഒളിച്ചു കടന്ന ഫ്ലാവിയോ അർജൻ്റീനയിൽ നിന്ന് സ്വകാര്യ വിമാനമാർഗ്ഗം ഇക്വഡോറിലെ ഗ്വായാക്വിലിലെത്തി. അവിടെ നിന്നാണ് ബോൾസോനാരോയും കുടുംബവും അമേരിക്കയിലെ മിയാമിയിലേക്ക് തിരിച്ചത്. മിയാമിയിലെത്തിയ ഫ്ലാവിയോ, നാട് വിടാൻ സഹായിച്ചതിന് അർജന്റീനിയൻ പ്രസിഡൻ്റ് ജാവിയർ മിലേയ്‌ക്കും തന്നെ സ്വാഗതം ചെയ്തത് തനിക്കും കുടുംബത്തിനും എൻട്രി വിസ അനുവദിച്ച യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനും നന്ദി അറിയിച്ചു.

മുൻ പ്രസിഡൻ്റ് ജയർ ബോൾസൊനാരോയുടെ മകനായ ഫ്ലാവിയോ ഒക്ടോബർ 25-ന് നടന്ന തെരഞ്ഞെടുപ്പിൽ നിലവിലെ പ്രസിഡൻ്റ് ലുല ഡ സിൽവയോട് പരാജയപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ബ്രസീൽ സുപ്രീം കോടതിയുടെ നടപടികൾ ഭയന്ന് മിയാമിയിലേക്ക് കടന്നത്. സുപ്രീം കോടതിയും ലുല ഡ സിൽവയും ചേർന്ന് തെരഞ്ഞെടുപ്പ് അട്ടിമറിച്ചുവെന്നാണ് ഫ്ലാവിയോയുടെ പ്രധാന ആരോപണം. എന്നാൽ 40 ലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ നാലാം തവണയും ബ്രസീലിൻ്റെ പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ട ലുലയുടെ വിജയം ബ്രസീലിലെ ഫെഡറൽ ഇലക്ടറൽ കോടതിയും, ആഗോള നേതാക്കളും, അന്താരാഷ്ട്ര നിരീക്ഷകരും, ബോൾസോനാരോയുടെ സ്വന്തം പാർട്ടിയും അംഗീകരിച്ചിട്ടുണ്ട്. എക്സിലൂടെ പുറത്തുവിട്ട തുറന്ന കത്തിൽ തന്നെ 'തെരഞ്ഞെടുക്കപ്പെട്ട പ്രസിഡൻ്റ്' എന്ന് സ്വയം വിശേഷിപ്പിച്ച ഫ്ലാവിയോ തൊട്ടുപിന്നാലെ അത് തിരുത്തി രാജ്യത്തിൻ്റെ യഥാർഥ 'നേതാവ്' എന്നാക്കി മാറ്റി.

2022-ലെ തെരഞ്ഞെടുപ്പിൽ ലുല ഡ സിൽവയോട് പരാജയപ്പെട്ടതിന് പിന്നാലെ ഫ്ലാവിയോയുടെ പിതാവും മുൻ പ്രസിഡന്റുമായ ജയർ ബോൾസൊനാരോയും സമാനമായ രീതിയിൽ അമേരിക്കയിലേക്ക് കടക്കുകയും തെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കാൻ വിസമ്മതിക്കുകയും ചെയ്തിരുന്നു. അന്ന് പിതാവ് സ്വീകരിച്ച അതേ പാതയാണ് ഇപ്പോൾ മകനും പിന്തുടരുന്നത്.

Flávio Bolsonaro with Ex Brazil President Jair Bolsonaro
ഫ്ലാവിയോ ബോൾസൊനാരോയും മുൻ പ്രസിഡൻ്റ് ജയർ ബോൾസൊനാരോയും

അതേസമയം ഫ്ലാവിയോക്ക് അഭയം നൽകാനുള്ള ട്രംപിൻ്റെ തീരുമാനം വാഷിംഗ്ടണിന് മേൽ കടുത്ത നയതന്ത്ര പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ബോൾസോനാരോ കുടുംബത്തെ വീണ്ടും അധികാരത്തിലെത്തിക്കാൻ വാഷിംഗ്ടൺ ഗൂഢാലോചന നടത്തിയെന്ന് പ്രസിഡൻ്റ് ലുല ദ സിൽവ മുൻപ് ആരോപിച്ചിരുന്നു. ഞായറാഴ്ച നടന്ന നിർണായക തെരഞ്ഞെടുപ്പിന് മുന്നോടിയായി, ബോൾസോനാരോയെ ഭരണത്തിൽ തിരിച്ചെത്തിക്കാൻ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് പ്രചാരണം നടത്തുന്നുണ്ടെന്ന് അന്താരാഷ്ട്ര മാധ്യമമായ റോയിട്ടേഴ്‌സും റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ബ്രസീലിൻ്റെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നുവെന്ന ആരോപണം വാഷിംഗ്ടൺ പൂർണ്ണമായും തള്ളി. ഈ സാഹചര്യത്തിലാണ് ഫ്ലാവിയോയ്ക്ക് അഭയം നൽകിയ അമേരിക്കൻ നടപടി ചോദ്യമുനയിലാകുന്നത്.

Content Highlights: Following his defeat in Brazil’s presidential election, Senator Flavio Bolsonaro, who fled to the United States, declared himself the country’s “true leader.” Arriving in the US on Wednesday, Flavio Bolsonaro alleged that he was a victim of election rigging orchestrated by the Supreme Court and President Luiz Inácio Lula da Silva.

dot image
To advertise here,contact us
dot image