
'ലാത്തി കൊണ്ട് പൊലീസ് 15 മിനിറ്റോളം അടിച്ചു, തല്ലിയതിന് ശേഷം നിവര്‍ന്ന് നിന്ന് ചാടാന്‍ പറഞ്ഞു. കുടിക്കാന്‍ വെള്ളം ചോദിച്ചിട്ടും തന്നില്ല' കുന്നംകുളത്തെ യൂത്ത് കോണ്‍ഗ്രസ് നേതാവ് വി എസ് സുജിത്തിന്റെ വാക്കുകളാണിത്. സുജിത്തിനെ പൊലീസ് സ്റ്റേഷനിലിട്ട് അതിക്രൂരമായി മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. രണ്ട് വര്‍ഷം മുമ്പ് നടന്ന, ആഭ്യന്തര വകുപ്പിന്റെ കയ്യില്‍ 'ഭദ്രമായ' സിസിടിവി ദൃശ്യം സുജിത്ത് നടത്തിയ പോരാട്ടത്തിനൊടുവിലാണ് പുറത്ത് വന്നത്. ഇതില്‍ തെളിഞ്ഞതാകട്ടെ പൊലീസ് എത്രമാത്രം മനുഷ്യത്വ വിരുദ്ധമായ മര്‍ദ്ദക സംഘമാണെതാണ്. ക്രൂരമായ കസ്റ്റഡി മര്‍ദ്ദനത്തിന്റെ തെളിവുകള്‍ പുറത്ത് വരാതിരിക്കാന്‍ ആഭ്യന്തര വകുപ്പ് കാണിച്ച ജാഗ്രത ആരെ സംരക്ഷിക്കാനായിരുന്നു എന്ന ചോദ്യമാണ് ബാക്കിയാകുന്നത്.
പൊലീസ് ജീപ്പില്‍ നിന്നും പുറത്ത് കൊണ്ടുവരുന്നത് മുതല്‍ തന്നെ അടി കൊണ്ട് അവശനാകുന്ന സുജിത്തിനെയാണ് സിസിടിവി ദൃശ്യങ്ങളില്‍ നമുക്ക് കാണാന്‍ സാധിച്ചത്. മുണ്ടുകള്‍ അഴിഞ്ഞ് അര്‍ധ വസ്ത്രധാരിയായ ആ യുവാവിനെ സ്റ്റേഷനകത്ത് കയറ്റിയതിന് ശേഷം പൊലീസുകാര്‍ നടത്തിയത് ക്രൂരമായ ആള്‍ക്കൂട്ട മര്‍ദ്ദനമാണ്. സിസിടിവിയില്‍ കണ്ടതിന് അപ്പുറമുള്ള മര്‍ദനങ്ങള്‍ താന്‍ നേരിട്ടെന്ന് ആ യുവാവ് തുറന്ന് പറഞ്ഞിട്ടുണ്ട്. പൊലീസുകാര്‍ കൂട്ടംകൂടി തല്ലിച്ചതച്ചതിന് പിന്നാലെ ഇടത് ചെവിക്ക് കേള്‍വി പ്രശ്‌നം നേരിട്ടെന്നും സുജിത്ത് കേരളത്തോടും ഇവിടുത്തെ സിസ്റ്റത്തോടും തെളിവുകളോടെ വിളിച്ച് പറഞ്ഞിട്ട് 24 മണിക്കൂര്‍ പിന്നിടുന്നു. ഈ നിമിഷം വരെ ആഭ്യന്തര വകുപ്പിന്റെ കൂടി ചുമതലയുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍ സംഭവം അറിഞ്ഞതായി നടിച്ചിട്ടില്ല. ഇനി ഓണ സദ്യയും ആഘോഷവും കഴിഞ്ഞ് പ്രതികരിക്കാമെന്നാണെങ്കില്‍ അങ്ങനെയാകട്ടേയെന്നേ പറയാനുള്ളു.
