'ട്രംപിൻ്റെ ഇരട്ടി തീരുവ ഇന്ത്യയുടെ വളർച്ചയെ ബാധിക്കും'; വി അനന്ത നാഗേശ്വരൻ

ഇത് ഏറ്റവുമധികം പ്രതിഫലിക്കുക നടപ്പ് സാമ്പത്തിക പാദത്തിലായിരിക്കുമെന്നും അനന്ത നാഗേശ്വരന്‍

'ട്രംപിൻ്റെ ഇരട്ടി തീരുവ ഇന്ത്യയുടെ വളർച്ചയെ ബാധിക്കും'; വി അനന്ത നാഗേശ്വരൻ
dot image

ന്യൂഡല്‍ഹി: അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്റെ ഇരട്ടി തീരുവ ചുമത്തല്‍ ഇന്ത്യയുടെ വളര്‍ച്ചയെ ബാധിക്കുമെന്ന മുന്നറിയിപ്പുമായി ഇന്ത്യയിലെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് വി അനന്ത നാഗേശ്വരന്‍. ഇത് ഏറ്റവുമധികം പ്രതിഫലിക്കുക നടപ്പ് സാമ്പത്തിക പാദത്തിലായിരിക്കുമെന്നും അനന്ത നാഗേശ്വരന്‍ പറഞ്ഞു. എങ്കിലും താരിഫ് നടപടി താല്‍കാലികമായിരിക്കുമെന്നും നിലവിലെ സമീപനം അനുസരിച്ച് ഒരു പോസീറ്റീവ് പ്രതികരണമാണ് അമേരിക്കയുടെ ഭാഗത്ത് നിന്ന് പ്രതീക്ഷിക്കുന്നത് എന്നും അനന്ത നാഗേശ്വരന്‍ പറഞ്ഞു.

അതേസമയം രാജ്യത്ത് സര്‍ക്കാര്‍ പ്രഖ്യാപിച്ച ജിഎസ്ടി ഇളവുകള്‍ രാജ്യത്തെ ഉപഭോഗം വര്‍ധിപ്പിക്കുമെന്ന് അനന്ത നാഗേശ്വരന്‍ പറഞ്ഞു. തീരുവ ഉണ്ടാക്കുന്ന നഷ്ടം നികത്താന്‍ കഴിയുമോ എന്ന കാര്യത്തില്‍ സംശയമുണ്ടെന്നും എങ്കിലും എങ്ങനെയെങ്കിലും നികത്തണമെന്നും അദ്ദേഹം പറഞ്ഞു.

'ഇക്കഴിഞ്ഞ ഓഗസ്റ്റ് വരെ മാത്രമായിരുന്നു താരിഫ് ഇല്ലാതെ സാധനങ്ങള്‍ കയറ്റുമതി ചെയ്യാന്‍ കഴിയുമായിരുന്നത്. അതിനാല്‍ സാമ്പത്തിക പ്രശ്‌നങ്ങളുടെ പ്രതിഫലനവും അത്തരത്തിലായിരിക്കും പ്രകടമാവുക.' അനന്ത നാഗേശ്വരന്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, തീരുവ വിഷയത്തിൽ ഇന്ത്യയുമായുള്ള പ്രശ്‌നങ്ങൾ പരിഹരിക്കാനാകുമെന്ന് വ്യക്തമാക്കി യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസന്റ് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ജനാധിപത്യ രാജ്യമെന്ന നിലയിൽ റഷ്യയെക്കാളും ചൈനയെക്കാളും ഇന്ത്യയ്ക്ക് അടുപ്പം യുഎസിനോടെന്നും സ്‌കോട്ട് ബെസന്റ് പറഞ്ഞു. ഫോക്‌സ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് സ്‌കോട്ട് ബസന്റിന്റെ പ്രതികരണം. ഇന്ത്യയും അമേരിക്കയും തമ്മിൽ ഇപ്പോൾ നടക്കുന്ന യുദ്ധം ന്യൂഡൽഹിക്കും വാഷിംഗ്ടണിനും തീർക്കാനുള്ളതേ ഉള്ളൂ എന്നും സ്‌കോട്ട് ബെസന്റ് പ്രതികരിച്ചു.

ഇന്ത്യ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതിനെയും ബെസന്റ് രൂക്ഷമായി വിമര്‍ശിച്ചിരുന്നു. റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനുമായും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായും ഇന്ത്യന്‍ പ്രധാനമന്ത്രി നടത്തിയ കൂടിക്കാഴ്ച്ചയെക്കുറിച്ചുള്ള ആശങ്കയും ബെസന്റ് അറിയിച്ചു. ഷാങ്ഹായി ഉച്ചകോടിയില്‍ നടന്ന കൂടിക്കാഴ്ച്ചയെ പ്രകടനാത്മകം എന്നാണ് ബെസന്റ് വിശേഷിപ്പിച്ചത്. ലോകത്തിലെ മഹത്തരമായ രണ്ടു രാജ്യങ്ങളായ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള പ്രശ്‌നങ്ങള്‍ എത്രയും വേഗം പരിഹരിക്കണമെന്നും ഇരുരാജ്യങ്ങളും തമ്മില്‍ ശക്തമായ അടിത്തറ ഉണ്ടാക്കണമെന്നും ബെസന്റ് വ്യക്തമാക്കി.

Content Highlight; Trump’s tariff will hit India briefly: CEA Nageswaran

dot image
To advertise here,contact us
dot image