

മികച്ച സിനിമകളിലൂടെയും കഥാപാത്രങ്ങളിലൂടെയും മലയാളത്തിന് പുറത്തും പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയിരിക്കുകയാണ് ഇന്ദ്രന്‍സ്. ഇപ്പോഴിതാ സൂര്യ നായകനായ കറുപ്പ് സിനിമയിലൂടെ തെന്നിന്ത്യന്‍ സിനിമാ ലോകത്ത് ശ്രദ്ധേയമായിരിക്കുകയാണ് താരം. എങ്കിലും താരജാഡയോ അഹങ്കാരമോ ഇല്ലാത്ത താരമാണ് ഇന്ദ്രന്‍സ് എന്നാണ് പ്രേക്ഷകര്‍ പറയുന്നത്. എന്നാല്‍ പലപ്പോഴും ഇന്ദ്രന്‍സിന്റെ വിനയത്തിനെതിരെയും പലരും വിമര്‍ശനവുമായി എത്തിയിരുന്നു.
ഇപ്പോഴിതാ ഇത്തരം വിമര്‍ശനങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് ഇന്ദ്രന്‍സ്. കാന്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 'ആയിരിക്കും. എനിക്ക് അത് ശീലമായിപ്പോയി. അഭിനയിച്ചതായിരിക്കും, എന്നോ. എന്നെ അറിയാത്ത ഒരാള്‍ക്ക് പെട്ടെന്ന് എന്റെ രീതി കാണുമ്പോള്‍ സ്വാഭാവികമായും അങ്ങനെ ചോദിക്കാന്‍ തോന്നും. അതിന് അവകാശവുമുണ്ട്. അന്നത്തെ എന്റെ കോലത്തിന് സിനിമ പോലെ ഒരു വലിയ സംഭവത്തിന് യോഗ്യമല്ലാത്ത ഒരു രൂപമായിരുന്നു. ഞാന്‍ ഒന്ന് അങ്ങോട്ട് വന്നോട്ടെ എന്ന് ചോദിച്ച് ഒരു വീട്ടിലേക്ക് കയറിച്ചെല്ലുന്നത് പോലെ, നില്‍ക്കാന്‍ പറ്റില്ലായിരുന്നു.
അപ്പോള്‍ അവിടെ കുറച്ച് കൂടുതല്‍ കുനിഞ്ഞ് ആയിരിക്കും ഒരുപക്ഷേ ഈ രീതി വന്നത്. പടിയില്‍ ഇത്തിരിയൊന്ന് കയറി ഇരുന്ന്, ഇത്തിരി അങ്ങോട്ട് നീങ്ങിയിരുന്ന്, അങ്ങനെ അങ്ങനെയാണ് കയറി കൂടിയത് സിനിമയില്‍. അന്ന് ചിലപ്പോള്‍ അത് അഭിനയം തന്നെ ആയിരുന്നിരിക്കും. കള്ളത്തരം ആയിരിക്കും. പക്ഷേ അത് ജീവിതത്തിന്റെ ഭാഗമായി- ഇന്ദ്രന്‍സ് പറഞ്ഞു.
കറുപ്പ് സിനിമയിലെ ഇന്ദ്രന്‍സിന്റെ 'ഗൂഗിള്‍ പേ പണ്ണ തെരിയാദ്' എന്ന ഡയലോഗ് വളരെയധികം ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ജീവിതത്തിലും തനിക്ക് ഗൂഗിള്‍ പേ ചെയ്യാന്‍ അറിയില്ലെന്ന് മനസുതുറക്കുകയാണ് ഇന്ദ്രന്‍സ്. താന്‍ സ്മാര്‍ട്ട് ഫോണ്‍ വാങ്ങിക്കാന്‍ കാരണം മമ്മൂട്ടിയാണെന്നും ഇന്ദ്രന്‍സ് വെളിപ്പെടുത്തി. സിനിഉലകം എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഈക്കാര്യം പറഞ്ഞത്.
'ഇപ്പോഴും എനിക്ക് ഗൂഗിള്‍ പേ ചെയ്യാന്‍ അറിയില്ല. സത്യമായിട്ടും എനിക്കറിയില്ല. സ്മാര്‍ട്ട് ഫോണ്‍ തന്നെ ഞാന്‍ ഈ അടുത്തയിടെ ആണ് വാങ്ങിയത്. മമ്മൂട്ടി സാര്‍ ഒരു ദിവസം എന്തോ കാര്യം പറയാനായി എന്നെ വിളിച്ചു. ഞാന്‍ എന്റെ മകന്റെ നമ്പര്‍ ആണ് എല്ലാവര്‍ക്കും കൊടുക്കുന്നത്. എല്ലാവര്‍ക്കും മെസേജ് അയക്കുന്നതുമെല്ലാം അവനാണ്. അപ്പോള്‍ മമ്മൂട്ടി സാര്‍ അവനോട് എന്റെ കയ്യില്‍ ഫോണ്‍ കൊടുക്കാന്‍ പറഞ്ഞു. 'എനിക്ക് നിന്നോട് എന്തെങ്കിലും രഹസ്യം പറയണമെങ്കില്‍ അവനോട് പറയാന്‍ പറ്റുമോ ?'. നീ എന്താ ഫോണ്‍ എടുക്കാത്തെ എന്നൊക്കെ അദ്ദേഹം എന്നോട് ചോദിച്ചു. അങ്ങനെയാണ് ഞാന്‍ ഫോണ്‍ വാങ്ങിക്കുന്നത്. എന്നാലും എനിക്കിപ്പോഴും അത് നന്നായി ഉപയോഗിക്കാന്‍ അറിയില്ല', ഇന്ദ്രന്‍സിന്റെ വാക്കുകള്‍.
Content Highlights: Indrans says that some may find my humility to be an act, but that cannot be faulted