

ഐപിഎൽ പുതിയ സീസൺ തുടങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, രാജസ്ഥാൻ റോയൽസിന്റെ ക്യാമ്പിൽ നിന്നുള്ള ഒരു വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമത്തിൽ വൈറലാകുന്നത്. ഇന്ത്യൻ ഓൾറൗണ്ടർ രവീന്ദ്ര ജഡേജയെ തൂക്കിയടിക്കുന്ന വൈഭവ് സൂര്യവംശിയും അതിൽ അമ്പരന്നു നിൽക്കുന്ന ജഡേജയെയുമാണ് വീഡിയോയിൽ കാണാനാകുന്നത്. സീനിയറെന്നോ പരിചയസമ്പന്നനായ വ്യക്തിയെന്നോ ഉള്ള ഭയമൊന്നും ഇല്ലാതെയാണ് താരത്തെ വൈഭവ് നേരിട്ടത്.
ക്രീസിന് പുറത്തേക്കിറങ്ങിയും റിവേഴ്സ് സ്വീപ്പ് കളിച്ചും വൈഭവ് ജഡേജയെ അക്ഷരാർത്ഥത്തിൽ ഞട്ടിച്ച് എന്ന് തന്നെ പറയണം. യുവതാരത്തിന്‍റെ കടന്നാക്രമണത്തിൽ അവിശ്വസനീയതയോടെ നോക്കിനിൽക്കുന്ന ജഡേജയെയും വീഡിയോയിൽ കാണാം. താരത്തിന്റെ അപ്പോഴുള്ള മുഖഭാവം ഇതിനോടകം ട്രോളന്മാർ ഏറ്റെടുത്തു കഴിഞ്ഞു.
ഇത്തവണത്തെ ഐപിഎൽ ലേലത്തിന് പിന്നാലെ നടന്ന വമ്പൻ ട്രേഡിലൂടെയാണ് രാജസ്ഥാൻ റോയൽസ് രവീന്ദ്ര ജഡേജയെ സ്വന്തമാക്കിയത്. ജഡേജയ്‌ക്കൊപ്പം സാം കറനെയും രാജസ്ഥാൻ തങ്ങളുടെ ടീം ക്യാപ്റ്റനും വിക്കറ്റ് കീപ്പർ ബാറ്ററുമായ സഞ്ജു സാംസണെ ചെന്നൈ സൂപ്പർ കിംഗ്‌സിന് നൽകികൊണ്ട് തട്ടകത്തിലെത്തിച്ചിരുന്നു. സഞ്ജുവിന്റെ വിടവ് നികത്താൻ ജഡേജ എത്തുമെന്ന് കരുതിയെങ്കിലും ടീമിനെ നയിക്കാനുള്ള നറുക്ക് വീണത് റിയാൻ പരാഗിനാണ്. ഈ മാറ്റങ്ങൾക്കിടയിൽ വൈഭവ് സൂര്യവംശിയുടെ ഈ തകർപ്പൻ ഫോം ആരാധകർക്ക് നൽകുന്ന പ്രതീക്ഷ വളരെ വലുതാണ്.
മാർച്ച് 28-നാണ് ഐപിഎൽ പുതിയ സീസണിന് തുടക്കമാകുന്നത്. ഈ മാസം 30-ന് ഗുവാഹത്തിയില്‍ വച്ചാണ് ചെന്നൈ സൂപ്പർ കിങ്‌സ് - രാജസ്ഥാൻ റോയൽസ് പോരാട്ടം.
Content highlight: Ravindra Jadeja stunned Vaibhav Sooryavanshi smashing in Rajasthan Royals nets goes viral