'കുഞ്ഞിനെ ഉപദ്രവിക്കുന്നത് അഖിലയ്ക്ക് അറിയാമായിരുന്നു, അവളുടെ അമ്മയാണെന്ന് പറയാന്‍ തന്നെ അറപ്പാണ്'

'അഖിലയ്ക്ക് വേണ്ടി ആരും കോടതിയില്‍ പോകില്ല, ജാമ്യത്തിന് ശ്രമിക്കില്ല'

'കുഞ്ഞിനെ ഉപദ്രവിക്കുന്നത് അഖിലയ്ക്ക് അറിയാമായിരുന്നു, അവളുടെ അമ്മയാണെന്ന് പറയാന്‍ തന്നെ അറപ്പാണ്'
dot image

തിരുവനന്തപുരം: നെടുമങ്ങാട് ഒന്നര വയസുകാരനെ പ്രതി അഷ്‌കര്‍ മര്‍ദ്ദിച്ചത് അഖിലയുടെ അറിവോടെയെന്ന് അമ്മ റീന റിപ്പോർട്ടറിനോട്. കുഞ്ഞിന്റെ രണ്ട് കൈകള്‍ ഒടിഞ്ഞ നിലയില്‍ വാട്‌സ്ആപ്പ് സ്റ്റാറ്റസ് കണ്ടിരുന്നു. വീണതാണെന്ന് പറഞ്ഞെങ്കിലും ശരീരത്തില്‍ മറ്റ് മുറിവുകള്‍ കണ്ടതോടെ സംശയം തോന്നി. അവളും ഒരു അമ്മയല്ലേ?. അവള്‍ എന്തിനാണ് കുഞ്ഞിനെ കൊലപ്പെടുത്താന്‍ കൂട്ടുനിന്നതെന്നും അമ്മ റീന ചോദിച്ചു. അവളുടെ അമ്മയെന്ന് പറയാന്‍ തന്നെ അറപ്പും വെറുപ്പുമാണെന്നും അമ്മ പറഞ്ഞു. അഖിലയ്ക്ക് വേണ്ടി ആരും കോടതിയില്‍ പോകില്ല, ജാമ്യത്തിന് ശ്രമിക്കില്ലെന്നും അമ്മ വ്യക്തമാക്കി.

കുട്ടിയെ വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ട് നെടുമങ്ങാട് പൊലീസില്‍ പരാതി നല്‍കിയിരുന്നു. പക്ഷേ പൊലീസ് അത് കാര്യമായി എടുത്തില്ല. തന്റെ പരാതി ഗൗരവമായി എടുത്തിരുന്നെങ്കില്‍ കുഞ്ഞിന് ഈ അവസ്ഥ വരില്ലായിരുന്നു. തനിക്കെതിരെ മകള്‍ പരാതി നല്‍കിയിരുന്നു. മനഃപൂര്‍വം പ്രശ്‌നമുണ്ടാക്കാന്‍ ശ്രമിക്കുന്നുവെന്നായിരുന്നു പരാതി. സ്റ്റേഷനില്‍ തന്നെ വിളിപ്പിച്ചു. ശല്യം ചെയ്യരുതെന്ന് പറഞ്ഞ് വിട്ടയച്ചുവെന്നും അമ്മ പറഞ്ഞു. അഷ്‌കറിനെ കാണുമ്പോള്‍ കുഞ്ഞ് ഭയങ്കരമായി കരയുമായിരുന്നു. കൊല്ലാന്‍ വേണ്ടി തന്നെയാണ് അഷ്‌കര്‍ കുഞ്ഞിനെ ആര്‍ക്കും നല്‍കാതിരുന്നതെന്നും അമ്മ ആരോപിച്ചു.

കുഞ്ഞിന്റെ കൊലപാതകത്തില്‍ പ്രതി അഷ്‌കര്‍ കുറ്റം സമ്മതിച്ചിരുന്നു. സംഭവ ദിവസം ചോറ് നല്‍കുന്നതിനിടെ കുഞ്ഞ് കരഞ്ഞെന്നും കരച്ചില്‍ നിര്‍ത്താത്തതിനെ തുടര്‍ന്ന് തലയില്‍ ശക്തമായി അടിച്ചെന്നുമാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്. അടിയേറ്റ കുഞ്ഞിന്റെ ബോധം നഷ്ടമായെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞിരുന്നു. പ്രതിയുടെ മൊഴിയുടെയും കുഞ്ഞിന്റെ ശരീരത്തിലേറ്റ മുറിവുകളുടെയും അടിസ്ഥാനത്തില്‍ ദീര്‍ഘനാളായി ഇയാള്‍ കുഞ്ഞിനെ മര്‍ദ്ദിച്ചിരുന്നുവെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. കുഞ്ഞിന്റെ കൈകള്‍ ഒടിഞ്ഞത് പ്രതിയുടെ ആക്രമണത്തില്‍ ആണോ എന്ന് പൊലീസ് പരിശോധിച്ചുവരികയാണ്. കൊലപാതകത്തില്‍ അമ്മ അഖിലയുടെ പങ്കും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.

ഇക്കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം നടന്നത്. അഖില നൃത്തപരിപാടിക്കായി തമിഴ്‌നാട്ടില്‍ പോയ സമയത്തായിരുന്നു സംഭവം. ചോറ് കഴിക്കുന്നതിനിടയില്‍ ഛര്‍ദ്ദിച്ചുവെന്ന് പറഞ്ഞാണ് അഷ്‌കര്‍ കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചത്. പിന്നീട് കുഞ്ഞ് മരിക്കുകയായിരുന്നു. വിശദമായ ചോദ്യം ചെയ്യലിലാണ് പ്രതി അഷ്കർ കുറ്റം സമ്മതിച്ചത്.

Content Highlights- The grandmother of the child in the Nedumangad case has alleged that the child's mother was aware of the abuse.

dot image
To advertise here,contact us
dot image