കായികാധ്യാപകൻ്റെ രാഷ്ട്രീയത്തെ ചൊല്ലി പോര്; ചന്ദ്രിക വാര്‍ത്ത ആയുധമാക്കി സരിന്‍, മറുപടിയുമായി നേതാക്കള്‍

2021ല്‍ ഒറ്റപ്പാലത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ച പി സരിനും അതേ മാനദണ്ഡം ബാധകമല്ലേയെന്ന് അഡ്വ. വസന്ത് സിറിയക്

കായികാധ്യാപകൻ്റെ രാഷ്ട്രീയത്തെ ചൊല്ലി പോര്; ചന്ദ്രിക വാര്‍ത്ത ആയുധമാക്കി സരിന്‍, മറുപടിയുമായി നേതാക്കള്‍
dot image

കോഴിക്കോട്: കായികമേളയില്‍ വിളമ്പിയ ഭക്ഷണത്തില്‍ പുഴുവിനെ കണ്ടെന്ന വിവാദത്തില്‍ അറസ്റ്റിലായ അധ്യാപകന്റെ രാഷ്ട്രീയ പശ്ചാത്തലം സംബന്ധിച്ച് സൈബര്‍ പോര്. അറസ്റ്റിലായ ജിജോ ജെയിംസ് 2020ല്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചതിന്റെ പ്രചാരണ പോസ്റ്റര്‍ പുറത്തുവന്നതോടെയാണ് സൈബര്‍ പോര് ശക്തമായത്. വേങ്ങൂര്‍ ഗ്രാമപഞ്ചായത്തില്‍ സ്ഥാനാര്‍ത്ഥിയായാണ് ജിജോ മത്സരിച്ചത്. പി സരിന്‍ ഉള്‍പ്പെടെയുള്ളവര്‍ ഇക്കാര്യം ഉയര്‍ത്തി കോണ്‍ഗ്രസിനെതിരെ കടന്നാക്രമിച്ച് രംഗത്തെത്തുകയായിരുന്നു.

പിന്നാലെ 2020ല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചുവെന്ന കാരണത്താല്‍ ഒരാളെ ആറ് വര്‍ഷങ്ങള്‍ക്കിപ്പുറവും കോണ്‍ഗ്രസുകാരനായി ചിത്രീകരിക്കാനാകുമോയെന്ന ചോദ്യം ഉയര്‍ത്തി കോണ്‍ഗ്രസ് നേതാക്കളും പ്രതിരോധം ഉയര്‍ത്തി. ജിജോ ജെയിംസ് പാര്‍ട്ടി വിട്ട് ഡിവൈഎഫ്‌ഐയില്‍ ചേര്‍ന്നയാളാണെന്നും കോണ്‍ഗ്രസ് നേതാക്കള്‍ അവകാശപ്പെടുന്നു. 'നേരിന്റെ പക്ഷത്തേക്ക് വന്ന പ്രിയ സഖാവ് ജിജോയ്ക്ക് അഭിവാദങ്ങള്‍' എന്ന നിബിന്‍ കെബി എന്നയാളുടെ കുറിപ്പ് പങ്കുവെച്ചാണ് കോണ്‍ഗ്രസ് നേതാക്കളുടെ പ്രതിരോധം.

2020ല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ചുവെന്ന കാരണത്താല്‍ ഒരാളെ ആറു വര്‍ഷങ്ങള്‍ക്കിപ്പുറവും കോണ്‍ഗ്രസുകാരനായി ചിത്രീകരിക്കുകയാണെങ്കില്‍, 2021ല്‍ ഒറ്റപ്പാലത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ച പി സരിനും അതേ മാനദണ്ഡം ബാധകമല്ലേയെന്ന് അഡ്വ. വസന്ത് സിറിയക് ചോദിച്ചു. സമാന ചോദ്യം ഉയര്‍ത്തി ഡോ. ജിന്റോ ജോണും രംഗത്തെത്തി. ജിജോ കോണ്‍ഗ്രസുകാരനാണെന്ന പ്രചരണം തെറ്റാണെന്നും ടി കെ ഹംസയും, പി സരിനും, കെ പി അനില്‍കുമാറും, ലതിക സുഭാഷും, പി എസ് പ്രശാന്തുമെല്ലാം ഒരുകാലത്ത് കോണ്‍ഗ്രസ്സായിരുന്നു എന്നുകരുതി ഇപ്പോള്‍ നില്‍ക്കുന്ന ലാവണത്തിനനുസരിച്ച് എന്തെങ്കിലും ചെയ്താല്‍ അതിന്റെ പാപഭാരം മുന്‍പ് പ്രവര്‍ത്തിച്ചിരുന്ന കോണ്‍ഗ്രസ് പാര്‍ട്ടിക്കല്ലെന്നും ജിന്റോ ജോണ്‍ പറഞ്ഞു. അഞ്ച് വര്‍ഷമായി ജിജോയ്ക്ക് കോണ്‍ഗ്രസ് പാര്‍ട്ടിയുമായോ പോഷക സംഘടനകളുമായോ യാതൊരു ബന്ധവുമില്ലെന്ന് വേങ്ങൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയും പ്രസ്താവനയിറക്കി. പെരുമ്പാവൂരിലെ കോണ്‍ഗ്രസ് പാര്‍ട്ടിയുമായി ജിജോയ്ക്ക് നിലവില്‍ ബന്ധമില്ലെന്നും 2021ല്‍ പാര്‍ട്ടിയെ തള്ളി ഡിവൈഎഫ്‌ഐയില്‍ ചേര്‍ന്നയാളാണെന്നുമാണ് പ്രസ്താവയില്‍ അവകാശപ്പെടുന്നത്.

അതിനിടെ ജിജോ സംഘടനയിലെ അംഗമാണെന്നത് വ്യാജ പ്രചരണമാണെന്ന് ഇടതുപക്ഷ അധ്യാപക സംഘടനയായ കെഎസ്ടിഎ വ്യക്തമാക്കി. വ്യാജ പ്രചാരണം അവസാനിപ്പിക്കണമെന്നും കെഎസ്ടിഎ ജനറല്‍ സെക്രട്ടറി പറഞ്ഞു. അറസ്റ്റിലായത് കോണ്‍ഗ്രസുകാരനാണെന്ന് പുറത്തായപ്പോള്‍ ലീഗ് മുഖപത്രവും മന്ത്രിയും അത് സിപിഐഎമ്മിന്റെ തലയില്‍ കെട്ടിവെയ്ക്കാന്‍ ശ്രമിച്ചെന്നായിരുന്നു സരിന്റെ വാദം. 'കായികോത്സവം കലക്കാനൊരുങ്ങിയ സഖാവ് പൊലീസ് പിടിയില്‍' എന്ന ചന്ദ്രികയുടെ വാര്‍ത്ത ചൂണ്ടിക്കാട്ടിയായിരുന്നു വിമര്‍ശനം

Content Highlights: A social media Conflict has erupted over the political background of the teacher arrested in connection with the controversy over alleged worms in food served at the Kerala State School Sports Meet.

dot image
To advertise here,contact us
dot image