പൊലീസ് രാജെന്നോ, കാക്കിക്കുള്ളിലെ ഗുണ്ടാവിളയാട്ടമെന്നോ ഒക്കെ പേരിട്ട് നാം വിളിക്കുന്ന, പൊലീസിന്റെ മനുഷ്യത്വരഹിത പ്രവര്‍ത്തനങ്ങളുടെ ആദ്യത്തെ ഇരയല്ല സുജിത്ത്, ഇപ്പോഴുള്ളത് പോലെ 'മിണ്ടാട്ടമില്ല' സമീപനമാണ് ആഭ്യന്തര വകുപ്പിന്റേതെങ്കില്‍ ഇത് അവസാനത്തേതാകില്ലെന്ന് തീര്‍ച്ചയാണ്. പൊലീസിന്റെ മര്‍ദനത്തിനിരയായത് ഒരു യൂത്ത് കോണ്‍ഗ്രസ് നേതാവാണ് എന്നതും പ്രധാനമാണ്. യുവതലമുറയില്‍പ്പെട്ട പൊതുപ്രവര്‍ത്തകനെ ഈ നിലയില്‍ തല്ലിച്ചതച്ചതിന്റെ തെളിവിന് മേല്‍ രണ്ട് വര്‍ഷമാണ് ആഭ്യന്തര വകുപ്പ് അടയിരുന്നത്. സുജിത്തിന്റെ രണ്ട് വര്‍ഷത്തെ തുടര്‍ച്ചയായ പോരാട്ടം കൊണ്ടു മാത്രമാണ് കുന്നംകുളം പൊലീസ് സ്റ്റേഷനിലെ സിസിടിവിയില്‍ തെളിഞ്ഞ മനുഷ്യത്വ വിരുദ്ധമായ പൊലീസ് നരവേട്ടയുടെ ദൃശ്യങ്ങള്‍ കേരളം കണ്ടത്.
ഒരു പക്ഷേ, ഒരു പ്രിവിലേജുമില്ലാത്ത, സര്‍ക്കാര്‍ സംവിധാനങ്ങളെ എങ്ങനെ നേരിടണമെന്ന് പോലും അറിയാത്ത പാവങ്ങളായിരുന്നു ഈ സ്ഥാനത്തെങ്കിലോ? പൊലീസ് ഒത്തുതീര്‍പ്പെന്ന് പറഞ്ഞ് കേസ് അവസാനിപ്പിക്കുമായിരുന്നില്ലേ? കുന്നംകുളം പൊലീസ് സ്റ്റേഷനില്‍ മുമ്പും മര്‍ദ്ദനങ്ങള്‍ നടന്നിട്ടുണ്ടെന്നും പണം നല്‍കി അവയെല്ലാം ഒത്തുതീര്‍പ്പാക്കിയതാണെന്നും സുജിത്ത് പറയുന്നുണ്ട്. തന്നെയും ലക്ഷങ്ങള്‍ തന്ന് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ചിരുന്നുവെന്ന് സുജിത്ത് വെളിപ്പെടുത്തിയിട്ടുമുണ്ട്. ചെറുതും വലുതുമായ പൊലീസ് മര്‍ദനങ്ങള്‍ കേരളത്തിലെ ലോക്കപ്പുകളില്‍ നടക്കുന്നുണ്ടെന്നത് പരസ്യമായ രഹസ്യമാണ്. ലോക്കപ്പ് മര്‍ദനങ്ങള്‍ക്ക് പുറമേ ആളുമാറി മര്‍ദിച്ച സാഹചര്യം പോലും പലപ്പോഴായി വാര്‍ത്തകളില്‍ നിറഞ്ഞതാണ്. ഇതിലും ഭീകരമാണ് പൊലീസ് ലോക്കപ്പുകളിലെ കൊലപാതകങ്ങള്‍. 2023 ല്‍ പൊലീസ് കസ്റ്റഡിയില്‍ മരിച്ച മലപ്പുറം തിരൂര്‍ സ്വദേശി താമിര്‍ ജിഫ്രി അടക്കം, പിണറായി സര്‍ക്കാരിന്റെ കാലത്ത് മാത്രം നടന്നത് 17 ഓളം കസ്റ്റഡി മരണങ്ങളാണ്. ഇതില്‍ പലരെയും കള്ളക്കേസില്‍ കുടുക്കിയതാണെന്നതാണ് മറ്റൊരു ഞെട്ടിക്കുന്ന സത്യം.
ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് 11 കസ്റ്റഡി മരണവും രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്ത് ആറ് കസ്റ്റഡി മരണവുമാണ് ഉണ്ടായത്. മലപ്പുറം വണ്ടൂരില്‍ അബ്ദുള്‍ ലത്തീഫ്, തലശേരിയില്‍ കാളി മുത്തു, നൂറനാട് സ്റ്റേഷനില്‍ റെജ്ജു, വരാപ്പുഴയില്‍ ശ്രീജിത്ത്, കോഴിക്കോട് മെഡിക്കല്‍ കോളേജ് പൊലീസ് സ്റ്റേഷനില്‍ സ്വാമിനാഥന്‍, മണര്‍ക്കാട്ട് നവാസ് അടക്കം ഉള്‍പ്പെടുന്ന ആ പതിനേഴ് പേരുടെ ലിസ്റ്റ് കേരളത്തിലെ പൊലീസിന് തിരുത്തലിന്റെയോ നവീകരണത്തിന്റെയോ പാഠപുസ്തകമായിട്ടില്ലെന്ന് കൂടിയാണ് വ്യക്തമാകുന്നത്.
കസ്റ്റഡി മരണത്തില്‍ മരിച്ചവരില്‍ പലരുടെയും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ അതിക്രൂര മര്‍ദനം നടന്നെന്നത് വ്യക്തമാണ്. ഈ കേസുകളില്‍ പ്രതികളായ പൊലീസുകാര്‍ക്കെതിരെ സ്ഥലം മാറ്റവും സസ്‌പെന്‍ഷനും പോലുള്ള താരതമ്യേന ലഘുവായ ശിക്ഷാ നടപടികളാണ് കൈകൊള്ളാറുള്ളത്. എന്നാല്‍ ഇത്തരം വിഷയങ്ങളില്‍ സ്വീകരിച്ച കര്‍ശന നടപടികള്‍ എന്തൊക്കെയെന്ന് ചോദിച്ചാല്‍ ആഭ്യന്തര വകുപ്പിന് ഉത്തരം മുട്ടുമെന്ന് തീര്‍ച്ചയാണ്. പൊലീസ് സ്റ്റേഷനില്‍ ഇപ്പോഴും ഇരുട്ടുമുറികളും ഉരുട്ടലുമുണ്ടെന്നാണ് മര്‍ദത്തിനിരയായവര്‍ പറയുന്നത്.
ഈ ഇരുട്ടുമുറികളില്‍ പൊലീസിനെ ചൂരല്‍ കൊണ്ടും ലാത്തി കൊണ്ടും വിളയാടാന്‍ അനുദവിക്കുന്നത് ആരാണ്? പൊലീസിന്റെ മനോവീര്യം കെടുത്തരുതെന്ന് പറയുന്ന പൊലീസ് മന്ത്രിയും മുഖ്യമന്ത്രിയുമായ പിണറായി വിജയന്‍ ഇവിടുത്തെ സാധാരണ മനുഷ്യരുടെ പുറം പൊളിയുന്നതും, ശ്വാസം നിലക്കുന്നതും കൂടി കാണണം.
അടിയന്തരാവസ്ഥ കാലത്തെ അനുസ്മരിക്കുന്ന ഇത്തരം ഇരുട്ട് നിറഞ്ഞ ഇടിമുറികള്‍ പൊലീസ് സ്റ്റേഷനുകളില്‍ ഉണ്ടെങ്കില്‍ സ്വന്തം പൊലീസ് സേനയെ തിരുത്താന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്. അടിയന്തരാവസ്ഥ കാലത്ത് ലോക്കപ്പില്‍ മര്‍ദ്ദനമേറ്റ രാഷ്ട്രീയ തടവുകാരനായിരുന്ന പിണറായി വിജയനാണ് കേരളത്തിന്റെ ആഭ്യന്തര വകുപ്പ് മന്ത്രി. അതിനാല്‍ തന്നെ പിണറായി വിജയന്റെ കീഴിലുള്ള പൊലീസ് ജയറാം പടിക്കലിന്റെ കാലത്തെ പൊലീസ് സേനയെക്കാള്‍ പ്രാകൃതരും മനുഷ്യത്വ വിരുദ്ധരും ആകരുത് എന്ന് പറയാന്‍ ഇടതുപക്ഷത്തിന് വലിയ ബാധ്യതയുണ്ട്.
Content Highlights: CM Pinarayi Silence over youth Congress Leader sujith attacked in police station