
വ്യായാമമോ കായികാഭ്യാസമോ ചെയ്യുമ്പോൾ അപ്രതീക്ഷിതമായിട്ടാകും ഹൃദയാഘാതം സംഭവിക്കുക. ഒരു മണിക്കൂറിനുള്ളിൽ തന്നെ മരണവും സംഭവിക്കാം. എന്നാൽ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഇത്തരം അവസ്ഥകളിൽ നിന്നും രക്ഷപ്പെടാമെന്ന് വിശദീകരിക്കുകയാണ് വിജയവാഡാ മണിപ്പാൽ ഹോസ്പിറ്റൽസിലെ കൺസൾട്ടന്റ് കാർഡിയോളജിസ്റ്റ് ഡോ. ലക്ഷ്മി നവ്യ.
പെട്ടെന്നുണ്ടാകുന്ന ഹൃദയാഘാതം ഒരു മണിക്കൂറിനുള്ളിൽ ജീവൻ അപകടത്തിലാക്കും. ഇന്നത്തെ കാലത്ത് ജിമ്മിൽ വർക്ക്ഔട്ട് ചെയ്യുമ്പോഴോ റോഡിലൂടെ നടക്കുമ്പോഴോ അല്ലെങ്കിൽ കായികവിനോദത്തിലേർപ്പെടുമ്പോഴോ പെട്ടെന്ന് ഹൃദയാഘാതമുണ്ടായി മരിക്കുന്ന പല സംഭവങ്ങളും നമ്മൾ അറിയുന്നുണ്ട്. ഇത്തരം മരണങ്ങൾ സംഭവിക്കാൻ ചില കാരണങ്ങളുണ്ടെന്നാണ് ഡോക്ടർ വിശദീകരിക്കുന്നത്.
ശരീരം അധ്വാനിക്കുമ്പോൾ ഹൃദയത്തിന് അതനുസരിച്ച് കഠിനമായി പ്രവർത്തിക്കേണ്ടി വരും. ഇത് ഗുരുതരമായ പ്രശ്‌നങ്ങൾക്ക് വഴിവെയ്ക്കാം. ഹൃദ്രോഗം ഉള്ളവരാണെങ്കിൽ അവസ്ഥ കൂടുതൽ മോശമാകും. ഇനി ശരീരം റസ്റ്റിലാണെങ്കിൽ ഹൃദയത്തിന് വേണ്ട ഊർജ്ജവും കുറവായിരിക്കും. പ്രവർത്തികൾ കൂടുമ്പോൾ ഹൃദയം പ്രതിസന്ധിയിലാവും. പ്രത്യേകിച്ച് എന്തെങ്കിലും ഹൃദയസംബന്ധമായ പ്രശ്‌നങ്ങൾ ഉള്ളവരാണെങ്കിൽ, അതായത് ബ്ലോക്കുകൾ ഉള്ളവർക്ക് പെട്ടെന്ന് അറ്റാക്കിന് സാധ്യതയുണ്ട്. ഹൃദയമിടിപ്പിന് ഉണ്ടാകുന്ന മാറ്റങ്ങൾ, അതും ജനിതകമായി ലഭിക്കുന്ന ഇത്തരം പ്രശ്‌നങ്ങളും പെട്ടെന്നുള്ള ഹൃദയാഘാതത്തിന് വഴിവയ്ക്കും. അതായത് പെട്ടെന്ന് ഹൃദയമിടിപ്പ് വർധിക്കുന്ന ഒരു അവസ്ഥയാണിത്. ഇതാണ് പെട്ടെന്ന് ഹൃദയാഘാതമുണ്ടാകാനുള്ള രണ്ടാമത്തെ പ്രധാന കാരണം.
യുവാക്കളിൽ ഹൃദയാഘാതം കൂടാൻ കാരണം ജനിതകമായ പ്രശ്‌നങ്ങൾ, കൊളസ്‌ട്രോൾ അളവ് വർധിക്കുന്ന അവസ്ഥ, ഒപ്പം പുകവലി, മദ്യപാനം, സ്ട്രസ്, ഭക്ഷണക്രമത്തിലെ പ്രശ്‌നങ്ങൾ, ഉറക്കമില്ലായ്മ, ദേഹം അനങ്ങാത്ത രീതികൾ എന്നിവയൊക്കെയാണ്. ജീവിതരീതികളിലെ മാറ്റങ്ങൾ മാത്രമാണ് ഇത് തടയാനുള്ള ഏക മാർഗം. ജനിതകമായ പ്രശ്‌നങ്ങൾ നമ്മളെ കൊണ്ട് മാറ്റാൻ കഴിയില്ല. അതിനാൽ പിന്തുടരുന്ന ദുശീലങ്ങൾ ഒഴിവാക്കി ആരോഗ്യത്തോടെ ജീവിക്കാൻ ശ്രമിക്കുകയാണ് ഏക ആശ്വാസം.
(ശ്രദ്ധിക്കുക: ഈ ലേഖനം അറിവ് നല്‍കുന്നതിന് മാത്രമുള്ളതാണ്. പ്രൊഫണല്‍ മെഡിക്കല്‍ നിര്‍ദേശത്തിന് പകരമല്ല. നിങ്ങളുടെ ആരോഗ്യസ്ഥിതിയെ കുറിച്ചുണ്ടാവുന്ന സംശയങ്ങള്‍ക്കും ആശങ്കകള്‍ക്കും ഡോക്ടര്‍മാരുടെ മാര്‍ഗനിര്‍ദേശം തേടുക)
Content Highlights: Sudden cardiac arrest may cause death within one hour