

ഏഷ്യൻ പാര ഗെയിംസിൽ വീൽചെയർ ബാഡ്മിന്‍റണിൽ ചരിത്രമെഡല്‍ നേടി മലയാളി താരം ആല്‍ഫിയ ജെയിംസ്. വീൽചെയർ ബാഡ്മിന്‍റൺ ഡബിള്‍സില്‍ ആൽഫിയ ജെയിംസും പല്ലവി കലുഷെഹല്ലിയും അടങ്ങിയ സഖ്യം വെങ്കലം നേടിയാണ് ചരിത്രനേട്ടം സ്വന്തമാക്കിയത്.
ഇന്ത്യൻ വീൽചെയർ ബാഡ്മിന്‍റണിന്‍റെ ചരിത്രത്തിൽ തന്നെ ആദ്യമായി ലഭിക്കുന്ന മെഡലാണിത്. ആൽഫിയ ജെയിംസ്- പല്ലവി സഖ്യം സെമിയിൽ ചൈനീസ് സഖ്യമായ ക്സു ടിങ്റ്റിങ് - യാങ് ഫാൻ സഖ്യത്തോട് പരാജയപ്പെട്ടെങ്കിലും,(3-21, 9-21) സെമിയിലെത്തിയതോടെ തന്നെ ഇന്ത്യ വെങ്കല മെഡൽ ഉറപ്പിച്ചിരുന്നു. ഗ്രൂപ്പ് മത്സരത്തിൽ ചൈനയുടെ ലി ജിയാക്വി - ലി ഹോങ്യാൻ സഖ്യത്തെ മറികടന്നാണ് ഇരുവരും സെമിയിലെത്തിയത്.
ബാസ്കറ്റ്ബോൾ കോർട്ടിൽ മിന്നും താരമായി നിൽക്കുമ്പോഴാണ് പതിനേഴാം വയസിൽ ആൽഫിയ അപകടത്തിൽ പെടുന്നത്. നാലു നില കെട്ടിടത്തിന്‍റെ മുകളിൽ നിന്ന് വീണ ആൽഫിയയുടെ നട്ടെല്ലിന് ഗുരുതരമായി പരുക്കേറ്റു. കാലുകളുടെ ചലനശേഷി നഷ്ടമായി. ശേഷമായിരുന്നു വീൽ ചെയറിൽ ബാഡ്മിന്റണിലേക്ക് തിരിഞ്ഞത്.
content highlights: alfiya wins medal asian para-= games wheelchair badminton kerala