
നമ്മുടെ കൺമുന്നിൽ ഒരു ബീച്ച് അപ്രത്യക്ഷമാവുകയാണെന്ന് പറഞ്ഞാൽ അതൊരു അത്ഭുതമല്ലേ? പല സർപ്രൈസുകളും കാത്തുസൂക്ഷിക്കുന്ന നമ്മുടെ ഇന്ത്യയിലാണ് ഈ പ്രതിഭാസം സംഭവിക്കുന്നത്. ഒഡിഷയിലെ ബാലസോർ ജില്ലയിലെ ചാന്ദിപൂർ ബീച്ചിനെ കുറിച്ചാണ് പറഞ്ഞുവരുന്നത്. അത്യപൂർവമായ പ്രകൃതിയിലെ ഒരു പ്രതിഭാസമാണ് ഇവിടെ സംഭവിക്കുന്നത്. തിരയുള്ള ശക്തി കുറയുമ്പോൾ കടൽവെള്ളം അകത്തേക്ക് വലിയും ഏകദേശം അഞ്ച് കിലോമീറ്ററോളമാണ് കടൽ ഉള്ളിലേക്ക് വലിയുന്നത്. ഈ പ്രതിഭാസം ഉണ്ടാവുമ്പോൾ കടലിന്റെ അടിത്തട്ട് നന്നായി കാണാൻ കഴിയും. സന്ദർശകർക്ക് ഇതിലൂടെ നടക്കാം. ദിവസം രണ്ട് തവണ ഇത് സംഭവിക്കും. എന്നാൽ തിരികെ തിരമാലകൾ എത്തുന്നത് വമ്പൻ ശക്തിയോടെയായിരിക്കും.
ഇത്തരത്തിൽ നമുക്ക് കാണാൻ കഴിയുന്ന സീബെഡിൽ പല തരത്തിലുള്ള കടൽജീവികളെ കാണാൻ കഴിയുമെന്നതാണ് പ്രത്യേകത. സന്ദർശകർക്ക് ഇവിടെ കാണാൻ കഴിയുന്ന ജീവികളിൽ ചിലത് ഹോർസ്ഷൂ ക്രാബ്, സ്റ്റാർ ഫിഷ്, സീ അർച്ചിൻസ് എന്നിവയാണ്. ഇതിൽ ചിലതൊക്കെ വംശനാശ ഭീഷണി നേരിടുന്നവയാണ്.
മറ്റ് ബീച്ചുകളിൽ നിന്ന് വ്യത്യസ്തമായി ഇവിടുത്തെ ബീച്ചിലെ വെള്ളം ചെളി നിറഞ്ഞതാണ്. അതിനാൽ ഇവിടെ നീന്താനോ കുളിക്കാനോ കഴിയില്ല. പക്ഷേ പ്രകൃതിയെ ആസ്വദിക്കാൻ നല്ലൊരിടമാണെന്ന് ഉറപ്പിച്ച് പറയാം. അതേസമയം കടൽവെള്ളം പിന്നോട്ട് വലിയുമ്പോൾ ആ സ്ഥലത്തൂടെ നടക്കാൻ അനുവദിക്കുന്ന ലോകത്തെ ചുരുക്കം ചിലയിടങ്ങളിൽ ഒരിടമാണ് ഇവിടം. അതിനാൽ പ്രാദേശികരുൾപ്പെടെ തരുന്ന നിർദേശങ്ങൾ കൃത്യമായി പാലിക്കണം. കാരണം പ്രതീക്ഷിക്കാത്ത വേഗതയിലാവും തിരമാലകൾ തിരികെ കരയിലേക്ക് എത്തുക.
Content Highlights: Vanishing Sea in Odisha's Chandipur