

ഐപിഎൽ 2026-ന്റെ കലാശപ്പോരാട്ടത്തിന് വേദിയൊരുങ്ങിക്കഴിഞ്ഞു. റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവും ഗുജറാത്ത് ടൈറ്റൻസും ഫൈനലിൽ ഇന്ന് കിരീടത്തിനായി ഏറ്റുമുട്ടുന്നു. ക്വാളിഫയർ 1-ൽ ഗുജറാത്തിനെ തോൽപ്പിച്ചാണ് ആർസിബി ഫൈനലിൽ എത്തിയതെങ്കിൽ, രണ്ടാം ക്വാളിഫയറിൽ രാജസ്ഥാൻ റോയൽസിനെ 7 വിക്കറ്റിന് തകർത്താണ് ഗുജറാത്തിന്റെ വരവ്.
ഇതിന് മുൻപ് ഓരോ തവണ ഐപിഎൽ കിരീടം നേടിയിട്ടുള്ളതിനാൽ, ഈ ഫൈനൽ ജയിക്കുന്നവർക്ക് തങ്ങളുടെ രണ്ടാം കിരീടം സ്വന്തമാക്കാം. വിലപിടിപ്പുള്ള ഐപിഎൽ ട്രോഫിക്കൊപ്പം വമ്പൻ സമ്മാനത്തുകയാണ് ബിസിസിഐ ഇത്തവണയും ടീമുകൾക്കായി കാത്തുവെച്ചിരിക്കുന്നത്.
ഈ സീസണിൽ ആകെ 46.5 കോടിയിലധികം രൂപയാണ് ആകെ മാറ്റിവെച്ചിരിക്കുന്നത്. ഫൈനൽ ജയിച്ച് ഐപിഎൽ കിരീടം ചൂടുന്ന ചാമ്പ്യൻമാർക്ക് വലിയ അംഗീകാരമായി 20 കോടി രൂപ സമ്മാനത്തുകയായി ലഭിക്കും.
ഫൈനലിൽ പരാജയപ്പെടുന്ന റണ്ണേഴ്സ്-അപ്പ് ടീമിനും വലിയൊരു തുകയുണ്ട്. 13 കോടി രൂപയാണ് രണ്ടാം സ്ഥാനക്കാർക്ക് ലഭിക്കുക. പ്ലേഓഫിൽ പുറത്തായ മൂന്നും നാലും സ്ഥാനക്കാർക്കും മികച്ച പ്രതിഫലം ലഭിക്കുന്നുണ്ട്. രണ്ടാം ക്വാളിഫയറിൽ തോറ്റ് മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ടീമിന് (രാജസ്ഥാൻ റോയൽസ്) 7 കോടി രൂപയും, എലിമിനേറ്ററിൽ പുറത്തായി നാലാം സ്ഥാനത്തെത്തിയ ടീമിന് 6.5 കോടി രൂപയും സമ്മാനമായി ലഭിക്കും.
ഐപിഎൽ നിയമപ്രകാരം ഒരു ഫ്രാഞ്ചൈസിക്ക് ലഭിക്കുന്ന സമ്മാനത്തുകയുടെ 50 ശതമാനം കളിക്കാർക്കായി വീതിച്ചു നൽകും, ബാക്കി 50 ശതമാനം ഫ്രാഞ്ചൈസി ഉടമകൾക്കാണ് ലഭിക്കുക. ടീമുകൾക്കുള്ള സമ്മാനത്തിന് പുറമെ, സീസണിൽ ഉടനീളം മികച്ച പ്രകടനം പുറത്തെടുക്കുന്ന കളിക്കാർക്കുള്ള വ്യക്തിഗത പുരസ്കാരങ്ങൾക്കും ബിസിസിഐ പണം നൽകുന്നുണ്ട്.
Content highlights:ipl-2026-prize-money-details-how-much-winners-and-runners-up-will-get