

സ്വകാര്യ മേഖലയിലെ അഴിമതിയും കൈക്കൂലിയും തടയുന്നതിനായി നിയമങ്ങളിൽ വിപ്ലവകരമായ മാറ്റങ്ങളുമായി ഒമാൻ. രാജ്യത്തെ അഴിമതിവിരുദ്ധ നിയമങ്ങൾ കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി. പുതിയ ഭേദഗതി പ്രകാരം ഒമാനിൽ പ്രവർത്തിക്കുന്ന സ്വകാര്യ കമ്പനികൾ, സ്ഥാപനങ്ങൾ, അന്താരാഷ്ട്ര സംഘടനകൾ എന്നിവയിലെ കൈക്കൂലി ഇടപാടുകൾ ഇനിമുതൽ കടുത്ത ക്രിമിനൽ കുറ്റമായി കണക്കാക്കും.
സ്വകാര്യ മേഖലയിലെ തൊഴിലുടമകൾ, കമ്പനി ഡയറക്ടർ ബോർഡ് അംഗങ്ങൾ, സാധാരണ ജീവനക്കാർ എന്നിവരെല്ലാം ഈ പുതിയ നിയമത്തിന്റെ പരിധിയിൽ വരും. ഔദ്യോഗികമായ ഒരു ജോലി ചെയ്യുന്നതിനോ ചെയ്യാതിരിക്കുന്നതിനോ വേണ്ടി നേരിട്ടോ അല്ലാതെയോ സമ്മാനങ്ങൾ, വാഗ്ദാനങ്ങൾ, അല്ലെങ്കിൽ മറ്റെന്തെങ്കിലും ആനുകൂല്യങ്ങൾ ആവശ്യപ്പെടുന്നതും കൈപ്പറ്റുന്നതും ഈ നിയമപ്രകാരം പൂർണ്ണമായും കുറ്റകരമാണ്. കുറ്റത്തിന്റെ ഗൗരവമനുസരിച്ച് കഠിനമായ ശിക്ഷകളാണ് ഭേദഗതിയിൽ വ്യവസ്ഥ ചെയ്തിരിക്കുന്നത്.
സ്വന്തം ഔദ്യോഗിക ചുമതലകൾ ലംഘിച്ചുകൊണ്ട് കൈക്കൂലി വാങ്ങുകയോ ആവശ്യപ്പെടുകയോ ചെയ്യുന്നവർക്ക് ഒന്നു മുതൽ മൂന്ന് വർഷം വരെ തടവും കൈക്കൂലി വാങ്ങിയ തുകയ്ക്ക് തുല്യമായ തുകയിൽ കുറയാത്ത പിഴയും ലഭിക്കും. കമ്പനിയിലെ പദവി ഉപയോഗിച്ച് വലിയ തോതിലുള്ള അഴിമതികൾ നടത്തിയാൽ ശിക്ഷ മൂന്ന് വർഷം മുതൽ അഞ്ച് വർഷം വരെ തടവായി ഉയരുകയും ഇതിനൊപ്പം വലിയ സാമ്പത്തിക പിഴ ഒടുക്കേണ്ടി വരികയും ചെയ്യും.
കൈക്കൂലി വാങ്ങുന്നവർക്ക് മാത്രമല്ല, കൊടുക്കാൻ ശ്രമിക്കുന്നവർക്കും ഇതിനായി സഹായിക്കുന്ന ഇടനിലക്കാർക്കും നിയമം തിരിച്ചടിയാകും. കൈക്കൂലി വാഗ്ദാനം നിരസിക്കപ്പെട്ടാൽ പോലും അത് കൊടുക്കാൻ ശ്രമിച്ച വ്യക്തിക്ക് മൂന്ന് മാസം മുതൽ ഒരു വർഷം വരെ തടവ് ശിക്ഷ ലഭിക്കാം. കൈക്കൂലി ഇടപാടുകൾക്ക് വഴിയൊരുക്കുന്ന ഇടനിലക്കാർക്കും പ്രധാന കുറ്റവാളികൾക്ക് ലഭിക്കുന്ന അതേ കടുത്ത ശിക്ഷ തന്നെയാണ് നിയമം വ്യവസ്ഥ ചെയ്യുന്നത്.
അഴിമതിയെക്കുറിച്ച് അധികൃതർക്ക് കൃത്യമായ വിവരം നൽകുന്നവരെ പ്രോത്സാഹിപ്പിക്കുന്ന ചില വ്യവസ്ഥകളും ഈ നിയമത്തിലുണ്ട്. കുറ്റം അധികൃതർ കണ്ടെത്തുന്നതിന് മുമ്പ് തന്നെ കൈക്കൂലി നൽകിയ ആളോ ഇടനിലക്കാരോ വിവരം പൊലീസിനെയോ ബന്ധപ്പെട്ട വകുപ്പുകളെയോ അറിയിച്ചാൽ അവർക്ക് ശിക്ഷയിൽ നിന്ന് പൂർണ്ണ ഇളവ് ലഭിച്ചേക്കാം. എന്നാൽ കുറ്റം കണ്ടെത്തിയ ശേഷമാണ് കുറ്റസമ്മതം നടത്തുന്നതെങ്കിൽ കോടതിക്ക് ശിക്ഷയിൽ ഭാഗികമായ ഇളവുകൾ നൽകാൻ മാത്രമേ സാധിക്കുകയുള്ളുവെന്നും നിയമം വ്യക്തമാക്കുന്നു.
Content Highlights: Oman has strengthened its anti-corruption framework, bringing bribery in the private sector under strict criminal provisions as part of efforts to curb illegal financial practices.