

ആർടിഐ കേരള ഫെഡറേഷൻ ഏർപ്പെടുത്തിയ 2026-ലെ വിവരാവകാശ പുരസ്‌കാരത്തിന് സുപ്രീം കോടതി അഭിഭാഷകനും പ്രവാസി ലീഗൽ സെൽ സ്ഥാപക-ഗ്ലോബൽ പ്രസിഡന്റുമായ ഡോ. ജോസ് ഏബ്രഹാം അർഹനായി. വിവരാവകാശ നിയമത്തിന്റെ പ്രചാരണം, സംരക്ഷണം, ശക്തിപ്പെടുത്തൽ എന്നിവയ്ക്കായി അദ്ദേഹം നടത്തിയ ശ്രദ്ധേയമായ ഇടപെടലുകളും പ്രവർത്തനങ്ങളും വിലയിരുത്തിയാണ് പുരസ്‌കാരം നൽകാൻ തീരുമാനിച്ചത്.
രാജ്യത്തുടനീളം ഓൺലൈൻ ആർടിഐ പോർട്ടലുകൾ നടപ്പാക്കുന്നതിനായി സുപ്രീംകോടതിയിൽ നടത്തിയ നിയമപോരാട്ടങ്ങൾ, വിവരാവകാശ നിയമത്തെ ദുർബലപ്പെടുത്തുമെന്ന് വിലയിരുത്തപ്പെട്ട വിവിധ നടപടികൾക്കെതിരായ ഇടപെടലുകൾ, നിയമത്തെക്കുറിച്ചുള്ള ബോധവൽക്കരണ പ്രവർത്തനങ്ങൾ, പ്രസിദ്ധീകരണങ്ങൾ എന്നിവ ജൂറി പ്രത്യേകമായി പരിഗണിച്ചു.
മുൻ സംസ്ഥാന വിവരാവകാശ കമ്മിഷണർ ഡോ. എഎ ഹക്കിം അധ്യക്ഷനായ ജൂറിയാണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തത്. ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ. അനിൽ ഫിലിപ്പ്, എറണാകുളം ജില്ലാ ഉപഭോക്തൃ കമ്മിഷൻ പ്രസിഡന്റ് ഡിബി ബിനു, വയോജന കമ്മിഷൻ അംഗം കെഎൻകെ നമ്പൂതിരി എന്നിവർ ജൂറി അംഗങ്ങളായിരുന്നു.
സാക്ഷ്യപത്രം, ഫലകം, 25,000 രൂപയുടെ ക്യാഷ് അവാർഡ് എന്നിവ അടങ്ങുന്ന പുരസ്‌കാരം ജൂണിൽ കൊച്ചിയിൽ നടക്കുന്ന ചടങ്ങിൽ സമ്മാനിക്കുമെന്ന് ആർടിഐ കേരള ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് അഡ്വ. ശശി കിഴക്കടയും ജനറൽ സെക്രട്ടറി ജോളി പാവേലിലും അറിയിച്ചു.
പ്രവാസി ലീഗൽ സെൽ സ്ഥാപകനും ഗ്ലോബൽ പ്രസിഡന്റുമായ ഡോ. ജോസ് ഏബ്രഹാം പ്രവാസികളുടെയും എൻആർഐ സമൂഹത്തിന്റെയും നിയമശാക്തീകരണത്തിനായി നിരവധി ഇടപെടലുകൾ നടത്തിയ വ്യക്തിയാണ്. സംസ്ഥാനങ്ങളിലെയും ഹൈക്കോടതികളിലെയും ഓൺലൈൻ ആർടിഐ പോർട്ടലുകളുടെ സ്ഥാപനം വിദേശത്തുള്ള ഇന്ത്യക്കാർക്ക് വലിയ സഹായമായി മാറിയിട്ടുണ്ട്. ഇതുവഴി വിദേശത്തുനിന്ന് തപാൽ മാർഗം അപേക്ഷ നൽകേണ്ട സാഹചര്യം ഒഴിവാക്കി ഓൺലൈനായി വിവരാവകാശ അപേക്ഷകൾ സമർപ്പിക്കാൻ സാധിക്കുന്നു.
നഴ്സുമാരുടെ ബോണ്ട് സമ്പ്രദായം റദ്ദാക്കാൻ വഴിവെച്ച സുപ്രധാന കോടതി വിധിയുടെ നിയമപോരാട്ടത്തിന് നേതൃത്വം നൽകിയതും ഡോ. ജോസ് ഏബ്രഹാമായിരുന്നു. ഈ പുരസ്‌കാരം വിവരാവകാശ മേഖലയിലും നിയമശാക്തീകരണ രംഗത്തും പ്രവാസി ലീഗൽ സെൽ നടത്തിയ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണെന്ന് സംഘടനയുടെ ഗ്ലോബൽ വക്താവും ബഹ്റൈൻ ചാപ്റ്റർ പ്രസിഡന്റുമായ സുധീർ തിരുനിലത്ത് പറഞ്ഞു. പ്രവാസി സമൂഹത്തിന് നിയമബോധവൽക്കരണവും നീതിയിലേക്കുള്ള പ്രവേശനവും ഉറപ്പാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ തുടർന്നും ശക്തിപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
Content Highlights: