

ഇന്ത്യന്‍ ടീമിലേക്കുള്ള തിരിച്ചുവരവ് താൻ ലക്ഷ്യമിട്ടിരുന്നില്ലെന്ന് വെറ്ററന്‍ ഫാസ്റ്റ് ബൗളര്‍ ഭുവനേശ്വര്‍ കുമാര്‍. 36-കാരനായ ഭുവി, ന്യൂസിലന്‍ഡിനെതിരായ നിലവിലെ ട്വന്റി20 പരമ്പരയ്ക്ക് ശേഷം ആഭ്യന്തര ക്രിക്കറ്റിലേക്ക് മടങ്ങിയെത്താന്‍ തയ്യാറെടുക്കുകയാണ്.
വെല്ലിംഗ്ടണില്‍ നടന്ന മൂന്നാം ടി20 മത്സരത്തിന് ശേഷമാണ് താരം മനസ് തുറന്നത്. 'സത്യം പറഞ്ഞാല്‍, ഞാന്‍ ഇന്ത്യന്‍ ടീമിലേക്കുള്ള തിരിച്ചുവരവ് ലക്ഷ്യമിട്ട് കളിച്ചതല്ല. എന്നാല്‍ രാജ്യത്തിനായി കളിക്കുക എന്നത് വലിയൊരു സ്വപ്നവും അഭിമാനവുമാണ്. തിരിച്ചുവരവ് സാധ്യമായതില്‍ എനിക്ക് വലിയ സന്തോഷമുണ്ട്. കഴിഞ്ഞ നാല് വര്‍ഷമായി എന്റെ മുന്നിലേക്ക് വന്ന മത്സരങ്ങളെയും വെല്ലുവിളികളെയും ഫിറ്റ്നസ് കാര്യങ്ങളെയും സ്വാഭാവികമായി സമീപിക്കുക മാത്രമാണ് ഞാന്‍ ചെയ്തത്. ആ ചിന്താഗതി കാര്യങ്ങള്‍ അനായാസമാക്കി. ഐപിഎല്ലിലെ പ്രകടനമാണ് ഈ തിരിച്ചുവരവിന് വഴിയൊരുക്കിയത്.' ഭുവനേശ്വര്‍ പറഞ്ഞു.
റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനായി കഴിഞ്ഞ രണ്ട് ഐ പി എല്‍ സീസണുകളില്‍ നടത്തിയ തകര്‍പ്പന്‍ പ്രകടനങ്ങളാണ് 2022 നവംബറിന് ശേഷം ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമിലേക്ക് വഴിതുറന്നത്.
ഐ പി എല്‍ 2025 സീസണില്‍ 17 വിക്കറ്റുകളും 2026 സീസണില്‍ 28 വിക്കറ്റുകളും വീഴ്ത്തി ആര്‍സിബിക്ക് തുടര്‍ച്ചയായി രണ്ട് കിരീടങ്ങള്‍ നേടിക്കൊടുക്കുന്നതില്‍ ഭുവനേശ്വര്‍ പ്രധാന പങ്ക് വഹിച്ചിരുന്നു. എന്നാല്‍ അന്താരാഷ്ട്ര ക്രിക്കറ്റിലേക്കുള്ള ഈ തിരിച്ചുവരവില്‍ ആദ്യ മൂന്ന് മത്സരങ്ങളില്‍ നിന്ന് 11.58 ഇക്കോണമിയില്‍ ഒരു വിക്കറ്റ് മാത്രമാണ് താരത്തിന് നേടാനായത്.
content highlights: bhuvneshwar kumar open to domestic cricket return